സൗദിയില്‍ സുരക്ഷാ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ ഭീകരനെ പൊലീസ് അറസ്റ്റ് ചെയ്തു

arrested

പ്രതീകാത്മ ചിത്രം

റിയാദ്: സൗദിയിലെ തബൂക്കില്‍ സൈനിക ഉദ്യോഗസ്ഥനെ കാറില്‍ വെടിവെച്ച് കൊലപ്പെടുത്തിയ ഭീകരനെ അറസ്റ്റ് ചെയ്തു. സംഭവവുമായി ബന്ധമുളള ഏഴ് പ്രതികളെ കസ്റ്റഡിയിലെടുത്തതായും ആഭ്യന്തര മന്ത്രാലയം വക്താവ് മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി അറിയിച്ചു.  ഈ മാസം 20ന് തബൂക് റിംഗ് റോഡില്‍ സ്വന്തം കാറില്‍ സഞ്ചരിക്കവെ സൈനിക ഉദ്യോഗസ്ഥന്‍ അബ്ദുല്ല ബിന്‍ നാസിര്‍ അല്‍റശീദിയാണ് വെടിയേറ്റ് മരിച്ചത്.

ആക്രമണം നടത്തിയതില്‍ പങ്കാളിയായ സൗദി പൗരന്‍ ഹായില്‍ ബിന്‍ സഅല്‍ ബിന്‍ മുഹമ്മദ് അല്‍അതവിയെ മൂന്നു ദിവസത്തിനകം സുരക്ഷാ വകുപ്പു അറസ്റ്റ് ചെയ്തിരുന്നു. കൃത്യം നടത്തുന്നതിന് ഉപയോഗിച്ച തോക്ക് അന്വേഷണ സംഘം കണ്ടെടുത്തി. ഇതില്‍ നിന്നുള്ള വെടിയേറ്റാണ് സൈനിക ഉദ്യോഗസ്ഥന്‍ മരിച്ചതെന്ന് ശാസ്ത്രീയ പരിശോധനയില്‍ തെളിഞ്ഞു.

ആക്രമണത്തിലും ഗുഢാലോചനയിലും പങ്കുളള ഏഴ് പ്രതികളെ അറസ്റ്റ് ചെയ്തതായും ആഭ്യന്തര മന്ത്രാലയം വക്താവ്  മേജര്‍ ജനറല്‍ മന്‍സൂര്‍ അല്‍തുര്‍ക്കി വ്യക്തമാക്കി. സൗദിയിലെ സൈനിക, സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ ആക്രമണം നടത്തണമെന്ന ഇസ്‌ലാമിക് സ്‌റ്റേറ്റ് ആഹ്വാനം അനുസരിച്ചാണ് സൈനികനെ വെടിവെച്ച് കൊലപ്പെടുത്തിയതെന്ന് പിടിയിലായ ഭീകരന്‍ പൊലീസിനോടു പറഞ്ഞു. കൂടുതല്‍ അന്വേഷണം തുടരുകയാണെന്നും ആഭ്യന്തര മന്ത്രാലയം വക്താവ് പറഞ്ഞു.

DONT MISS
Top