ഡിസംബര്‍ രണ്ടിന് തമിഴ്‌നാട്ടില്‍ ചുഴലിക്കാറ്റ് വീശുമെന്ന് മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ്; കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: തമിഴ്‌നാട്ടില്‍ ശക്തമായ ചുഴലിക്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഡിസംബര്‍ രണ്ടോടെ തമിഴ്‌നാട്ടിലെ വേദാരണ്യത്തിനും ചെന്നൈയ്ക്കും ഇടയില്‍ ചുഴലിക്കാറ്റ് വീശുമെന്ന് ഇന്ത്യ മെട്രോളജിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റ് അറിയിച്ചു.

ഇന്ത്യ മെട്രോളജിക്കാല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ സൈക്ലോണ്‍ വാര്‍ണിങ്ങ് ഡിവിഷന്റെ റിപ്പോര്‍ട്ട് പ്രകാരം, ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദം രൂപപ്പെട്ടതായി ഉപഗ്രഹ ചിത്രങ്ങള്‍ വ്യക്തമാക്കുന്നു. നിലവില്‍ ചെന്നൈയില്‍ നിന്നും 1070 കിലോമീറ്റര്‍ അകലെയുള്ള തെക്ക്-കിഴക്കന്‍ മേഖലയിലും, പുതുച്ചേരിയില്‍ നിന്നും 720 കിലോമീറ്റര്‍ അകലെ തെക്ക്-കിഴക്കുമായാണ് ന്യൂനമര്‍ദ്ദം രൂപപ്പെട്ട് വരുന്നത്.

അടുത്ത 24 മണിക്കൂറിനുള്ളില്‍ ന്യൂനമര്‍ദ്ദം, പശ്ചിമ ദിശയിലേക്ക് സഞ്ചരിക്കുമെന്നും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരപ്പെടുമെന്നും ഐഎംഡിയുടെ പ്രസ്താവനയില്‍ പറയുന്നു. ഡിസംബര്‍ രണ്ടോടെ തമിഴ്‌നാടിന്റെ വടക്കന്‍ മേഖലയായ വേദാരണ്യത്തിനും ചെന്നൈയ്ക്കും ഇടയിലാകും ചുഴലിക്കാറ്റ് വീശുകയെന്ന് ഐഎംഡിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

നവംബര്‍ 30 മുതല്‍ തമിഴ്‌നാടിന്റെയും പുതുച്ചേരിയുടെയും തീരദേശ മേഖലയിലുള്ളവര്‍ മത്സ്യബന്ധനത്തിന് പോകരുതെന്ന് ഐഎംഡി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അതേസമയം നവംബര്‍ 30 ന് തമിഴ്‌നാടിന്റെ തീരദേശ മേഖലയില്‍ ചുഴലിക്കാറ്റിന് മുന്നോടിയായി മഴയുണ്ടാകുമെന്നും ഐഎംഡി നിരീക്ഷിച്ചിട്ടുണ്ട്.

തമിഴ്‌നാടിനൊപ്പം, ഡിംസബര്‍ 2, 3 തിയ്യതികളില്‍ കേരളത്തിലും ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന് ഐഎംഡി അറിയിച്ചിട്ടുണ്ട്.

DONT MISS
Top