രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവിലേക്ക്, സ്വര്‍ണ വിലയിലും കുറവ്

rupee-marketമുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേയ്ക്ക് താഴ്ന്നു. 2013ലെ റെക്കോഡ് താഴ്ച ഭേദഗതി ചെയ്താണ് രൂപയുടെ വിനിമയനിരക്ക് ദുര്‍ബലമായത്. ഡോളറിനെതിരെ 68.86 എന്ന നിരക്കിലാണ് ഇന്ന് ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം. വിദേശനിക്ഷേപത്തിന്റെ പുറത്തേ്ക്കുളള ഒഴുക്കും, നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദവുമാണ് രൂപയ്ക്ക് വിനയായത്.

കളളപ്പണം തടയുന്നതിന് ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ ചുവടുപിടിച്ച് രൂപ സമ്മര്‍ദം നേരിടുകയാണ്. തുടര്‍ച്ചയായി ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിയുന്നതിനും രാജ്യം സാക്ഷിയായി. ഇതിന്റെ തുടര്‍ച്ചയെന്നോണമാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോഡ് നിലവാരത്തിലേയ്ക്ക് താഴ്ന്നത്. 2013ലെ റെക്കോഡിനെ മറികടന്നാണ് ഇന്നത്തെ വിനിമയ നിരക്ക്. ഇതിനു മുന്‍പ് 2013 ആഗസ്റ്റിലാണ് രൂപ ഇത്രയും വലിയ ഇടിവ് രേഖപ്പെടുത്തിയത്. 68 രൂപ 85 പൈസ എന്ന നിലയിലേയ്ക്ക് രൂപ താഴ്ന്നിരുന്നു. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായുള്ള രൂപയുടെ വിനിമയ നിരക്ക് സാമ്പത്തിക രംഗത്ത് ആശങ്ക പരത്തുകയാണ്. സ്വർണ വിലയിലും വൻകുറവാണുണ്ടായിരിക്കുന്നത്. പവന് 320 രൂപ കുറഞ്ഞ് 22,000 രൂപയിലെത്തി.

വിനിമയത്തിന്റെ ഒരുഘട്ടത്തില്‍ ഡോളറിനെതിരെ രൂപ 68 രൂപ 86 പൈസ എന്ന നിലയിലേയ്ക്കാണ് താഴ്ന്നത്. നോട്ട് അസാധുവാക്കിയ നടപടിയ്ക്ക് പുറമേ അമേരിക്കന്‍ സമ്പദ് വ്യവസ്ഥ ശക്തിയാര്‍ജിക്കുന്നതായുളള റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഡോളര്‍ കരുത്താര്‍ജിച്ചതും രൂപയ്ക്ക് വിനയാകുകയായിരുന്നു. ഇതിന്റെയെല്ലാം പ്രതിഫലനമെന്നോണം വിദേശനിക്ഷേപം ഇന്ത്യയ്ക്ക് പുറത്തേയ്ക്ക് ഒഴുകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇതിന് പുറമേ നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സംരക്ഷണവാദവും ഇന്ത്യന്‍ രൂപ ദുര്‍ബലമാകാന്‍ കാരണമായതായി സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു.

ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശേഷം മാത്രം രൂപയുടെ മൂല്യത്തില്‍ 2.92 ശതമാനത്തിന്റെ ഇടിവാണ് രേഖപ്പെടുത്തിയത്. അമേരിക്കന്‍ സമ്പദ് വ്യവസ്ഥ തിരിച്ചുവരവിന്റെ പാതയിലാണെന്ന വിശ്വാസത്തില്‍ അമേരിക്കന്‍ ബോണ്ടിന്റെ നേട്ടം ഉയര്‍ന്നതും രൂപയ്ക്ക് പ്രതികൂലമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നാണ്യപ്പെരുപ്പനിരക്ക് ഉയരുന്നതിന് ഉള്‍പ്പെടെ സാമ്പത്തികരംഗത്ത് ഡൊണാള്‍ഡ് ട്രംപ് സ്വീകരിക്കാന്‍ സാധ്യതയുളള പരിഷ്‌ക്കരണ നടപടികളാണ് ബോണ്ടിന്റെ നേട്ടം ഉയരാന്‍ ഇടയാക്കിയത്. ഇതിന്റെ ചുവടുപിടിച്ച് നിക്ഷേപകര്‍ ഡോളര്‍ വാങ്ങികൂട്ടിയതും രൂപയുടെ തകര്‍ച്ചയ്ക്ക് കാരണമായതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

DONT MISS
Top