ചോദ്യങ്ങള്‍  ഉന്നയിക്കുമ്പോള്‍ രാജ്യസ്‌നേഹത്തിന്റെ അളവുകോല്‍ ഉയര്‍ത്തി പരിഹസിക്കരുതെന്ന് പിസി ജോര്‍ജ്ജ് എംഎല്‍എ

pc-george1

പിസി ജോര്‍ജ് എംഎല്‍എ (ഫയല്‍ ചിത്രം)

തിരുവനന്തപുരം: ജനങ്ങള്‍ക്ക് രാജ്യം ഉറപ്പു നല്‍കുന്ന അവകാശങ്ങള്‍ക്കു മേലുള്ള പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനെ  കുറിച്ച് ചോദ്യങ്ങളും സംശയങ്ങളും ഉന്നയിക്കുമ്പോള്‍ രാജ്യസ്‌നേഹത്തിന്റെ അളവുകോല്‍ ഉയര്‍ത്തി ആരും പരിഹസിക്കരുത് എന്ന് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജിന്റെ പ്രതികരണം. നോട്ട് അസാധുവാക്കിയ പ്രധാനമന്ത്രിയുടെ ധീരമായ നടപടിയെ ഏറെ പ്രതീക്ഷയോടെ ജനപക്ഷത്തു നിന്നാണ് താന്‍ ആദ്യം സ്വാഗതം ചെയ്തത് എന്നും അദ്ദേഹം പറഞ്ഞു. തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി ജോര്‍ജ്ജിന്റെ പ്രതികരണം.

ബിജെപിയുടെ പ്രധാനമന്ത്രി എന്ന സങ്കുചിത കാഴ്ചപ്പാടിലല്ല, മറിച്ച് 100 കോടിയിലധികം വരുന്ന ഇന്ത്യക്കാരുടെ പ്രധാനമന്ത്രി എന്ന നിലയിലാണ് മോദിയെ താന്‍ കണ്ടത്. വിനിമയത്തിനായി 90 ശതമാനം ജനങ്ങളും കറന്‍സി ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്തെ 86 ശതമാനം നോട്ടുകളും പിന്‍വലിക്കുമ്പോള്‍ യാതൊരു മുന്നൊരുക്കങ്ങളും വ്യക്തമായ ധാരണകളും നിര്‍ദ്ദേശങ്ങളുമില്ലാതെ നടപ്പിലാക്കി എന്നതാണ് ഇപ്പോള്‍ മനസ്സിലാക്കാന്‍ സാധിക്കുന്നത്. ദിവസങ്ങള്‍ ഇത്ര പിന്നിട്ടിട്ടും സാധാരണക്കാരായ ജനം നേരിടുന്ന വെല്ലുവിളികള്‍ ജനപ്രതിനിധി എന്ന നിലയില്‍ നേരിട്ട് ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലാണ് താനിത് പറയുന്നത്. പിസി പറയുന്നു.

പ്രത്യേക നിയമസഭ സമ്മേളനത്തില്‍ പിസിജോര്‍ജ്ജ് എംഎല്‍എയുടെ പ്രസംഗം:

കേരളത്തിലെ കര്‍ഷകരുടെയും, ചെറുകിട കച്ചവടക്കാരുടെയും നട്ടെല്ലായ സഹകരണ പ്രസ്ഥാനങ്ങളെ കഴിഞ്ഞ 8 കൊല്ലമായി റിസര്‍വ്വ് ബാങ്ക് പീഡിപ്പിക്കുകയാണ്. ഇപ്പോഴുണ്ടായ പ്രത്യേക സാഹചര്യം മുതലാക്കി സഹകരണ മേഖലയെ അപ്പാടെ ഇല്ലായ്മ ചെയ്യാനുള്ള നടപടിയുമായി റിസര്‍വ്വ് ബാങ്ക് മുന്നോട്ട് പോവുകയാണ്.
കേരളത്തോട് മാത്രമായി കേന്ദ്രസര്‍ക്കാര്‍ സഹകരണ മേഖലയിലെ കള്ളപ്പണം തടയുന്നതിനെന്ന പേരില്‍ പ്രത്യേക തീരുമാനം കൈക്കൊള്ളുകയാണ്. കേരളത്തിലെ നല്ലൊരു ശതമാനം വരുന്ന കര്‍ഷകരും, ചെറുകിട കച്ചവടക്കാരും അവരുടെ വരുമാനത്തില്‍ നിന്ന് സ്വരുകൂട്ടുന്ന നിക്ഷേപങ്ങളെ ബാധിക്കുന്ന തലത്തിലേക്ക് ഈ തീരുമാനം മാറുമ്പോള്‍ പൊതുജനങ്ങളോട് ഉത്തരവാദിത്വം കാത്തുസൂക്ഷിക്കുന്ന ഒരു ജനപ്രതിനിധിക്കും അവരുടെ പ്രശ്നങ്ങളില്‍ നിന്ന് മാറി നില്‍ക്കാനാവില്ലെന്നും പിസി ജോര്‍ജ്ജ് എംഎല്‍എ പറഞ്ഞു.

എന്നാല്‍ കേരളത്തിലെ സഹകരണ മേഖലയിയില്‍ കള്ളപണനിക്ഷേപമില്ല എന്ന അന്ധമായ ധാരണയോടയല്ല താനിത് പറയുന്നത്. ഇതിനു മുന്‍പും താന്‍ അത് പറഞ്ഞിട്ടുള്ളതാണ്. സഹകരണ മേഖലയെയും അതോടൊപ്പം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും തകര്‍ത്തുകൊണ്ടാകരുത് ഈ കള്ളപ്പണവേട്ട. കള്ളപ്പണം പിടികൂടുന്നതിന് കേരളാ സര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കുമ്പോള്‍, അത് മുഖവിലക്കെടുത്തു കൊണ്ട് സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാട് പ്രധാനമന്ത്രിയും കേന്ദ്രസര്‍ക്കാരും കൈക്കൊള്ളണം- പിസി ജോര്‍ജ്ജ് ആവശ്യപ്പെട്ടു.

കര്‍ഷകന്റെയും, ചെറുകിട കച്ചവടക്കാരുടെയും മറവില്‍ ഒളിഞ്ഞിരിക്കുന്ന കള്ളപ്പണക്കാരെ പിടിക്കുക തന്നെവേണം. പക്ഷേ അത് രാഷ്ട്രീയ പകപോക്കലിനും, മുതലെടുപ്പിനുമായി സാധാരണക്കാരായ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ സമ്പാദ്യത്തിനും, ജീവിതത്തിനും സംരക്ഷണം നല്‍കാതെ സഹകരണ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്ത് കേരളത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തകര്‍ത്താകരുത്. രാഷ്ട്രീയമല്ല, രാഷ്ട്രചിന്ത തന്നെയാണ് വലുത് എന്നുകൂടി പറഞ്ഞു കൊണ്ടാണ് പിസി ജോര്‍ജ്ജ് എംഎല്‍എയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.

പിസി ജോര്‍ജ്ജ് എംഎല്‍എയുടെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഒരു രാത്രി ഇരുട്ടി വെളുക്കുന്നതിന് മുൻപേ കള്ളപണവും, കള്ളനോട്ടും തടയുന്നതിന് 500, 1000 നോട്ടുകൾ നിരോധിച്ച ഇന്ത്യയുടെ പ്രധാനമന്ത്രി എടുത്ത ധീരമായ തീരുമാനത്തെ ഏറെ പ്രതീക്ഷയോടെയാണ് ജനപക്ഷത്തു നിന്ന് കൊണ്ട് ഞാൻ സ്വാഗതം ചെയ്തത്.
ബി. ജെ. പി. യുടെ പ്രധാനമന്ത്രി എന്ന സങ്കുചിത കാഴ്ചപ്പാടിൽ നിന്നല്ല, മറിച് 100 കോടിയിലധികം വരുന്ന ജനാതിപത്യരാജ്യമായ കരുത്തുറ്റ ഇന്ത്യൻ ജനതയുടെ പ്രധാനമന്ത്രി എന്ന നിലക്കാണ്.

90% ജനങ്ങളും അവരുടെ വിനിമയത്തിനായി കറൻസി ഉപയോഗിക്കുന്ന നമ്മുടെ രാജ്യത്ത് 86% വരുന്ന കറൻസി പിൻവലിക്കുമ്പോൾ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെയും, അതുപോലെ തന്നെ ഭൂരിഭാഗം വരുന്ന സാധാരണക്കാരായ ജനങ്ങളുടെ ജീവിതത്തെയും നേരിട്ട് ബാധിക്കുന്ന ഈ വലിയ തീരുമാനം യാതൊരു മുന്നൊരുക്കങ്ങളും വ്യക്തമായ ധാരണകളുടെയും, നിർദ്ദേശങ്ങളുടെയും പിൻബലമില്ലാതെ നടപ്പിലാക്കി എന്നതാണ് ഇപ്പോൾ മനസ്സിലാക്കാൻ സാധിക്കുന്നത്. ദിവസങ്ങൾ ഇത്ര പിന്നിട്ടിട്ടും സാധാരണക്കാരായ ജനം നേരിടുന്ന വെല്ലുവിളികൾ ജനപ്രതിനിധി എന്ന നിലയിൽ നേരിട്ട് ബോധ്യപ്പെട്ടതിന്റെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്.

കേരളത്തിലെ കർഷകരുടെയും, ചെറുകിട കച്ചവടക്കാരുടെയും നട്ടെല്ലായ സഹകരണ പ്രസ്ഥാനങ്ങളെ കഴിഞ്ഞ 8 കൊല്ലമായി റിസർവ്വ് ബാങ്ക് പീഡിപ്പിക്കുകയാണ്. ഇപ്പോഴുണ്ടായ പ്രേത്യേക സാഹചര്യം മുതലാക്കി സഹകരണ മേഖലയെ അപ്പാടെ ഇല്ലായ്മ ചെയ്യാനുള്ള നടപടിയുമായി റിസർവ്വ് ബാങ്ക് മുന്നോട്ട് പോവുകയാണ്.

കേരളത്തോട് മാത്രമായി കേന്ദ്ര സർക്കാർ സഹകരണ മേഖലയിലെ കള്ളപ്പണം തടയുന്നതിനെന്നപേരിൽ പ്രേത്യക തീരുമാനം കയ്യ് കൊള്ളുകയാണ്. കേരളത്തിലെ നല്ലൊരു ശതമാനം വരുന്ന കർഷകരും, ചെറുകിട കച്ചവടക്കാരും അവരുടെ വരുമാനത്തിൽ നിന്ന് സ്വരുകൂട്ടുന്ന നിക്ഷേപങ്ങളെ ബാധിക്കുന്ന തലത്തിലേക്ക് ഈ തീരുമാനം മാറുമ്പോൾ പൊതുജനങ്ങളോട് ഉത്തരവാദിത്വം കാത്തുസൂക്ഷിക്കുന്ന ഒരു ജനപ്രതിനിധിക്കും അവരുടെ പ്രശനങ്ങളിൽ നിന്ന് മാറി നിൽക്കാനാകില്ല.

കേരളത്തിലെ സഹകരണ മേഖലയിയിൽ കള്ളപണനിക്ഷേപമില്ല എന്ന അന്ധമായ ധാരണയോടയല്ല ഞാനിത് പറയുന്നത് ഇതിനുമുൻപും അത് പറഞ്ഞിട്ടുള്ളതാണ്. സഹകരണ മേഖലയെയും അതോടൊപ്പം കേരളത്തിന്റെ സമ്പദ് വ്യവസ്ഥയെയും തകർത്തുകൊണ്ടാകരുത് ഈ കള്ളപ്പണവേട്ട.

കള്ളപ്പണം പിടികൂടുന്നതിന് കേരളാ സർക്കാർ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകുമ്പോൾ അത് മുഖവിലക്കെടുത്തുകൊണ്ടു സഹകരണ മേഖലയെ സംരക്ഷിക്കുന്ന നിലപാട് പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും കയ്യ് കൊള്ളണം
കർഷകന്റെയും, ചെറുകിട കച്ചവടക്കാരുടെയും മറവിൽ ഒളിഞ്ഞിരിക്കുന്ന കള്ളപ്പണക്കാരെ പിടിക്കുകതന്നെവേണം. പക്ഷെ അത് രാഷ്ട്രീയ പകപോക്കലിനും, മുതലെടുപ്പിനുമായി സാധാരണക്കാരായ ഭൂരിഭാഗം വരുന്ന ജനങ്ങളുടെ സമ്പാദ്യത്തിനും, ജീവിതത്തിനും സംരക്ഷണം നൽകാതെ സഹകരണ പ്രസ്ഥാനങ്ങളെ ഇല്ലായ്മ ചെയ്ത് കേരളത്തിന്റെ സമ്പത്വയവസ്ഥയെ തകർത്താകരുത്.

നമ്മുടെ രാജ്യത്തു നിലകൊള്ളുന്ന സമാന്തര സമ്പദ് വ്യവസ്ഥയെ തകർക്കാനെന്ന പേരിൽ എടുത്ത ഈ നടപടിയുടെ പേരിൽ രാജ്യം ഒരു വെല്ലുവിളിയെ നേരിടുകയാണ്. ഇതിന്റെ തിക്ത ഫലം അനുഭവിക്കുന്നതാകട്ടെ സാധാരണക്കാരും പാവപെട്ടവരുമായ ജനസമൂഹമാണ്.
ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാതെ ദിവസങ്ങൾ ഇത്ര പിന്നിട്ടിട്ടും രാജ്യം ഉറപ്പുനൽകുന്ന പരിഹരിക്കപ്പെടാത്ത അവരുടെ അവകാശങ്ങളെ കുറിച് ചോദ്യങ്ങളും, സംശയങ്ങളും ഉന്നയിക്കുമ്പോൾ രാജ്യസ്നേഹത്തിന്റെ അളവുകോൽ ഉയർത്തി ദയവായി ആരും പരിഹസിക്കരുത്.

രാഷ്ട്രീയമല്ല, രാഷ്ട്രചിന്ത തന്നെയാണ് വലുത്…

പി. സി. ജോർജ്ജ്
എം. എൽ. എ. (ജനപക്ഷം)

DONT MISS
Top