ഹോങ്കോംഗ് ഓപ്പണ്‍: ക്വാര്‍ട്ടറില്‍ സൈന നെഹ്‌വാളിന് തോല്‍വി

saina

സൈന മത്സരത്തിനിടെ

ഹോങ്കോംഗ്: ഹോങ്കോംഗ് ഓപ്പണ്‍ ബാഡ്മിന്റണ്‍ ക്വാര്‍ട്ടറില്‍ ഇന്ത്യയുടെ സൈന നെഹ്‌വാളിന് തോല്‍വി. ഹോങ്കോംഗിന്റെ ചുങ് ങാന്‍ യി യോടാണ് ഇന്ത്യന്‍ താരം തോല്‍വി ഏറ്റുവാങ്ങിയത്. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സൈനയുടെ തോല്‍വി. സ്‌കോര്‍ 8-21, 21-18, 19-21.

സെമി ലക്ഷ്യമിട്ടിറങ്ങിയ സൈനയ്ക്ക് ഹോങ്കോംഗ് താരം മത്സരത്തിന്റെ തുടക്കം കനത്ത വെല്ലുവിളി ഉയര്‍ത്തി. ആദ്യ ഗെയിമില്‍ നിലയുറപ്പിക്കാന്‍ പോലും സൈനയ്ക്ക് സാധിച്ചില്ല. സ്‌കോര്‍ 8-21ന് ചുങ് സ്വന്തമാക്കുകയായിരുന്നു. എന്നാല്‍ രണ്ടാം ഗെയിമില്‍ ശക്തമായ തിരിച്ചു വരവ് നടത്തിയ സൈന 21-18ന് സ്വന്തമാക്കി സമനില പിടിച്ചു.  മികച്ച പോരാട്ടം കണ്ട മൂന്നാം സെറ്റ് നേടി ഹോങ്കോംഗ് താരം സെമിയിലേക്ക് കടക്കുകയായിരുന്നു.

അതേസമയം മത്സരം വിജയിച്ചിരുന്നുവെങ്കില്‍ പിവി സിന്ധുവായിരുന്നു സെമിയില്‍ സൈനയുടെ എതിരാളി. ഇന്തോനേഷ്യന്‍ താരത്തെ പരാജയപ്പെടുത്തി സിന്ധു നേരത്തെ സെമിയില്‍ പ്രവേശിച്ചിരുന്നു. ഒന്നിനെതിരെ രണ്ടു ഗെയിമുകള്‍ക്കായിരുന്നു സിന്ധുവിന്റെ വിജയം.

നേരത്തെ സൈനയെ മറികടന്ന് പിവി സിന്ധു റാങ്കിംഗില്‍ മുന്‍പിലെത്തിയിരുന്നു. പുതിയ റാങ്കിംഗ് പ്രകാരം പിവി സിന്ധു പട്ടികയില്‍ ഒന്‍പതാമതാണ്. അതേസമയം പത്താം സ്ഥാനത്തുണ്ടായിരുന്ന സൈന പതിനൊന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. പതിനൊന്ന് വര്‍ഷത്തിനിടെ ഇതാദ്യമായാണ് സൈന ആദ്യ പത്തില്‍ നിന്നും പുറത്താവുന്നത്.

DONT MISS
Top