ടെക്ക് വമ്പന്മാരുടെ സുരക്ഷാ പഴുതടച്ച മലയാളി പയ്യനെ കുറിച്ച്

ഹേമന്ത് ജോസഫ്

ഹേമന്ത് ജോസഫ്

കാഞ്ഞിരപ്പള്ളി: ടെക്ക് ഭീമന്മാരെ തറപ്പറ്റിച്ച് വീണ്ടും മലയാളിയായ ഹേമന്ത് ജോസഫ് വാര്‍ത്തകളില്‍ നിറയുകയാണ്. ഹേമന്ത് ജോസഫിന് മുന്നില്‍ കീഴടങ്ങിയവരുടെ നിരയിലേക്ക് ട്വിറ്റര്‍, യാഹൂ, ബ്ളാക്ക്‌ബെറി, മൈക്രോസോഫ്റ്റ് എന്നിവര്‍ക്കൊപ്പം ഇപ്പോള്‍ ആപ്പിളും കടന്നെത്തിയിരിക്കുകയാണ്. അടുത്തിടെ ആപ്പിള്‍ പുറത്തിറക്കിയ ഐഒഎസ് 10.1 വേര്‍ഷനിലെ സുരക്ഷാ സംവിധാനങ്ങളെ തകര്‍ത്താണ് ഹേമന്ത് ജോസഫ് രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചത്.

ഡിജിറ്റല്‍ യുഗത്തില്‍ ലോക്ക് തുറക്കാന്‍ ഏത് ഹാക്കര്‍ക്കും സാധിക്കും എന്ന് ഒരു പക്ഷെ വാദമുയരാം. എന്നാല്‍ തകര്‍ത്തത് ആപ്പിളിനെയാകുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്. മറ്റ് ഉത്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഐഫോണുകളിലും, ഐപാടുകളിലും ആപ്പിള്‍ നല്‍കിയിട്ടുള്ള ആക്ടിവേഷന്‍ ലോക്ക് തകര്‍ക്കാന്‍ അത്ര എളുപ്പമല്ല. ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്കായി ഐഒഎസില്‍ നല്‍കിയിട്ടുള്ള ആക്ടിവേഷന്‍ ലോക്ക്, ആപ്പിളിന്റെ വിശ്വപ്രസിദ്ധ സുരക്ഷാ നയങ്ങളുടെ ഭാഗമാണ്. ആക്ടിവേഷന്‍ ലോക്ക് ഫീച്ചറിലൂടെ ഉടമസ്ഥന് മാത്രമാകും ഐഫോണ്‍, ഐപാട് ഉത്പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സജ്ജമാക്കിയ ആപ്പിള്‍ ഐഡികള്‍, ആപ്പിള്‍ സെക്യൂരിറ്റി സെര്‍വറുകളില്‍ ഭദ്രമാണ്. അതിനാലാണ് എഫ്ബിഐ, ആപ്പിളുമായി തുറന്ന പോരിലെത്തിയതും.

എന്തായാലും. ആപ്പിള്‍ അടുത്തിടെ കൊട്ടിഘോഷിച്ച് ഇറക്കിയ ഐഒഎസ് 10.1 വേര്‍ഷനില്‍ അധിഷ്ടിതമായ ഐപാടിന്റൈ സുരക്ഷാ സംവിധാനങ്ങളെ അലങ്കാര വസ്തുവാക്കിയാണ് ഹേമന്ത് ജോസഫ് ആപ്പിളിന് മുന്നറിയിപ്പ് നല്‍കിയത്.

കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എഞ്ചിനിയറിങ്ങ് കോളജിലെ അവസാന വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനിയറിങ്ങ് വിദ്യാര്‍ഥിയാണ് ഹേമന്ത് ജോസഫ്. പാലാ രാമപുരം സ്വദേശിയായ ഹേമന്ത് ജോസഫ്, നേരത്തെ ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്‌ഫോമിലെ സുരക്ഷാ പിഴവുകള്‍ കണ്ടത്തെിയതിനെ തുടര്‍ന്ന് രാജ്യാന്തര ശ്രദ്ധ വിളിച്ച് വരുത്തിയിരുന്നു. ഇതിന്റെ ഭാഗമായി ഹേമന്ത് ജോസഫിന് 7500 ഡോളര്‍ പാരിതോഷികം ഗൂഗിള്‍ അന്നത്തെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ജോസഫ് വാഴക്കല്‍- ആന്‍സി ജോസഫ് ദമ്പതികളുടെ മകനാണ് ഹേമന്ത് ജോസഫ്.

ഗൂഗിള്‍ ക്ലൗഡിലെ ഏതൊരു ഉപഭോക്താവിന്റെ അക്കൗണ്ടിലും കടന്നുകയറി നിയന്ത്രണമേറ്റെടുക്കാന്‍ സാധിക്കുന്ന പഴുത് ശ്രദ്ധയില്‍പ്പെടുത്തിയതോടെയാണ് ഗൂഗിള്‍ വള്‍നറബ്‌ളിറ്റി റിവാര്‍ഡ് പ്രോഗ്രാമിന്റെ ഭാഗമായി 7,500 ഡോളര്‍ ഹേമന്തിനെ തേടിയത്തെിയത്. പിന്നാലെ, ഹേമന്ത് ജോസഫിന്റെ മുന്നറിയിപ്പിനെ മാനിച്ച് ഗൂഗിള്‍, തങ്ങളുടെ സുരക്ഷാ പിഴവിനെ പരിഹരിച്ചു.

നിലവില്‍ സ്ലാഷ് സെക്യൂര്‍ എന്ന സ്ഥാപനത്തില്‍ ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ചറായി സേവനം അനുഷ്ടിക്കുന്ന ഹേമന്ത് ജോസഫ്, കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗത്തില്‍ കമ്മാന്‍ഡറാണ്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റിയായ 0SecCon ന്റെ സ്ഥാപകനും കൂടിയാണ് ഹേമന്ത് ജോസഫ്. പല പ്രമുഖ അന്തര്‍ദേശീയ കമ്പനികളും തങ്ങളുടെ സോഫ്ട് വെയറുകളിലെ സുരക്ഷാ ഭീഷണി അറിയാന്‍ ഹേമന്തിന് അയച്ചുകൊടുക്കാറുണ്ട്. യുഎസിലെ ടെലികോം ഭീമനായ എടി ആന്റ് ടി യുടെ അക്കൗണ്ടുകള്‍ ഹാക്ക് ചെയ്യാമെന്ന് കമ്പനിയെ ബോധ്യപ്പെടുത്തിയപ്പോള്‍ മുമ്പ് ഹേമന്തിന് പ്രതിഫലമായി 5000 ഡോളര്‍ ലഭിച്ചിരുന്നു. 47 ല്‍ പരം കമ്പനികള്‍ക്ക് ഹേമന്ത് ജോസഫ് എന്ന ചെറുപ്പക്കാരന്‍ ഇതിനകം തന്നെ വ്യത്യസ്ത രീതിയില്‍ സേവനങ്ങള്‍ നല്‍കി വരികയാണ്. ഇതില്‍ പ്രമുഖ സ്മാര്‍ട് വാച്ച് നിര്‍മാതാക്കളായ പെബഌം ഹേമന്ത് ജോസഫിന്റെ പിന്തുണ തേടിയിട്ടുണ്ട്. വിവിധ ടെക് ഭീമന്മാരില്‍നിന്ന് ഇതിനോടകം പത്തുലക്ഷം രൂപയിലധികം സമ്മാനത്തുകയായി ലഭിച്ചിട്ടുണ്ട്.

തങ്ങളുടെ സുരക്ഷാ നയങ്ങള്‍ക്ക് മുന്നില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആപ്പിളും, മൈക്രോസോഫ്റ്റും, ഗൂഗിളും ഒക്കെ ഹേമന്ത് ജോസഫിന് മുന്നില്‍ മുട്ടുമടക്കുമ്പോള്‍, ഡിജിറ്റല്‍ യുഗത്തില്‍ മലയാളിയുടെ മുന്നേറ്റത്തിന്റെ മറ്റൊരു അധ്യായമാണ് തുറന്നിരിക്കുന്നത്.

DONT MISS
Top