മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും പണം കിട്ടിയില്ല,റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ക്കെതിരെ കോണ്‍ഗ്രസ് എംഎല്‍എയുടെ പരാതി

mla

ഭരത്പൂര്‍: ബാങ്കില്‍ നിന്നും ആവശ്യത്തിന് പണം കിട്ടാതെ വന്നതോടെ ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന് എതിരെ പൊലീസില്‍ പരാതിയുമായി കോണ്‍ഗ്രസ് നേതാവും രാജകുടുംബാംഗവുമായ വിശ്വേന്ദ്ര സിംഗ് രംഗത്ത്. രാജസ്ഥാനിലെ ദീഗ്-കുംഹര്‍ മണ്ഡലത്തില്‍ നിന്നുമുള്ള എംഎല്‍എയാണ് വിശ്വേന്ദ്ര സിംഗ്.

തനിക്ക് ആവശ്യമുണ്ടായിരുന്ന 10000 രൂപ അക്കൗണ്ടില്‍ നിന്നും പിന്‍വലിക്കാന്‍ ബാങ്ക് അധികൃതര്‍ വിസമ്മതിച്ചതോടെയാണ് വിശ്വേന്ദര്‍ സിംഗ് ആര്‍ബിഐ ഗവര്‍ണര്‍ക്കെതിരെ പരാതിയുമായി നീങ്ങിയത്. മണിക്കൂറുകളോളം ബാങ്കിന് മുന്നില്‍ ക്യൂനിന്നത് ശേഷം പണം പിന്‍വലിക്കാനായി ചെന്നപ്പോള്‍ അധികൃതര്‍ വെറും 2000 രൂപ മാത്രമേ നല്‍കാന്‍ സാധിക്കുകയുളളൂ എന്ന് അറിയിക്കുകയായിരുന്നു. പക്ഷെ തനിക്ക് 10000 രൂപയുടെ ആവശ്യമുണ്ടായിരുന്നു. വിശ്വേന്ദര്‍ പറയുന്നു.

നോട്ടുകള്‍ നിരോധിക്കുന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്കിന് നേരത്തെ തന്നെ അറിയാമായിരുന്നു. എന്നിട്ടും മതിയായ പണം പ്രിന്റ് ചെയ്യാനോ ബാങ്കുകളിലെത്തിക്കാനോ തയ്യാറായില്ലെന്ന് അദ്ദേഹം ആരോപിച്ചു. വഞ്ചന,ഗൂഢാലോചന എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഉര്‍ജിത് പട്ടേലിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. ഗവര്‍ണറെ കൂടാതെ തന്നെ നിരാശപ്പെടുത്തിയ ബാങ്ക് മാനേജർക്കെതിരെയും പരാതിയുണ്ട്. ബാങ്കുകള്‍ക്ക് അവശ്യമായ പുതിയ നോട്ടുകള്‍ വിതരണം ചെയ്യാത്ത റിസര്‍വ് ബാങ്കിനെതിരെ നടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

വിശ്വേന്ദറിന്റെ പരാതി സ്വീകരിച്ചെങ്കിലും ഉര്‍ജിത് പട്ടേലിനും ബാങ്ക് മാനേജര്‍ക്കും എതിരെ വഞ്ചന, ഗൂഢാലോചന കുറ്റങ്ങള്‍ പൊലീസ് എഫ്‌ഐആറില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. അതിനാല്‍ പരാതിയുമായി കോടതിയെ സമീപിക്കാനാണ് തന്റെ തീരുമാനമെന്ന് വിശ്വേന്ദര്‍ പറഞ്ഞു.

DONT MISS
Top