‘ഇയാള് തള്ളി സുനാമി ഉണ്ടാക്കും’; വിശ്വാസികളുടെ ചലനങ്ങളെ വിരല്‍തുമ്പു കൊണ്ട് നിയന്ത്രിക്കുന്ന പ്രഭാഷകന് നവമാധ്യമങ്ങളില്‍ ‘വന്‍സ്വീകരണം’

h

ചെന്നൈ: വിശ്വാസികളെ പറ്റിക്കുന്ന ജിന്നുകളും മന്ത്രവാദികളും പുരോഹിതന്മാരും ജാതിമത ഭേദമില്ലാതെ പരിസരങ്ങളില്‍ കൊടികുത്തിവാഴുകയാണ്. ദൈവത്തോട് തങ്ങള്‍ അടുത്ത് കിടക്കുന്നുവെന്നും എന്ത് കാര്യം സാധിക്കണമെങ്കിലും തങ്ങള്‍ മധ്യസ്ഥം വഹിച്ചു കൊള്ളാമെന്നുമുള്ള ഇത്തരക്കാരുടെ ചതികളില്‍ വിശ്വാസികള്‍ കണ്ണുംപൂട്ടി വീണുപോകുന്നു. ദൈവത്തിന്റെ തോളില്‍ കൈയിട്ട് നടന്ന് ഇപ്പോ പിരിഞ്ഞതെയുള്ളു എന്ന ഭാവത്തില്‍ പ്രസംഗിച്ച് വിശ്വാസികളെ പറ്റിക്കുന്ന മറ്റൊരു മതപ്രഭാഷകനാണ് ഇവിടെ വിഷയം.

ചുറ്റിനും കൂടിയിരുക്കുന്ന വിശ്വാസികളെ തന്റെ നഗ്‌നകരങ്ങള്‍ കൊണ്ട് നിയന്ത്രിച്ച് തന്റെ ഇഷ്ടത്തിനനുസരിച്ച് ചലിപ്പിക്കുന്ന പ്രഭാഷകന്റെ വീഡിയോയാണ് നവമാധ്യമങ്ങളില്‍ ചര്‍ച്ചയായി മാറിയത്. കാണികളുടെ ചലനങ്ങളെ നിയന്ത്രിച്ച് അവരെ യഥേഷ്ടം ഓടിക്കുകയും വട്ടം കറക്കുകയും വെട്ടിയിടതുപോലെ ബോധം കെടുത്തുകയുമെല്ലാം ചെയ്യുകയാണ് ഇയാള്‍. തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ രംഗങ്ങളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്.

ഈ പ്രഭാഷകനായിരിക്കാം സുനാമിക്ക് പിന്നിലെന്ന സംശയമാണ് ഇപ്പോള്‍ നവമാധ്യമങ്ങള്‍ പങ്കുവെക്കുന്നത്. സ്റ്റേജില്‍ വെള്ളയും വെള്ളയും വസ്ത്രങ്ങള്‍ ധരിച്ച് നില്‍ക്കുന്ന പ്രഭാഷകന്റെ കൈയുടെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് ചുറ്റും കൂടിയിരിക്കുന്ന ആള്‍ക്കാര്‍ ചലിക്കുന്നത്. പ്രഭാഷകന്‍ ഇടത്തോട്ട് കൈകൊണ്ട് ആംഗ്യം കാണിക്കുമ്പോള്‍ വിശ്വാസികളും ഇടത്തോട്ട് പോകുന്നു. വലത്തോട്ട് കാണിക്കുമ്പോള്‍ വലത്തോട്ടും. ചെങ്കടല്‍ പിളര്‍ന്ന മോശയുടെ മഹാത്ഭുതത്തേയും ഓര്‍മിപ്പിക്കുന്ന തരത്തില്‍ ജനക്കൂട്ടത്തെ ഇരുഭാഗങ്ങളിലേക്കും പ്രഭാഷകന്‍ പിളര്‍ന്നു മാറ്റുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ഈ പ്രഭാഷകന്റെ മുന്‍കാല ‘ചെയ്തികളുടെ’ ദൃശ്യങ്ങള്‍ നേരത്തേയും നവമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

അന്നത്തെ ദൃശ്യങ്ങളില്‍ കൂടുതലും സ്ത്രീകളായിരുന്നു ഇയാളുടെ ഇര. സ്ത്രീകള്‍ വട്ടംകറങ്ങലും ഓട്ടവുമൊക്കെയായി നിറഞ്ഞു നിന്ന ദൃശ്യങ്ങളെ ട്രോള്‍ പേജുകള്‍ ആഘോഷമാക്കിയിരുന്നു. മസ്സിലുപിടിച്ച് നിന്ന ആണുങ്ങളുടെ കൂട്ടം വെട്ടിയിട്ട വാഴത്തടി പോലെ ബോധം കെട്ട് വീഴുന്നതും പ്രഭാഷകന്‍ കാട്ടുന്ന അത്ഭുതങ്ങളില്‍ ചിലതാണ്.

ദൂരെ നിന്നുമുള്ള നിയന്ത്രണത്തിന് ശേഷം അടുത്ത് തൊട്ടുകൊണ്ട് ആളുകളെ ബോധം കെടുത്തുന്നതും ഇയാളുടെ മറ്റൊരു കുസൃതി. ഓരോരുത്തരയായി തന്റെ കൈ കൊണ്ട് അനായാസം അബോധാവസ്ഥയിലേക്ക് തള്ളിവിടുകയാണ് കക്ഷി. ഈ തള്ളുകള്‍ക്ക് ശേഷമാണ് ആള്‍ക്കൂട്ടത്തെ ഒന്നടങ്കം തള്ളി മുന്നേറുന്ന പ്രഭാഷകന്റെ പുതിയ വീഡിയോയും പ്രചരിക്കുന്നത്.

DONT MISS
Top