എഫ്ബിഐ തോറ്റിടത്ത് മലയാളി ജയിച്ചു; ആപ്പിളിനെ കീഴടക്കിയ ഹേമന്ത് ജോസഫ്

ഹേമന്ത് ജോസഫ്

ഹേമന്ത് ജോസഫ്

ന്യൂയോര്‍ക്ക്: മലയാളിക്ക് മുന്നില്‍ ഒടുവില്‍ ആപ്പിളും കീഴടങ്ങി. അമേരിക്കന്‍ സുരക്ഷാ ഏജന്‍സിയായ എഫ്ബിഐ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും കീഴടങ്ങാത്ത ആപ്പിളിനെ, ഹേമന്ത് ജോസഫ് എന്ന മലയാളി കീഴടക്കിയതാണ് ഇന്ന് ടെക്ക് ലോകം ഞെട്ടലോടെ ചര്‍ച്ച ചെയ്യുന്നത്. തങ്ങളുടെ സുരക്ഷാ നയങ്ങള്‍ക്ക് മുന്നില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറാകാത്ത ആപ്പിളും, മൈക്രോസോഫ്റ്റും, ഗൂഗിളും ഒക്കെ ഹേമന്ത് ജോസഫിന് മുന്നില്‍ മുട്ടുമടക്കുമ്പോള്‍, ഡിജിറ്റല്‍ യുഗത്തില്‍ മലയാളിയുടെ മുന്നേറ്റത്തിന്റെ മറ്റൊരു അധ്യായമാണ് തുറന്നിരിക്കുന്നത്.

അടുത്തിടെ ആപ്പിള്‍ പുറത്തിറക്കിയ ഐഒഎസ് 10.1 വേര്‍ഷനിലെ സുരക്ഷാ സംവിധാനങ്ങളെ തകര്‍ത്താണ് ഹേമന്ത് ജോസഫ് രാജ്യാന്തര സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചത്. ഡിജിറ്റല്‍ യുഗത്തില്‍ ലോക്ക് തുറക്കാന്‍ ഏത് ഹാക്കര്‍ക്കും സാധിക്കും എന്ന് ഒരു പക്ഷെ വാദമുയരാം. എന്നാല്‍ തകര്‍ത്തത് ആപ്പിളിനെയാകുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം വര്‍ധിക്കുന്നത്. മറ്റ് ഉത്പന്നങ്ങളില്‍ നിന്നും വ്യത്യസ്തമായി, ഐഫോണുകളിലും, ഐപാഡുകളിലും ആപ്പിള്‍ നല്‍കിയിട്ടുള്ള ആക്ടിവേഷന്‍ ലോക്ക് തകര്‍ക്കാന്‍ അത്ര എളുപ്പമല്ല. ഐഫോണ്‍, ഐപാഡ് ഉപയോക്താക്കള്‍ക്കായി ഐഒഎസില്‍ നല്‍കിയിട്ടുള്ള ആക്ടിവേഷന്‍ ലോക്ക്, ആപ്പിളിന്റെ വിശ്വപ്രസിദ്ധ സുരക്ഷാ നയങ്ങളുടെ ഭാഗമാണ്. ആക്ടിവേഷന്‍ ലോക്ക് ഫീച്ചറിലൂടെ ഉടമസ്ഥന് മാത്രമാകും ഐഫോണ്‍, ഐപാഡ് ഉത്പന്നങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ സാധിക്കുകയുള്ളൂ. ഇതിനായി സജ്ജമാക്കിയ ആപ്പിള്‍ ഐഡികള്‍, ആപ്പിള്‍ സെക്യൂരിറ്റി സെര്‍വറുകളില്‍ ഭദ്രമാണ്. അതിനാലാണ് എഫ്ബിഐ, ആപ്പിളുമായി തുറന്ന പോരിലെത്തിയതും.

ipad

എന്തായാലും. ആപ്പിള്‍ അടുത്തിടെ കൊട്ടിഘോഷിച്ച് ഇറക്കിയ ഐഒഎസ് 10.1 വേര്‍ഷനില്‍ അധിഷ്ടിതമായ ഐപാഡിന്റെ സുരക്ഷാ സംവിധാനങ്ങളെ അലങ്കാര വസ്തുവാക്കിയാണ് ഹേമന്ത് ജോസഫ് ആപ്പിളിന് മുന്നറിയിപ്പ് നല്‍കിയത്.

എങ്ങനെയാണ് ആപ്പിളിന്റെ ലോക്ക്ഡ് ഐപാഡിനെ ഹേമന്ത് ജോസഫ് കബളിപ്പിച്ചത്-

ലോക്ക്ഡ് ഐപാഡില്‍ കണ്ട പഴുതിനെ മുതലെടുത്താണ് ഹേമന്ത് ജോസഫ് ആപ്പിളിനെ തകര്‍ത്തത്. ലോക്ക്ഡ് സ്‌ക്രീനില്‍ വൈഫൈ നെറ്റ് വര്‍ക്ക് തെരഞ്ഞെടുക്കാനുള്ള ഒാപ്ഷനെ തെരഞ്ഞെടുത്ത ഹേമന്ത് ജോസഫ്, മറ്റ് നെറ്റ് വര്‍ക്കുകള്‍ എന്ന ഓപ്ഷന്‍ തെരഞ്ഞടുത്തതോടെ ആദ്യ കടമ്പ മറി കടക്കുകയായിരുന്നു. തുടര്‍ന്ന് ഏത് തരം നെറ്റ് വര്‍ക്കുമായി കണക്ട് ചെയ്യണമെന്ന ഐഒഎസിന്റെ ചോദ്യത്തിന് WPA2 ഓപ്ഷന്‍ തെരഞ്ഞെടുത്തതിലൂടെ, പേര്, യൂസര്‍നെയിം, പാസ് വേഡ് എന്നിവയ്ക്കായി മൂന്ന് ഇന്‍പുട്ട് ഫീല്‍ഡുകള്‍ ലഭിക്കുമെന്ന് ഹേമന്ത് ജോസഫ് കണ്ടെത്തി. ഇതോടെ രണ്ടാം കടമ്പയും ഹേമന്ത് ജോസഫ് കടന്നു.

തുടര്‍ന്നുള്ള പരിശോധനയില്‍, നെറ്റ് വര്‍ക്ക് കണക്ടവിറ്റിയ്ക്കായിയുളള മുന്ന് ഇന്‍പുട്ട് ഫീല്‍ഡുകളിലും ക്യാരക്ടര്‍ പരിധി ആപ്പിള്‍ നല്‍കിയിട്ടില്ല എന്ന കണ്ടെത്തലാണ് ആപ്പിളിനെ തകര്‍ക്കുന്നതില്‍ നിര്‍ണായകമായത്.

ipad

പിന്നാലെ ആയിരത്തിലധികം ക്യാരക്ടറുകളെ നിരന്തരം ടൈപ് ചെയ്ത ഹേമന്ത് ജോസഫ്, ഐഒഎസ് സോഫ്റ്റ് വെയറിനെ ഫ്രീസ് ചെയ്തു. തുടര്‍ന്ന് സ്‌ക്രീനിന് മേലുള്ള ആപ്പിളിന്റെ മാഗ്നറ്റിക് സ്മാര്‍ കവര്‍ അടച്ചുകൊണ്ട് ഐപാഡിനെ ഹേമന്ത് ജോസഫ് വീണ്ടും ലോക്ക് ചെയ്തു. സ്മാര്‍ട്ട് കവറിനെ ഒരിക്കല്‍ കൂടി തുറന്നപ്പോള്‍, സ്‌ക്രീന്‍ ലോക്ക് ചെയ്യപ്പെട്ടിരുന്നെങ്കിലും, നിമിഷങ്ങള്‍ക്കകം ഐഒഎസിന്റെ ഹോംസ്‌ക്രീനിലേക്ക് ഐപാട് എത്തുകയായിരുന്നു.

സ്മാര്‍ട്ട് കവര്‍ തുറന്നതിന് ശേഷം പ്രവര്‍ത്തിക്കുന്ന എെപാഡ്

സ്മാര്‍ട്ട് കവര്‍ തുറന്നതിന് ശേഷം പ്രവര്‍ത്തിക്കുന്ന എെപാഡ്

ഇതോടെ, ആപ്പിളിന്റെ വിശ്വപ്രസിദ്ധമായ സുരക്ഷാ പ്രതിബന്ധങ്ങളെ ഹേമന്ത് ജോസഫ് പരിഹസിച്ച് കൊണ്ട് ലോക്ക്ഡ് ഐപാഡിന് മേല്‍ പുര്‍ണ ആധിപത്യം സ്ഥാപിച്ചു.

എന്തായാലും, ഹേമന്ത് ജോസഫിന്റെ മുന്നറിയിപ്പിനെ മാനിച്ച് ആപ്പിള്‍ കഴിഞ്ഞയാഴ്ച ഇറക്കിയ അപ്‌ഡേറ്റില്‍ സുരക്ഷാ പാളിച്ചയെ പരിഹരിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

നിലവില്‍ സ്ലാഷ് സെക്യൂര്‍ എന്ന സ്ഥാപനത്തില്‍ ഇന്‍ഫോര്‍മേഷന്‍ സെക്യൂരിറ്റി റിസര്‍ച്ചറായി സേവനം അനുഷ്ടിക്കുന്ന ഹേമന്ത് ജോസഫ്, കേരള പോലീസിന്റെ സൈബര്‍ ഡോം വിഭാഗത്തില്‍ കമ്മാന്‍ഡറാണ്. വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ സെക്യൂരിറ്റി കമ്മ്യൂണിറ്റിയായ 0SecCon ന്റെ സ്ഥാപകനും കൂടിയാണ് ഹേമന്ത് ജോസഫ്.

നേരത്തെ, ഗൂഗിള്‍ ക്ലൗഡ് പ്ലാറ്റ്‌ഫോമിലും ഹേമന്ത് ജോസഫ് സുരക്ഷാ പാളിച്ചയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഗൂഗിളിന്റെ ഹാള്‍ ഓഫ് ഫെയിം പട്ടികയില്‍ ഹേമന്ത് ജോസഫ് ഇടം പിടിച്ചിരുന്നു.

DONT MISS
Top