നോട്ട് അസാധുവാക്കല്‍ നടപടി; ഓഹരി വിപണയില്‍ കൈപൊള്ളി പ്രമുഖര്‍, എന്നാല്‍ പിടിവിടില്ലെന്ന് റിലയന്‍സ്

sensex

മുംബൈ: നോട്ട് അസാധുവാക്കല്‍ നടപടി രാജ്യത്തെ പ്രമുഖ കമ്പനികളുടെ ഓഹരി മൂല്യത്തെ ബാധിച്ചതായി റിപ്പോര്‍ട്ട്. ഓഹരി വിപണിയില്‍ രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ടാറ്റ, ബിര്‍ള, മഹീന്ദ്ര തുടങ്ങിയവയ്ക്ക് 900 കോടി ഡോളറിന്റെ നഷ്ടം നേരിട്ടതായി റിപ്പോര്‍ട്ട് ചൂണ്ടികാണിക്കുന്നു. അതേസമയം റിലയന്‍സ് ഇന്‍ഡസ്ട്രീസ് പിടിച്ചുനിന്നതും ശ്രദ്ധേയമായി.

കളളപ്പണം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച നോട്ട് അസാധുവാക്കല്‍ നടപടി ഇന്ത്യന്‍ ഓഹരി വിപണിയെ കാര്യമായിട്ടാണ് ബാധിച്ചത്. തുടര്‍ച്ചയായി നഷ്ടം നേരിടുന്നതും വിപണിയില്‍ ദ്യശ്യമായി. ബോംബെ ഓഹരി സൂചികയായ സെന്‍സെക്‌സ് മാത്രം ഏഴു ശതമാനമാണ് ഇടിഞ്ഞത്. ഇതിനിടെയാണ് കമ്പനികളുടെ നഷ്ടത്തിന്റെ കണക്കുകള്‍ പുറത്തുവന്നത്. നവംബര്‍ എട്ടിനുശേഷം ടാറ്റാ ഗ്രൂപ്പിന്റെ കീഴിലുളള 27 കമ്പനികളുടെ പ്രൊമോട്ടര്‍മാര്‍ക്ക് 39,636 കോടി രൂപയുടെ നഷ്ടമാണ് വിപണിയിലുണ്ടായത്. ഇതില്‍ രാജ്യത്ത് ഏറ്റവുമധികം വിപണി മൂല്യമുളള പ്രമുഖ ഐടി സ്ഥാപനമായ ടിസിഎസും ഉള്‍പ്പെടുന്നു. നേട്ടത്തിന്റെ പാതയിലുടെ നീങ്ങുകയായിരുന്ന ഇന്ത്യന്‍ ഓഹരി വിപണിയിലെ നിര്‍ണായക തിരുത്ത് വഴി ടിസിഎസിന് മാത്രം നഷ്ടമായത് 21389 കോടി രൂപയാണ്. ടാറ്റാ മോട്ടേഴ്‌സിന് 8954 കോടി രൂപ നഷ്ടമായപ്പോള്‍, ടാറ്റാ സ്റ്റീലിന്റെയും, ടൈറ്റാന്റെയും നഷ്ടം യഥാക്രമം 1128 കോടിയും, 3131 കോടി രൂപയുമാണ്. രാജ്യത്തെ മറ്റൊരു പ്രമുഖ ഗ്രൂപ്പായ ബിര്‍ളയുടെ കാര്യവും വ്യത്യസ്തമല്ല. 15819 കോടി രൂപയാണ് ബിര്‍ളയുടെ പ്രൊമോട്ടര്‍മാര്‍ക്ക് ഉണ്ടായ നഷ്ടം.

മഹീന്ദ്ര ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ക്കും വിപണിയില്‍ നിന്നും കനത്ത തിരിച്ചടി നേരിട്ടു. ഓഹരി വിപണിയുടെ നഷ്ടത്തില്‍ മഹീന്ദ്ര ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ക്ക് 6100 കോടി രൂപയാണ് ഒലിച്ചുപോയത്. രാജ്യത്തെ മറ്റു പ്രമുഖ വ്യവസായ ഗ്രൂപ്പുകളായ ശ്രീറാം, പിരമല്‍, മുഞ്ചല്‍, ജിഡാല്‍, അദാനി ഗ്രൂപ്പുകളുടെ പ്രൊമോട്ടര്‍മാര്‍ക്കും വിപണിയില്‍ കൈപൊളളി. അതേസമയം മുകേഷ് അംബാനിയുടെ നേതൃത്വത്തിലുളള മറ്റൊരു പ്രമുഖ വ്യവസായ ഗ്രൂപ്പായ റിലയന്‍സിന് കഴിഞ്ഞ എട്ടുദിവസത്തിനിടയില്‍ ഓഹരി മൂല്യത്തില്‍ 1.78 ശതമാനത്തിന്റെ നഷ്ടം മാത്രമാണുണ്ടായത്. കണക്കുകള്‍ അനുസരിച്ച് 2760 കോടി രൂപ മാത്രമാണ് റിലയന്‍സ് ഗ്രൂപ്പിന്റെ പ്രൊമോട്ടര്‍മാര്‍ക്കുണ്ടായ നഷ്ടം.

DONT MISS
Top