കാര്‍ഡ്ബോര്‍ഡ് പെട്ടികളിലാക്കി നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന എട്ടംഗ സംഘം പിടിയില്‍

bngal

കൊല്‍ക്കത്ത: കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി നവജാത ശിശുക്കളെ വില്‍ക്കുന്ന എട്ടംഗ സംഘത്തെ പൊലീസ് അറസ്റ്റ് ചെയ്തു.  പശ്ചിമ ബംഗാളിലെ ഒരു സ്വകാര്യ നേഴ്‌സിംഗ് ഹോം ഉടമ നസ്മ ബീബിയടക്കമുള്ളവരാണ് പിടിയിലായത്.  നവജാത ശിശുക്കളെ വില്‍പന നടത്തുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്.

നേഴ്‌സിംഗ് ഹോമില്‍ റെയ്ഡ് നടത്തിയ പൊലീസ് പൂട്ടിയിട്ട മെഡിക്കല്‍ റൂം പരിശോധിച്ചപ്പോഴാണ് പെട്ടിയിലാക്കിയ നിലയില്‍ കുഞ്ഞുങ്ങളെ കണ്ടെത്തിയത്. മൂന്ന് കുഞ്ഞുങ്ങളാണ് പെട്ടിയിലുണ്ടായിരുന്നത്. അതില്‍ ഒരു കുഞ്ഞ് ജനിച്ച് മണിക്കൂറുകള്‍ മാത്രമേ ആയിരുന്നുള്ളു എന്ന് പൊലീസ് അറിയിച്ചു.

ഗര്‍ഭിണികളായ അവിവാഹിതരായ യുവതികള്‍ ആശുപത്രിയില്‍ എത്തുമ്പോള്‍ ഗര്‍ഭഛിത്രം നടത്താതിരിക്കാന്‍ നേഴ്സിംഗ് ഹോംകാര്‍ ലക്ഷങ്ങള്‍ നല്‍കിയിരുന്നു. ആണ്‍കുഞ്ഞിന് മൂന്ന് ലക്ഷവും പെണ്‍കുഞ്ഞിന് ഒരു ലക്ഷവുമാണ് നേഴ്‌സിംഗ് ഹോം വില നല്‍കിയിരുന്നത്. കുഞ്ഞ് ജനിച്ചു കഴിഞ്ഞാല്‍ ഉടന്‍ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും. ഇവിടെ നിന്നാണ് പിന്നീട് വില്‍പ്പനക്കാര്‍ക്ക് നല്‍കുക.  സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും ഇതില്‍ പങ്കുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഈ സംഘങ്ങള്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. ഇത് വരെ 25 കുഞ്ഞുങ്ങളെ ഇത്തരത്തില്‍ ഇവര്‍ വിറ്റിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. എന്നാല്‍ കൂടുതല്‍ അന്വേഷണത്തിന് ശേഷം മാത്രമേ കൃത്യമായ കണക്കുകള്‍ നല്‍കാനാവൂ എന്നും പൊലീസ് പറഞ്ഞു.

DONT MISS
Top