കശ്മീരില്‍ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ കൊല്ലപ്പെട്ടു,ഒരു സൈനികന്റെ മൃതദേഹം വികൃതമാക്കി; കനത്ത തിരിച്ചടി നല്‍കുമെന്ന് സൈന്യം

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: കശ്മീരില്‍ തീവ്രവാദികളുമായുള്ള വെടിവെപ്പില്‍ മൂന്ന് ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികന്റെ മൃതദേഹം തീവ്രവാദികള്‍ വികൃതമാക്കിയതായും സൈന്യം അറിയിച്ചു. തീവ്രവാദി ആക്രമണത്തിന് ശക്തമായ തിരിച്ചടി നല്‍കുമെന്ന് സംഭവത്തോട് പ്രതികരിക്കവെ സൈന്യം പറഞ്ഞു. ഇത് ഭീരുത്വമാണെന്നും ഇതിനുളള തിരിച്ചടി കനത്തതായിരിക്കുമെന്നായിരുന്നു സൈന്യത്തിന്റെ പ്രതികരണം. ജമ്മു-കശ്മീരിലെ മച്ചല്‍ മേഖലയിലായിരുന്നു തീവ്രവാദികളും സൈന്യവും തമ്മില്‍ വെടിവെപ്പുണ്ടായത്.

ബന്ദിപൂര ജില്ലയില്‍ നടന്ന വെടിവെപ്പിനൊടുവില്‍ രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചിരുന്നു. ഇവരുടെ കൈയ്യില്‍ നിന്നും പുതിയ രണ്ടായിരത്തിന്റെ നോട്ടുകള്‍ സൈന്യം കണ്ടെടുത്തിരുന്നു.15000 രൂപയാണ് ഭീകരരുടെ കൈവശം ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് 2000ന്റെ നോട്ടുകളും,160 നൂറിന്റെ നോട്ടുകളും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേരും പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൈയ്യില്‍ നിന്നും എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം നിയന്ത്രണ രേഖയ്ക്ക് സമീപം പാക് സൈന്യം നടത്തിയ വെടിവെപ്പില്‍ ഒരു ബിഎസ്എഫ് സൈനികന്‍ കൊല്ലപ്പെടുകയും അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സെപ്തംബറില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കിന് ശേഷം അതിര്‍ത്തിയില്‍ പാകിസ്താന്‍ നിരന്തരമായി വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുകയാണ്.

DONT MISS
Top