ഇന്ധനം കുറഞ്ഞിട്ടും വിമാനത്തിന് ലാന്‍ഡിംഗ് അനുമതി നല്‍കിയില്ല; മമത ബാനര്‍ജിയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നുവെന്ന് ആരോപണം

mamta

മമത ബാനര്‍ജി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയെ ഇല്ലാതാക്കാന്‍ ശ്രമം നടന്നതായി ആരോപണം. മുതിര്‍ന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും, നഗരവികസന വകുപ്പ് മന്ത്രിയുമായ ഫിര്‍ഹാദ് ഹക്കീം ആണ് ആരോപണം ഉന്നയിച്ചിരിക്കുന്നത്. മമത സഞ്ചരിച്ച വിമാനത്തിന് ലാന്‍ഡ് ചെയ്യാനുള്ള അനുമതി വൈകിപ്പിച്ചതാണ് ആരോപണത്തിന് കാരണം.

പാട്‌നയില്‍ നിന്നും 7.35ഓടെ പറന്നുയര്‍ന്ന വിമാനം 9 മണിയോടെയാണ് കൊല്‍ക്കത്തയില്‍ ലാന്‍ഡ് ചെയ്തത്. അര മണിക്കൂറോളം ആകാശത്ത് പറന്നതിന് ശേഷമായിരുന്നു വിമാനം ലാന്‍ഡ് ചെയ്തത്. സാങ്കേതിക തകരാര്‍ എന്നതായിരുന്നു വിമാനത്താവള അധികൃതര്‍ നല്‍കിയ വിശദീകരണം. എന്നാല്‍ ലാന്‍ഡിംഗ് വൈകിപ്പിച്ചത് മമതയെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗാമായാണെന്നാണ് ഫിര്‍ഹാദിന്റെ വാദം.

വിമാനം അഞ്ച് മിനുറ്റിനുള്ളില്‍ ലാന്‍ഡ് ചെയ്യുമെന്ന് കൊല്‍ക്കത്തയില്‍ എത്തുന്നതിന് 180 കിലോമീറ്റര്‍ മുന്‍പെ തന്നെ പൈലറ്റ് അറിയിച്ചിരുന്നു. ഇന്ധനം കുറഞ്ഞതിനെത്തുടര്‍ന്നായിരുന്നു പൈലറ്റ് ലാന്‍ഡിംഗിന് അനുമതി തേടിയത്. എന്നിട്ടും പൈലറ്റിന് ലാന്‍ഡിംഗിനുള്ള അനുമതി നല്‍കിയില്ലെന്നും ഫിര്‍ഹാദ് ആരോപിച്ചു. നോട്ട് നിരോധിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ പ്രക്ഷേഭങ്ങള്‍ സംഘടിപ്പിക്കുന്നത് കൊണ്ടാണ് മമതയെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ നോട്ട് നിരോധനത്തിനെതിരെ മമത ബാനര്‍ജി ആഞ്ഞടിച്ചിരുന്നു.
നോട്ട് നിരോധിക്കല്‍ തീരുമാനം പിന്‍വലിച്ചില്ലെങ്കില്‍ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധം നടത്തുമെന്നും നരേന്ദ്രമോദിയെ പ്രധാനമന്ത്രി സ്ഥാനത്ത് നിന്നും പുറത്താക്കുന്നത് വരെ പോരാട്ടം തുടരുമെന്നും മമത പ്രഖ്യാപിച്ചിരുന്നു. ബിജെപി എംഎല്‍എമാരുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ വെളിപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടും മമത രംഗത്തെത്തിയിരുന്നു.

DONT MISS
Top