ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് പോകില്ല, ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ സുഷമ സ്വരാജ് പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം

ഫയല്‍ ചിത്രം

ഫയല്‍ ചിത്രം

ദില്ലി: ഇന്ത്യയില്‍ വെച്ച് നടക്കുന്ന ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനത്തില്‍ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പങ്കെടുക്കില്ലെന്ന് വിദേശകാര്യ മന്ത്രാലയം. ഡിസംബര്‍ 3, 4 തിയ്യതികളില്‍ അമൃത്സറില്‍ വെച്ചാണ് ഹാര്‍ട്ട് ഓഫ് ഏഷ്യ സമ്മേളനം നടക്കുക.

അതേസമയം, പാക് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ ഇന്ത്യ തയ്യാറല്ലെന്ന് വിദേശകാര്യ വക്താവ് വികാസ് സ്വരൂപ് അറിയിച്ചു. ഭീകരവാദവും ചര്‍ച്ചയും ഒരുമിച്ച് പോകില്ലെന്ന് വികാസ് സ്വരൂപ് ചൂണ്ടിക്കാട്ടി. വിജയകരമായ ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്താന്‍ ആവശ്യമായ സാഹചര്യം ഒരുക്കേണ്ടത് പാകിസ്താന്റെ ഉത്തരവാദിത്വമാണെന്ന് വികാസ് സ്വരൂപ് കൂട്ടിചേര്‍ത്തു.

നിയന്ത്രണരേഖയില്‍ തുടര്‍ച്ചയായി പാകിസ്താന്‍ നടത്തി വരുന്ന വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും തമ്മില്‍ സമ്മര്‍ദ്ദം നിഴലിച്ചിരിക്കുകയാണ്. പാക് കടന്നാക്രമണത്തെ തുടര്‍ന്ന് പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സയ്യിദ് ഹെയ്ദറെ വിദേശകാര്യ മന്ത്രാലയം വിളിച്ച് പ്രതിഷേധം അറിയിച്ചതായി വികാസ് സ്വരൂപ് പറഞ്ഞു. നവംബര്‍ മാസം മാത്രം ഇത് നാലാം തവണയാണ് ഇത്തരത്തില്‍ ഇന്ത്യ പാകിസ്താനെ വിളിച്ച് പ്രതിഷേധം അറിയിക്കുന്നതെന്നും വികാസ് സ്വരൂപ് കൂട്ടിചേര്‍ത്തു.

നവംബര്‍ 16 മുതല്‍ 21 വരെയുള്ള കാലയളവില്‍ പാകിസ്താന്‍ 27 തവണ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്നും, ഇതില്‍ 120 mm ഹെവി മോര്‍ട്ടാര്‍ ഉപയോഗിച്ചും പാകിസ്താന്‍ ഇന്ത്യന്‍ പോസ്റ്റുകളെ ആക്രമിച്ചിട്ടുണ്ടെന്നും വികാസ് സ്വരൂപ് അറിയിച്ചു. 2003 ല്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഒപ്പുവെച്ച വെടിനിര്‍ത്തല്‍ കരാര്‍ ലംഘനമാണിതെന്നും വികാസ് സ്വരൂപ് കൂട്ടിചേര്‍ത്തു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദിയും, അഫ്ഗാന്‍ പ്രസിഡന്റ് അഷ്‌റഫ് ഘാനിയും ഉള്‍പ്പെടെ 40 ഓളം രാജ്യങ്ങളുടെ പ്രതിനിധികളാകും സമ്മേളനത്തില്‍ പങ്കെടുക്കുക. സമ്മേളനത്തില്‍ അഫ്ഗാനിസ്ഥാനിലെ രാഷ്ട്രീയ സാഹചര്യങ്ങളിലാകും ശ്രദ്ധ കേന്ദ്രീകരിക്കുക. സുരക്ഷയും, സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനുള്ള നടപടികളാകും സമ്മേളനത്തില്‍ ചര്‍ച്ചാ വിഷയമാവുക.

സെപ്തംബര്‍ മാസം പാക് പിന്തുണയോടെ നടന്ന ഉറി ഭീകരാക്രമണത്തിന് ശേഷം ഇതാദ്യമായാകും മുതിര്‍ന്ന ഉന്നത പാക് ഉദ്യോഗസ്ഥന്‍ ഇന്ത്യ സന്ദര്‍ശിക്കുക. ഉറി ഭീകരാക്രമണത്തില്‍ 19 ഇന്ത്യന്‍ സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്. ഭീകരാക്രമണത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും ആഴ്ചകളോളം ആരോപണ പ്രത്യാരോപണങ്ങളില്‍ ഏര്‍പ്പെട്ടിരുന്നു.

അതേസമയം, ഇരു രാജ്യങ്ങളും തമ്മിലുള്ള സമ്മര്‍ദ്ദത്തില്‍ അയവ് വരുത്താന്‍ ഇന്ത്യാ സന്ദര്‍ശനം പ്രയോജനപ്പെടുത്തുമെന്ന് സര്‍ത്താജ് അസീസ് നേരത്തെ സൂചിപ്പിച്ചിരുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന സമ്മര്‍ദ്ദത്തില്‍ അയവ് വരുത്താന്‍ ഇത് നല്ലൊരു അവസരമാണെന്ന് വിദേശകാര്യ ഉപദേഷ്ടാവ് സര്‍ത്താജ് അസീസ് പിടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വ്യക്തമാക്കിയത്.

DONT MISS
Top