മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ : സൈന നെഹ്‌വാള്‍ ക്വാര്‍ട്ടറില്‍ പുറത്ത്

saina

സൈന നെഹ്‌വാള്‍

മക്കാവു: മക്കാവു ഓപ്പണ്‍ ബാഡ്മിന്റണ്‍ ഗ്രാന്‍പ്രീയില്‍നിന്ന് ഇന്ത്യന്‍ താരം സൈന നെഹ്‌വാള്‍ പുറത്ത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ചൈനയുടെ സാങ് യി മാനോടാണ് സൈന തോല്‍വി വഴങ്ങിയത്. നേരിട്ടുള്ള സെറ്റുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍: 12-21, 17-21.

34 മിനുട്ട് നീണ്ട മല്‍സരത്തില്‍ സൈന തീര്‍ത്തും നിറം മങ്ങിയ പ്രകടനമാണ് കാഴ്ചവെച്ചത്. ആദ്യറൗണ്ടില്‍ ചൈനീസ് താരം സൈനയ്ക്കുമേല്‍ മികച്ച ആധിപത്യം നേടി.

എന്നാല്‍ രണ്ടാം റൗണ്ടില്‍ തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണിച്ച സൈന തുടക്കത്തില്‍ അഞ്ചുപോയിന്റിന്റെ ലീഡ് നേടി. എന്നാല്‍ മല്‍സരത്തിലേക്ക് ശക്തമായി തിരിച്ചുവന്ന സാങ് യി മാനു മുന്നില്‍ സൈനയ്ക്ക് പിടിച്ചുനില്‍ക്കാനായില്ല.

പ്രീ ക്വാര്‍ട്ടറില്‍ ഇന്തോനേഷ്യയുടെ ദിനര്‍ ദയാഹ് ആയുസ്റ്റിനെ വാശിയേറിയ പോരാട്ടത്തില്‍ കീഴടക്കിയാണ് സൈന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നത്.

കഴിഞ്ഞ ആഗസ്തില്‍ ശസ്ത്രക്രിയയ്ക്ക് വിധേയയായ സൈന കളിക്കളത്തില്‍ തിരിച്ചെത്തിയശേഷം ഇതുവരെ മേജര്‍ ടൂര്‍ണമെന്റുകളില്‍ മികച്ച പ്രകടനം നടത്താനായിട്ടില്ല. ചൈന ഓപ്പണില്‍ ആദ്യ റൗണ്ടില്‍ പുറത്തായ സൈനയ്ക്ക് ഹോങ്കോങ് ഓപ്പണിലും ക്വാര്‍ട്ടറിനപ്പുറം പോകാനായില്ല.

DONT MISS
Top