സൗദിയില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി; എല്ലാ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കും നിയമം ബാധകം

news-por

സൗദി: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമാക്കി സാംസ്‌കാരിക-വിനിമയ മന്ത്രാലയം ഉത്തരവ് പുറപ്പെടുവിച്ചു. നിയമം ഇന്നു മുതല്‍ പ്രാബല്യത്തില്‍ വന്നതായും മന്ത്രാലയം അറിയിച്ചു. എല്ലാ ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ക്കും നിയമം ബാധകമാണ്.

ഓണ്‍ലൈന്‍ പത്രങ്ങള്‍, ഏജന്‍സികള്‍, ടിവി ചാനലുകള്‍, റേഡിയോ സംപ്രേഷണം, ഇതര ഇലക്‌ട്രോണിക് മാധ്യമങ്ങള്‍ എന്നിവക്കെല്ലാം ലൈസന്‍സ് നിര്‍ബന്ധമാണ്. ഓണ്‍ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ക്കും ചാനലുകള്‍ക്കും ലൈസന്‍സ് നേടുന്നതിന് ആറ് മാസം സമയം അനുവദിച്ചു. നിശ്ചിത കാലാവധിക്കകം ലൈസന്‍സ് നേടാത്ത ന്യൂസ് പോര്‍ട്ടലുകളും ചാനലുകളും നിയമ ലംഘനം നടത്തിയാല്‍ ശിക്ഷാ നടപടി സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

ഓണ്‍ലൈന്‍ പത്രങ്ങളിലും ചാനലുകളിലും മാധ്യമപ്രവര്‍ത്തകരായി ജോലി ചെയ്യുന്നവര്‍ക്ക് സൗദി ജേര്‍ണലിസ്റ്റ് അസോസിയേഷനില്‍ അംഗത്വം ഉണ്ടായിരിക്കണം. ഇത് തെളിയിക്കുന്ന രേഖകള്‍ മന്ത്രാലയത്തിന് സമര്‍പ്പിക്കണം. ഓണ്‍ലൈന്‍ പ്രസിദ്ധീകരണ രംഗം വ്യവസ്ഥാപിതമാക്കുകയും പ്രൊഫഷനല്‍ മൂല്യങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുമാണ് നിയമം കര്‍ശനമാക്കുന്നത്. വ്യാജ വാര്‍ത്തകളും അപകീര്‍ത്തിപ്പെടുത്തുന്ന റിപ്പോര്‍ട്ടുകളും വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പുതിയ നിയമം നടപ്പിലാക്കാന്‍ മന്ത്രാലയം തീരുമാനിച്ചത്.

ഓണ്‍ലൈന്‍ പത്രങ്ങളുടെ എഡിറ്റര്‍ ഇന്‍ ചീഫ് ജേര്‍ണലിസം ബിരുദധാരികളായിരിക്കണം. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും പബ്ലിക് അതോറിറ്റി ജീവനക്കാര്‍ക്കും ഓണ്‍ലൈന്‍ പ്രസിദ്ധീകരണം തുടങ്ങാന്‍ അനുവദിക്കില്ല. ഓണ്‍ലൈന്‍ പത്രങ്ങള്‍ക്ക് ലൈസന്‍സ് നേടുന്നതിന് 23 വയസില്‍ കൂടുതല്‍ പ്രായമുളള മൂന്ന് സ്വദേശികള്‍ ഒരുമിച്ച് അപേക്ഷ സമര്‍പ്പിക്കണമെന്നും മന്ത്രാലയം വ്യക്തമാക്കി.

DONT MISS
Top