കരുതിയിരുന്നോളൂ; സ്വര്‍ണം കൈവശം വെയ്ക്കുന്നതിനും പരിധി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ദില്ലി: നോട്ട് അസാധുവാക്കിയ നടപടിയ്ക്ക് പിന്നാലെ സ്വര്‍ണം കൈവശം വെയ്ക്കുന്നതിനും പരിധി നിശ്ചയിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. കളളപ്പണം തടയുന്നത് കൂടുതല്‍ കാര്യക്ഷമമാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഈ നീക്കം ആലോചിക്കുന്നതായി ഉത്തരേന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ വെബ്‌സൈറ്റായ ന്യൂസ് റൈസ് റിപ്പോര്‍ട്ട് ചെയ്തു.

നവംബര്‍ എട്ടിനാണ് രാജ്യത്തെ ഞെട്ടിച്ച നോട്ട് അസാധുവാക്കല്‍ നടപടി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. കളളപ്പണം തടയുന്നതിന് വേണ്ടിയാണ് നടപടി എന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. എന്നാല്‍ നോട്ടുകള്‍ കളളപ്പണമായി സൂക്ഷിക്കുന്നവരുടെ എണ്ണം ആറുശതമാനം മാത്രമാണ് എന്ന നിലയില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. കളളപ്പണത്തിന്റെ ഭൂരിഭാഗവും സ്വര്‍ണം, ഭൂമി എന്നി രൂപങ്ങളിലാണ് സൂക്ഷിക്കുന്നത് എന്നതായിരുന്നു വിമര്‍ശനത്തിന്റെ പൊരുള്‍. ഈ പശ്ചാത്തലത്തിലാണ് കളളപ്പണം തടയുന്നതിനുളള നടപടി കൂടുതല്‍ കാര്യക്ഷമമാക്കാന്‍ സ്വര്‍ണം അധികമായി കൈവശം വെയ്ക്കുന്നവരെ കൂടി പിടികൂടാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നത്.

ഉത്തരേന്ത്യ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ധനകാര്യ വെബ്‌സൈറ്റായ ന്യൂസ് റൈസാണ് ഈ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. സ്വര്‍ണം കൈവശം വെയ്ക്കുന്നവര്‍ക്ക് പരിധി നിശ്ചയിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ധനമന്ത്രാലയത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് ഈ റിപ്പോര്‍ട്ട്. അടുത്ത ദിവസങ്ങളിലായി സ്വര്‍ണാഭരണ വ്യാപാരികള്‍ സ്വര്‍ണം വാങ്ങി കൂട്ടുന്നത് ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്. ഉയര്‍ന്ന പ്രീമിയം നല്‍കി സ്വര്‍ണം വാങ്ങാന്‍ സ്വര്‍ണാഭരണ വ്യാപാരികള്‍ തയ്യാറാകുന്നതായാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഫലമായി സ്വര്‍ണത്തിന്റെ പ്രീമിയം നിരക്ക് രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലയില്‍ എത്തിയതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സ്വര്‍ണ ഇറക്കുമതിക്ക് കൂടുതല്‍ നിയന്ത്രണം വരുമെന്ന ആശങ്കയാണ് സ്വര്‍ണം വാങ്ങികൂട്ടാന്‍ സ്വര്‍ണാഭരണ വ്യാപാരികളെ പ്രേരിപ്പിക്കുന്നത്. നിലവില്‍ രാജ്യത്തിന്റെ മൊത്തം സ്വര്‍ണ ആവശ്യകതയുടെ മൂന്നില്‍ ഒന്ന് കളളപ്പണം ഉപയോഗിച്ചാണ് നിര്‍വഹിക്കുന്നതെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. ലോകത്തെ രണ്ടാമത്തെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യമായ ഇന്ത്യയ്ക്ക് പ്രതിവര്‍ഷം ശരാശരി 1000 ടണ്‍ സ്വര്‍ണത്തിന്റെ ആവശ്യകതയാണ് ഉളളത്.

DONT MISS
Top