അടുത്ത വര്‍ഷം 10000 കോടി ഡോളറിന്റെ ആഭ്യന്തരനിക്ഷേപം ഓഹരി വിപണിയില്‍ ഉണ്ടാകുമെന്ന് റിപ്പോര്‍ട്ട്

share-market

ദില്ലി: അടുത്തവര്‍ഷം 10000 കോടി ഡോളറിന്റെ ആഭ്യന്തരനിക്ഷേപം ഓഹരി വിപണിയിലേക്ക് എത്തുമെന്ന് റിപ്പോര്‍ട്ട്. നോട്ടുഅസാധുവാക്കലിന് പിന്നാലെ വിവിധ ബാങ്കുകള്‍ നിക്ഷേപത്തിന്റെ പലിശനിരക്ക് വെട്ടിക്കുറച്ചത് ഓഹരി വിപണിയെ കൂടുതല്‍ ആകര്‍ഷണീയമാക്കുമെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

നടപ്പുവര്‍ഷം ഓഹരി വിപണിയുടെ അടിത്തറ ശക്തിപ്പെടുത്തുന്ന നിലയില്‍ ആഭ്യന്തരനിക്ഷേപം മെച്ചപ്പെട്ടുവരികയാണ്. ഓഹരികളിലെ നേരിട്ടുളള നിക്ഷേപവും, മ്യൂച്ചല്‍ ഫണ്ട് നിക്ഷേപവും മെച്ചപ്പെട്ടുവരുന്നുവെന്നതാണ് സാരം. ഇതിനിടെ കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടി ഓഹരി വിപണിയിലെ ആഭ്യന്തര നിക്ഷേപം ഉയരാന്‍ സഹായകമാകുമെന്നാണ് അനുമാനം. അടുത്തവര്‍ഷം 10000 കോടി ഡോളര്‍ മൂല്യം വരുന്ന ആഭ്യന്തര നിക്ഷേപം ഓഹരി വിപണിയിലേക്ക് ഒഴുകിയാലും തെറ്റുപറയാന്‍ കഴിയില്ലെന്ന് വിവിധ റിപ്പോര്‍ട്ടുകള്‍ ചൂണ്ടികാണിക്കുന്നു. നിലവില്‍ ഇത് 2500 കോടി ഡോളറാണ്. നോട്ട് അസാധുവാക്കല്‍ നടപടിയെ തുടര്‍ന്ന് ബാങ്കുകളില്‍ നിക്ഷേപം കൂട്ടുകൂടുകയാണ്. ഇതിന്റെ അടിസ്ഥാനത്തില്‍ വിവിധ ബാങ്കുകള്‍ നിക്ഷേപനിരക്ക് വെട്ടിച്ചുരുക്കുകയുണ്ടായി. പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ നിക്ഷേപനിരക്കില്‍ 15 അടിസ്ഥാനനിരക്ക് മുതല്‍ 25 അടിസ്ഥാനനിരക്ക് വരെയാണ് കുറവ് വരുത്തിയത്. സമാനമായ നടപടിയാണ് മറ്റു പൊതുമേഖല ബാങ്കുകളും സ്വീകരിച്ചത്.

ഇതോടെ ബാങ്ക് നിക്ഷേപം സമീപഭാവിയില്‍ തന്നെ അത്ര ആകര്‍ഷണീയമായ നിക്ഷേപ മാര്‍ഗ്ഗമല്ലാതെയായി മാറുമെന്ന് വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നു. ഇതിന്റെ പ്രതിഫലനമെന്നോണം ഓഹരി വിപണി പോലുളള ആകര്‍ഷണീയമായ മറ്റു നിക്ഷേപമാര്‍ഗ്ഗങ്ങളിലേക്ക് നിക്ഷേപകര്‍ തിരിയുമെന്ന് ഇവര്‍ പ്രതീക്ഷിക്കുന്നു. ബാങ്ക് നിക്ഷേപത്തെക്കാള്‍ കൂടുതല്‍ നേട്ടം ലഭിക്കുമെന്ന വാദങ്ങള്‍ മുന്‍നിര്‍ത്തിയായിരിക്കും ഇത്തരം നിക്ഷേപങ്ങള്‍. ഇതിന് പുറമേ പുതിയ സാഹചര്യത്തില്‍ മറ്റു നിക്ഷേപമാര്‍ഗ്ഗങ്ങളായ സ്വര്‍ണത്തിന്റെയും, റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകളുടെയും ആകര്‍ഷണീയതയ്ക്കും മങ്ങലേറ്റു. ഇതും ഓഹരി വിപണിക്ക് പ്രയോജനകരമാകുമെന്ന് വിപണി വിദഗ്ധര്‍ കണക്കുകൂട്ടുന്നു. നവംബറില്‍ മാത്രം ആഭ്യന്തരനിക്ഷേപകരുടെ മ്യൂച്ചല്‍ ഫണ്ട് നിക്ഷേപം 12000 കോടി രൂപയാണ്. ഇത് ഈ വര്‍ഷം ഒരു മാസത്തില്‍ രേഖപ്പെടുത്തുന്ന രണ്ടാമത്തെ വലിയ നിക്ഷേപമാണ്.

DONT MISS
Top