ഐസിഐസിഐ ബാങ്ക് ഉപഭോക്താക്കള്‍ക്കൊരു സന്തോഷവാര്‍ത്ത; അസാധുവാക്കിയ നോട്ടുകള്‍ കൊടുത്ത് കടം തീര്‍ക്കാം

icici

പ്രതീകാത്മക ചിത്രം

ദില്ലി: ഐസിഐസിഐ ബാങ്കില്‍ കടമുള്ള ഉപഭോക്താക്കള്‍ക്ക് അഞ്ഞൂറിന്റേയും ആയിരത്തിന്റേയും നോട്ടുകള്‍ നല്‍കി അത് തീര്‍ക്കാമെന്ന് ബാങ്ക് അറിയിച്ചു. നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരില്‍ കുറച്ചു പേര്‍ക്കെങ്കിലും ആശ്വാസമാവുന്ന നടപടിയാണ് ഐസിഐസിഐ ബാങ്ക് എടുത്തിരിക്കുന്നത്. തങ്ങളുടെ ഉപഭോക്താക്കളെ എസ്എംഎസ് മുഖേന ബാങ്ക് ഇക്കാര്യം അറിയിക്കുന്നുണ്ട്.

എന്നാല്‍ ഈ രീതിയില്‍ കടം തീര്‍ക്കുന്ന ഉപഭോക്താക്കള്‍ കെവൈസി രേഖകളും തിരിച്ചറിയല്‍ രേഖയും ബാങ്കിലേക്ക് കൊണ്ടുപോകണം. ഐസിഐസിഐ ബാങ്കിന്റെ എല്ലാ ശാഖകളിലും ഈ സേവനം ലഭ്യമാണ്. എന്തായാലും, ഇന്‍ഡസ്ട്രിയല്‍ ക്രെഡിറ്റ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ എന്ന ബഹുരാഷ്ട്ര ബാങ്കായ ഐസിഐസിഐ ബാങ്കിന്റെ പുതിയ തീരുമാനം ഉപഭോക്താക്കള്‍ക്ക് ആശ്വാസം പകരുന്നതാണ്. പഴയ നോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ കൈവശം വെച്ചിരിക്കുന്നവര്‍ക്ക് അത് ഫലപ്രദമായി ഉപയോഗിക്കാനുള്ള അവസരമാണ് ഇത്.

icici-sms

ഐസിഐസിഐ ബാങ്ക് അയച്ച എസ്എംഎസ്

നേരത്തേ, നോട്ട് അസാധുവാക്കിയ നടപടിയുടെ വിജയം പ്രത്യക്ഷപ്പെട്ടു തുടങ്ങിയെന്ന് സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പറഞ്ഞിരുന്നു. ബാങ്കുകളില്‍ വരി നില്‍ക്കുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും ബാങ്കുകളുടെ കൈവശം കൂടുതല്‍ പണം എത്തി എന്നും ലോണുകളുടെ പലിശ നിരക്കുകള്‍ കുറഞ്ഞുവെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

അഞ്ഞൂറിന്റേയും 2,000-ത്തിന്റേയും നോട്ടുകള്‍ക്ക് ദൗര്‍ലഭ്യമില്ല. ബാങ്കുകളില്‍ യഥാസമയം എത്തിക്കാന്‍ മാത്രമാണ് തടസം. ഇതുവരെ 8,800 കോടി ഡോളറിന്റെ അസാധു നോട്ടുകള്‍ തിരികെയെത്തി എന്നും അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗി സുപ്രീം കോടതിയെ അറിയിച്ചു.

DONT MISS
Top