ഹോങ്കോങ്ങ് സൂപ്പര്‍ സീരിസ്; കലാശ പോരാട്ടത്തില്‍ കാലിടറി പി വി സിന്ധു

പി വി സിന്ധു

പി വി സിന്ധു

കോവ്‌ലൂണ്‍: ഹോങ്കോങ്ങ് ഓപ്പണ്‍ സൂപ്പര്‍ സീരീസ് ഫൈനലില്‍ പി വി സിന്ധുവിന് തോല്‍വി. തുടര്‍ച്ചയായി രണ്ടാം സിംഗിള്‍സ് കിരീടമെന്ന മോഹവുമായി കോര്‍ട്ടിലിറങ്ങിയ സിന്ധു, ചൈനീസ് താരം തായ് സൂ യിങ്ങിനോടാണ് കീഴടങ്ങിയത്. നേരത്തെ, ചൈനീസ് സൂപ്പര്‍ സീരിസ് കിരീടം പി വി സിന്ധു സ്വന്തമാക്കിയിരുന്നു.

ചൈനീസ് താരം തായ് സൂ യിങ്ങിനെ നേരിട്ട പി വി സിന്ധു, 41 മിനിറ്റ് ദൈര്‍ഘ്യമേറിയ പോരാട്ടത്തിനൊടുവിലാണ് തോല്‍വി വഴങ്ങിയത്. 15-21, 17-21 എന്നീ സ്‌കോറിനാണ് യൂ സിങ്ങ് സിന്ധുവിനെ കീഴടക്കിയത്. റിയോ ഒളിമ്പിക്‌സില്‍ സിന്ധുവില്‍ നിന്നും ഏറ്റ തോല്‍വിയുടെ മധുര പ്രതികാരം കൂടിയാണ് ചൈനീസ് താരം തായ് സൂ യിങ്ങ് ഹോങ്കോങ്ങ് സീരീസില്‍ നടത്തിയത്. ലോക മൂന്നാം നമ്പര്‍ താരമായ സൂ യിങ്ങ്, ആദ്യ ഗെയിം മുതല്‍ക്കെ മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയിരുന്നു. അതേസമയം ഒളിമ്പിക്‌സ് മെഡല്‍ ജേതാവായ പി വി സിന്ധുവിന് സൂ യിങ്ങിന്റെ ചടുല നീക്കങ്ങളെ പലപ്പോഴും പ്രതിരോധിക്കാന്‍ സാധിക്കാതെ വന്നു.

ഹോങ്കോങ് താരം ച്വേങ്ക് ഗാന്‍യിയെ സെമിയില്‍ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴ്‌പ്പെടുത്തിയാണ് സിന്ധു ഫൈനലില്‍ കടന്നത്. അതേസമയം, ഇന്ത്യന്‍ താരം സൈന നെഹ് വാള്‍ നേരത്തെ ക്വാര്‍ട്ടറില്‍ തോറ്റ് പുറത്തായിരുന്നു. മത്സരം സൈന വിജയിച്ചിരുന്നെങ്കില്‍ സെമിയില്‍ പി വി സിന്ധുവിനെയായിരുന്നു നേരിടേണ്ടി വരിക. മികച്ച ഫോമില്‍ കളിക്കുന്ന പി വി സിന്ധു ഈയിടെ വനിതാ ബാഡ്മിന്റണില്‍ എട്ടാം സ്ഥാനത്ത് എത്തിയിരുന്നു.

DONT MISS
Top