മെസിയുടെ ഇരട്ടഗോളില്‍ ബാഴ്‌സലോണ നോക്കൗട്ട് റൗണ്ടിലേക്ക്; സിറ്റിയ്ക്കും ആഴ്‌സണലിനും സമനില

barca

പാരീസ്: സൂപ്പര്‍ താരം ലയണല്‍ മെസിയുടെ ഇരട്ട ഗോളില്‍ ബാഴ്‌സലോണ ചാമ്പ്യന്‍സ് ലീഗിന്റെ അവസാന 16 ലേക്ക്. സെല്‍റ്റിക്കിനെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തകര്‍ത്ത് വിട്ടാണ് കറ്റാലന്‍ പട നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടിയത്. പെപ്പ് ഗാര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റിയാണ് നോക്കൗട്ട് ബര്‍ത്ത് ഉറപ്പിച്ച മറ്റൊരു ടീം.

അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ മത്സരത്തില്‍ നിന്നും പിന്‍മാറിയിരുന്ന മെസി ഇരട്ട ഗോളുമായാണ് തിരികെയെത്തിയത്. 24,55 മിനിറ്റുകളിലായിരുന്നു സെല്‍റ്റിക്ക് പാര്‍ക്കിനെ ആവേശിപ്പിച്ച മെസിയുടെ ഗോളുകള്‍ പിറന്നത്. രണ്ടാം ഗോള്‍ പെനാല്‍റ്റിയില്‍ നിന്നുമായിരുന്നു. ഇതോടെ സീസണിലെ മെസിയുടെ ഗോള്‍ നേട്ടം ഒമ്പതായി. ഇതില്‍ അഞ്ചും സെല്‍റ്റിക്കിന് എതിരെയാണ്. സെപ്തംബറില്‍ സ്‌കോട്ടിഷ് ടീമിനെ 7-0 ന് തകര്‍ത്ത കളിയില്‍ മെസി ഹാട്രിക് നേടിയിരുന്നു.

ബൊറൂസിയ മൊയെന്‍കെന്‍ഗ്ലാബാച്ചിനോട് അപ്രതീക്ഷിത സമനില വഴങ്ങിയെങ്കിലും സിറ്റിയും അവസാന 16 ല്‍ ഇടം നേടിയിട്ടുണ്ട്. ജര്‍മ്മന്‍ ടീമിനോട് തുടക്കത്തില്‍ തന്നെ ഒരു ഗോള്‍ വഴങ്ങിയ സിറ്റി ഗോള്‍ മടക്കി സമനില പിടിക്കുകയായിരുന്നു. ഫ്രഞ്ച് ചാമ്പ്യന്മാരായ പിഎസ്ജിയും പ്രീമിയര്‍ ലീഗ് വമ്പന്മാരായ ആഴ്‌സണലും ഏറ്റുമുട്ടിയപ്പോളും സമനിലയായിരുന്നു ഫലം. രണ്ട് ടീമുകളും രണ്ട് ഗോളുകള്‍ വീതം നേടിയാണ് കളിയവസാനിപ്പിച്ചത്. മറ്റൊരു മത്സരത്തില്‍ ബൂണ്ടേഴ്‌സ് ലീഗയിലെ കരുത്തരായ ബയേണ്‍ മ്യൂണിക്ക് റഷ്യന്‍ ടീമായ റോസ്‌റ്റോവ് അട്ടിമറിച്ചു.

DONT MISS
Top