അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളെ റിസര്‍വ് ബാങ്കിന്റെ കൗണ്ടറുകളില്‍ നിന്നും മാറിയെടുക്കാം

rbi

ദില്ലി: അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകള്‍ മാറിയെടുക്കാന്‍ ഇനിയും അവസരം. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൗണ്ടറുകളില്‍ നിന്നാണ് അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകളെ മാറിയെടുക്കാന്‍ സാധിക്കുക. നേരത്തെ, ബാങ്കുകളില്‍ നിന്നും അസാധുവാക്കപ്പെട്ട നോട്ടുകളെ മാറിയെടുക്കാനുള്ള കാലപരിധി ഇന്നലെ അര്‍ദ്ധരാത്രിയോടെ അവസാനിച്ചിരുന്നു.

അതേസമയം, പഴയ നോട്ടുകളെ അക്കൗണ്ടുകളില്‍ നിക്ഷേപിക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കുമെന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍ അവശ്യ സര്‍വ്വീസുകള്‍ക്ക് പഴയ നോട്ട് ഉപയോഗിക്കുന്നതിനുള്ള സമയ പരിധി അടുത്ത മാസം 15 വരെ നീട്ടി. ഒപ്പം, ഇളവുള്ള അവശ്യ സര്‍വ്വീസുകളുടെ എണ്ണവും കേന്ദ്രം വിപുലീകരിച്ചിട്ടുണ്ട്.

അതേസമയം നോട്ട് അസാധുവാക്കലിന് എതിരായ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. നോട്ടുകള്‍ അസാധുവാക്കലിനെ ന്യായീകരിച്ചും ജനങ്ങളുടെ ദുരിതം നീക്കുന്നതിന് സ്വീകരിച്ച നടപടികള്‍ വിശദീകരിച്ചും കേന്ദ്ര സര്‍ക്കാര്‍ ഫയല്‍ ചെഴ്ത സത്യവാങ്മൂലം ഇന്ന് കോടതി പരിഗണിക്കും. റിസര്‍വ് ബാങ്ക് നിയന്ത്രണങ്ങള്‍ സാധാരണക്കാര്‍ക്ക് ആശ്രയമായ സഹകരണ ബാങ്കുകളെ തകര്‍ത്തതായും പ്രാഥമിക സഹകരണ ബാങ്കുകള്‍ക്ക് നിക്ഷേപം സ്വീകരിക്കാന്‍ ഇളവ് നല്‍കണമെന്നും സഹകരണ ബാങ്കുകള്‍ ഇന്ന് കോടതിയില്‍ ആവശ്യപ്പെടും. ഡിസംബര്‍ 31 വരെ പഴയ നോട്ടുകള്‍ ഉപയോഗിക്കാന്‍ അനുവദിക്കണം എന്ന് ആവശ്യപ്പെട്ട് സിപിഐഎം ഫയല്‍ ചെയ്ത അപേക്ഷയും കോടതിയുടെ പരിഗണനയ്‌ക്കെത്തുന്നുണ്ട്.

നോട്ട് നിരോധനത്തെ തുടര്‍ന്ന് നികുതി പിരിവ് നിര്‍ത്തി വെച്ച കേന്ദ്ര നടപടി ഡിസംബര്‍ രണ്ട് വരെ നീട്ടുന്നതായി കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി ട്വിറ്ററിലൂടെ അറിയിച്ചു. ഡിസംബര്‍ രണ്ട് മുതല്‍ ഡിസംബര്‍ 15 വരെ അസാധുവാക്കപ്പെട്ട 500 രൂപാ നോട്ടുകള്‍ ദേശീയ പാതയിലുള്ള ടോള്‍ പ്ലാസകളില്‍ സ്വീകരിക്കപ്പെടുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. ദേശീയ പാതകല്‍ലുള്ള ഗതാഗതം സുതാര്യമാക്കാനായി നികുതി പിരിവ് ഡിസംബര്‍ രണ്ട് വരെ നീട്ടുന്നതായി ഗതാഗത മന്ത്രാലയവും അറിയിച്ചു.

DONT MISS
Top