ആപ്പിളിന്റെ പുതിയ ഉല്‍പ്പന്നം ഐ മിററോ? ‘ചോര്‍ന്ന’ വീഡിയോ പറയുന്നത് ഇങ്ങനെ

imirror

വീഡിയോയില്‍ നിന്ന്

കണ്ണാടിയില്‍ നോക്കി ‘മേക്ക് അപ്പ്’ ചെയ്യുമ്പോള്‍ ടിവി കാണണമെന്ന് തോന്നിയാലോ? വിഷമിക്കേണ്ട, അതിന് സഹായിക്കുന്ന ഉപകരണം സമീപഭാവിയില്‍ തന്നെ പുറത്തിറങ്ങും എന്നാണ് അറിയുന്നത്. ഇതിനു പിന്നിലും മറ്റാരുമല്ല, ടെക്‌നോളജി രംഗത്തെ അതികായരായ അമേരിക്കന്‍ കമ്പനി ആപ്പിള്‍ തന്നെ.

കമ്പിനി ഔദ്യോഗികമായി സ്ഥിരീകരിച്ച വാര്‍ത്തയല്ല ഇപ്പോള്‍ പുതിയ ഉപകരണത്തെ പറ്റി പുറത്തു വരുന്നത്. ആപ്പിളില്‍ നിന്ന് ‘ചോര്‍ന്നു’ എന്നു കരുതുന്ന വീഡിയോയിലാണ് പുതിയ ഉപകരണത്തെ പറ്റിയുള്ള വിവരങ്ങള്‍ ഉള്ളത്.

ആരോ ഉണ്ടാക്കി വിട്ട ‘പ്രോട്ടോടൈപ്പ്’ വീഡിയോ ആണ് ഇത് എന്നും വാദമുണ്ട്. എന്തായാലും ആപ്പിള്‍ പുറത്തിറക്കാനൊരുങ്ങുന്ന പുതിയ ഉപകരണത്തിന്റേതെന്ന് കരുതുന്ന വീഡിയോ ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്.

രസകരമായ വിവരങ്ങളാണ് ഐ മിറര്‍ എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന ഈ ഉപകരണത്തെ പറ്റി പുറത്തു വരുന്നത്. ആപ്പിളിന്റെ തന്നെ ഐഒഎസ് 10 ആണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്ന ഓപ്പറേറ്റിംഗ് സിസ്റ്റം. ഈ ഉപകരണം 45 സെക്കന്റ് നേരം പ്രവര്‍ത്തിപ്പിക്കാതിരുന്നാല്‍ ഓട്ടോമാറ്റിക്ക് ആയി സ്റ്റാന്‍ഡ് ബൈ മോഡിലേക്ക് മാറും. അതുകൊണ്ട് തന്നെ ഉപയോഗിക്കാതിരിക്കുന്ന അവസരങ്ങളില്‍ ഇതൊരു സാധാരണ കണ്ണാടിയായി മാത്രമേ മറ്റുള്ളവര്‍ക്ക് തോന്നൂ.

മികച്ച പ്രതികരണമാണ് ഈ അത്ഭുത ഉപകരണത്തിന്റെ വീഡിയോയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇതില്‍ ഒരു ക്യാമറകൂടി ഘടിപ്പിച്ചിരുന്നുവെങ്കില്‍ ഭാവിയിലെ സെല്‍ഫിയെടുക്കല്‍ വേറെ ലെവലാകും എന്നാണ് ഒരു പ്രേക്ഷകന്റെ കമന്റ്.

എന്തായാലും ആപ്പിള്‍ ഇത്തരമൊരു ഉല്‍പ്പന്നം പുറത്തിറക്കിയാല്‍ കണ്ണാടിക്കു മുന്‍പില്‍ ഏറെ നേരം ചിലവഴിക്കുന്നവര്‍ക്ക് അതൊരു മുതല്‍ക്കൂട്ടാകും. ‘ആപ്പിള്‍ പ്രൊഡക്റ്റ്’ ആയതിനാല്‍ തന്നെ വില സാധാരണക്കാര്‍ താങ്ങുന്നതാവില്ല. കാത്തിരുന്നു തന്നെ കാണാം.

വീഡിയോ:

DONT MISS