ആശങ്ക അവസാനിക്കുന്നില്ല; ചൈനയുമായുളള ഇന്ത്യയുടെ വ്യാപാരകമ്മി ഉയര്‍ന്നതായി നിര്‍മ്മല സീതാരാമന്‍

nirmmala

ദില്ലി: ചൈനയുമായുളള ഇന്ത്യയുടെ വ്യാപാരകമ്മി ഉയര്‍ന്നതായി കേന്ദ്രവാണിജ്യ മന്ത്രി നിര്‍മ്മല സീതാരാമന്‍. കഴിഞ്ഞ സാമ്പത്തികവര്‍ഷത്തില്‍ വ്യാപാരകമ്മി 5269 കോടി ഡോളറായിട്ടാണ് ഉയര്‍ന്നത്. അതേസമയം ആഗോളതലത്തില്‍ വളര്‍ച്ച മന്ദഗതിയിലായെങ്കിലും, നടപ്പുസാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ ഇന്ത്യ 7.1 ശതമാനം സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തിയതായി നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു

ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ് വ്യവസ്ഥയായ ചൈനയുമായുളള വ്യാപാരകമ്മി ഓരോ വര്‍ഷവും ഉയര്‍ന്നുവരുന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നതാണ്. ഈ ആശങ്കയ്ക്ക് മാറ്റമില്ലെന്ന് തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. 2014-15 സാമ്പത്തികവര്‍ഷം ഇന്ത്യയുടെ വ്യാപാരകമ്മി 4848 കോടി ഡോളറായിരുന്നു. ഇത് കഴിഞ്ഞ സാമ്പത്തികവര്‍ഷം 5269 കോടി ഡോളറായി ഉയര്‍ന്നതായി വാണിജ്യമന്ത്രി നിര്‍മ്മല സീതാരാമന്‍ വ്യക്തമാക്കി.

നടപ്പുസാമ്പത്തിക ആദ്യ ആറുമാസത്തില്‍ വ്യാപാരകമ്മി 2522 കോടി ഡോളറാണ്. നിര്‍മ്മിതോല്‍പ്പന്നങ്ങളുടെ ഇറക്കുമതി ഉയര്‍ന്നതാണ് മുഖ്യമായി വ്യാപാരകമ്മി ഉയരാന്‍ കാരണമെന്ന് നിര്‍മ്മലാ സീതാരാമന്‍ ലോക്‌സഭയെ രേഖാമൂലം അറിയിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം വികസിക്കുന്ന ടെലികോം, ഊര്‍ജ്ജ മേഖലയുടെ വര്‍ധിച്ച ആവശ്യകത പരിഹരിക്കാനാണ് ചൈനയെ മുഖ്യമായി ആശ്രയിച്ചത്. അതേസമയം നടപ്പുസാമ്പത്തികവര്‍ഷത്തിന്റെ ആദ്യ ആറുമാസത്തില്‍ ഇന്ത്യ 7.1 ശതമാനം സാമ്പത്തികവളര്‍ച്ച രേഖപ്പെടുത്തിയതായി നിര്‍മ്മല സീതാരാമന്‍ കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ വളര്‍ച്ച മന്ദഗതിയിലാണ്. ഈ പശ്ചാത്തലത്തിലും ഇന്ത്യയ്ക്ക് മെച്ചപ്പെട്ട വളര്‍ച്ച രേഖപ്പെടുത്താന്‍ സാധിച്ചതായി അവര്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം ഇന്ത്യ 7.6 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. 2014-15 സാമ്പത്തികവര്‍ഷത്തില്‍ ഇത് 7.2 ശതമാനമായിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ വ്യാവസായികോല്‍പ്പാദനം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിച്ചുവരുകയാണെന്നും മന്ത്രി പറഞ്ഞു.

DONT MISS
Top