‘എക്‌സ്പ്രസ് വൈഫൈ’യുമായി ഫെയ്‌സ്ബുക്ക് എത്തി; ഇനി ഇന്റര്‍നെറ്റ് ഒരു പ്രശ്‌നമാകില്ലെന്ന് ഫെയ്‌സ്ബുക്ക്

facbook

ദില്ലി: ഫെയ്‌സ്ബുക്കിന്റെ ഫ്രീ ബേസിക്‌സ് എന്ന ആശയത്തിന് തിരിച്ചടി നേരിട്ടെങ്കിലും അത്ര പെട്ടെന്ന് വിട്ടുകൊടുക്കാന്‍ അവര്‍ തയ്യാറല്ല. ഇത്തവണ പൊതു വൈഫൈ എന്ന ആശയത്തെ മുന്‍നിര്‍ത്തി ഉള്‍പ്രദേശങ്ങളില്‍ അടക്കം ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കുന്ന എക്‌സ്പ്രസ് വൈഫൈ പ്രോജക്ടിന്റെ പരീക്ഷണം ഇന്ത്യയില്‍ ഫെയ്‌സ്ബുക്ക് ആരംഭിച്ചു. ഫെയ്‌സ്ബുക്ക് ഒരിക്കല്‍ മുന്നോട്ട് വച്ച ഫ്രീ ബേസിക്ക്‌സ് എന്ന ആശയത്തിന് സമാനമായി സൗജന്യ ഇന്റര്‍നെറ്റ് ഇന്ത്യയില്‍ മിക്കയിടങ്ങളിലും ആരംഭിച്ചിരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് ഫെയ്‌സ്ബുക്കിന്റെ പുതിയ നീക്കം.

ഇന്റര്‍നെറ്റ്.ഓആര്‍ജി എന്ന ഫെയ്‌സ്ബുക്കിന് കീഴിലുള്ള പേജിലൂടെയാണ്, എക്‌സ്പ്രസ് വൈഫൈ പ്രോജക്ട് ഇന്ത്യയില്‍ സജീവമായതായി അറിയിച്ചിട്ടുള്ളത്. ഉള്‍പ്രദേശങ്ങളില്‍ കണക്ടിവിറ്റി സൗകര്യം ഉറപ്പ് വരുത്താനായി നിലവില്‍ നെറ്റ് വര്‍ക്ക് കാരിയര്‍മാരുമായും ഇന്റര്‍നെറ്റ് സേവന ദാതാക്കളുമായും പ്രാദേശിക സംരഭകരുമായും ചേര്‍ന്നാണ് എക്‌സ്പ്രസ് വൈഫൈ പ്രവര്‍ത്തിക്കുന്നതെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ഫ്രീ ബേസിക്‌സ് പോലെ, ഏതാനും ചില വെബ് സൈറ്റുകളിലേക്ക് മാത്രമാകുമോ വൈഫൈ ഇന്റര്‍നെറ്റ് സേവനം ലഭിക്കുക എന്നതിനെ കുറിച്ച് ഫെയ്‌സ്ബുക്ക് ഇത് വരെയും സൂചനകള്‍ നല്‍കിയിട്ടില്ല.

facebook

എക്‌സ്പ്രസ്സ് വൈഫൈ പദ്ധതിയാല്‍, ഉപയോക്താക്കള്‍ക്ക് ഇന്റര്‍നെറ്റ് സര്‍വീസ് ദാതാക്കളില്‍ നിന്ന് കുറഞ്ഞ നിരക്കില്‍ ഡാറ്റാ പാക്കുകള്‍ ലഭിക്കാനും, പ്രാദേശിക ഹോട്ടസ്‌പോട്ട് മുഖേന വേഗതയേറിയ ഇന്റര്‍നെറ്റ് ലഭിക്കാനും സാധ്യമാകും. കണക്ടിവിറ്റി എത്തിയിട്ടില്ലാത്ത പ്രദേശങ്ങളില്‍ എക്‌സപ്രസ്സ് വൈഫൈ പദ്ധതിയാല്‍ ഇന്റര്‍നെറ്റ് ലഭിക്കുമെന്നും, ഉള്‍നാടന്‍ പ്രദേശങ്ങളിലെ ജനങ്ങള്‍ക്ക് വേഗതയേറിയ ഇന്റര്‍നെറ്റിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്താമെന്നും ഫെയ്‌സ്ബുക്ക് അവകാശപ്പെടുന്നു. 125 ഓളം ഹോട്ട് സ്‌പോട്ടുകളെ ഉള്‍നാടന്‍ പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഫെയ്‌സ്ബുക്ക് പരീക്ഷണം നടത്തി കഴിഞ്ഞുവെന്ന് ബിബിസി മുമ്പ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നേരത്തെ, ഇന്റര്‍നെറ്റ്.ഒആര്‍ജി എന്ന ഫേസ്ബുക്ക് ആശയത്തിന് ഇന്ത്യയില്‍ നിന്നും ശക്തമായ എതിര്‍പ്പ് നേരിടേണ്ടി വന്നിരുന്നു. ഏതാനും ചില വെബ് സൈറ്റുകള്‍ക്ക് മാത്രം മുന്‍ഗണന ലഭിക്കുന്ന ഇത്തരം ആശയങ്ങള്‍ ഇന്റര്‍നെറ്റ് സമത്വത്തിന് എതിരാണ് എന്ന വാദം ട്രായ് അംഗീകരിച്ചതിലൂടെ മാര്‍ക്ക് സുക്കര്‍ബര്‍ഗിന്റെ ഇന്ത്യന്‍ സ്വപ്‌നങ്ങള്‍ക്ക് തിരിച്ചടിയേറ്റിരുന്നു.

facebook

വരും കാലങ്ങളില്‍ ഇന്ത്യയെയാണ് ഫെയ്‌സ്ബുക്ക് അവരുടെ വിപണന കേന്ദ്രമായി ലക്ഷ്യം വയ്ക്കുന്നത്. നാള്‍ക്കുനാള്‍ ഉയരുന്ന ഉപയോക്താക്കളുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത്,വിദൂര ഭാവിയില്‍ ഇന്ത്യ ഫെയ്‌സ്ബുക്കിന്റെ ആസ്ഥാനമാകാനും സാധ്യതയുണ്ടെന്നാണ് കരുതുന്നത്. ഇന്റര്‍നെറ്റ്.ഓആര്‍ജി യില്‍ നിന്ന് വ്യത്യസ്തമായി സൈറ്റുകളെല്ലാം ലഭ്യമാകുന്നതിനാല്‍ അധികൃതരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുകളുണ്ടാകില്ലെന്ന പ്രതീക്ഷയിലാണ് ഫെയ്‌സ്ബുക്ക്. എന്നാല്‍, കുറഞ്ഞ വേഗതയും, ഘടനാപരമായ പരിമിതികളും, കുറഞ്ഞ വിശ്വസ്യതയും ഫെയ്‌സ്ബുക്ക് ഇന്ത്യയില്‍ നേരിട്ടു കൊണ്ടിരിക്കുന്ന വെല്ലുവിളികളാണ്. മാത്രമല്ല, ഗൂഗിള്‍, ആമസോണ്‍ മുതലായ വമ്പന്മാരുടെ വരവും ഇന്ത്യയില്‍ ഫെയ്‌സ്ബുക്കിനെ ആശങ്കപ്പെടുത്തുന്നു.

2015 സെപ്റ്റംബര്‍ 15 മുതല്‍ ഇന്ത്യയിലെ 400 റയില്‍ വെ സ്റ്റേഷനുകളില്‍ ഗൂഗിളിന്റെ നേതൃത്വത്തില്‍ സൗജന്യമായ അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കിയിരുന്നത്. നിലവില്‍, 1.5 മില്ല്യന്‍ ജനത ഗൂഗിളിന്റെ ഇന്റര്‍നെറ്റ് സര്‍വീസ് ഉപയോഗിക്കുന്നുണ്ട്.

DONT MISS
Top