ഞാന്‍ ഇപ്പോഴും വിജയ്‌യെ സ്‌നേഹിക്കുന്നു: മനസു തുറന്ന് അമലാ പോള്‍

amala-paul-and-al-vijay

അമലാ പോളും എഎല്‍ വിജയ്‌യും

നടി അമലാ പോളും സംവിധായകന്‍ എഎല്‍ വിജയ്‌യും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്ത ഏറെ ഞെട്ടലോടെയാണ് സിനിമാലോകം ശ്രവിച്ചത്. വേര്‍പിരിയല്‍ വാര്‍ത്തകള്‍ക്ക് പിന്നാലെ നിരവധി വാര്‍ത്തകളും ഇത് സംബന്ധിച്ച് പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും പിരിയാനുള്ള കാരണം വെളിപ്പെടുത്തിയിരുന്നില്ല.

വിവാഹമോചിതയായെങ്കിലും അമല സിനിമാലോകത്ത് സജീവമായിരുന്നു. തമിഴിലും കന്നടയിലുമായി നിരവധി ചിത്രങ്ങള്‍ അമലയുടേതായി ഇനി പുറത്തു വരാനുണ്ട്. അതിനിടയിലാണ് അമല ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിവാഹമോചനത്തെ കുറിച്ച് അമലാ പോള്‍ മനസ് തുറക്കുന്നത്.

തന്നെ സംബന്ധിച്ചിടത്തോളം പുതിയൊരു ജീവിതത്തിന്റെ തുടക്കമാണിത്. 18-ആം വയസിലാണ് ആദ്യമായി സിനിമയില്‍ അഭിനയിക്കുന്നത്. 23-ആം വയസില്‍ വിവാഹിതയായി, 24-ആം വയസില്‍ വിവാഹമോചനവും. സിനിമാമേഖലയില്‍ നിന്ന് തന്നെയാണ് ഞാനും വളര്‍ന്നത്. അതുകൊണ്ട് തന്നെ ഒരു സാധാരണ പെണ്‍കുട്ടിയെപ്പോലെ ജീവിതത്തില്‍ തീരുമാനങ്ങളെടുക്കാന്‍ എനിക്ക് സാധിക്കുമായിരുന്നില്ല, ആരും ഉപദേശിക്കാനും ഇല്ലായിരുന്നു. എന്റെ തെറ്റുകളില്‍ നിന്നാണ് ഞാന്‍ പല കാര്യങ്ങളും പഠിച്ചത്. വിവാഹമോചനത്തിന് ശേഷം ഒരുപാട് കരഞ്ഞു. അത് എനിക്കൊരു പാഠം തന്നെയായിരുന്നു.

amala-paul-1

വിജയ്‌യെ ഞാന്‍ ഇപ്പോഴും സ്‌നേഹിക്കുന്നു. ഇനിയും അങ്ങനെ തന്നെ ആയിരിക്കും. എന്നെ സംബന്ധിച്ച് ജീവിതത്തില്‍ ഏറ്റവും പ്രാധാന്യമുള്ള വ്യക്തിയാണ് വിജയ്. സമയം കടന്ന് പോകുന്നതനുസരിച്ച് സ്‌നേഹവും കടന്ന് പോകുന്നു. വിവാഹമോചനം എന്നെ സംബന്ധിച്ച് ഏറെ ബുദ്ധിമുട്ടേറിയതും വേദന നിറഞ്ഞതുമായ തീരുമാനമായിരുന്നു. പിരിയാന്‍ വേണ്ടിയല്ല ആരും വിവാഹം കഴിക്കുന്നത്. ജീവിതം ആര്‍ക്കും പ്രവചിക്കാനാവില്ല.

വിജയ്‌യെ വിവാഹം കഴിച്ചത് തെറ്റായ തീരുമാണമാണെന്ന് ഒരിക്കലും പറയില്ല. ശരിയായ പ്രായത്തിലല്ല ഞാന്‍ വിവാഹം കഴിച്ചത്. എന്നാല്‍ ഇത് എന്നെത്തന്നെ മനസിലാക്കാന്‍ സഹായിച്ചു. എനിക്ക് പരിഭവമോ പരാതിയോ പശ്ചാത്താപമോ ഇല്ല. ഈ തീരുമാനം എന്നെ തളര്‍ത്തുകയുമില്ല. ഞാന്‍ ഈ വിഷമഘട്ടത്തില്‍ നിന്ന് പതിയെ കര കയറും. സങ്കടം വരുമ്പോള്‍ ഭാവിയെ കുറിച്ച് ഓര്‍ത്ത് പ്രവര്‍ത്തിക്കും. നാളെ എന്ത് സംഭവിക്കും എന്നതില്‍ ഒരുറപ്പും പറയാനാലില്ല. മറ്റുള്ളവരെ വേദനിപ്പിക്കാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിക്കുകയാണ് ഇപ്പോള്‍.

ഒരുപാട് ആളുകള്‍ എന്നെ പിന്തുടരുന്നുണ്ട്. നിങ്ങളുടെ വിവാഹജീവിതം മോശമാണെങ്കില്‍ ഒരു തീരുമാനമെടുക്കാന്‍ ഒട്ടും മടിക്കരുതെന്നാണ് എനിക്ക് അവരോടൊക്കെ പറയാനുള്ളത്. പ്രതിസന്ധിഘട്ടത്തില്‍ എനിക്ക് താങ്ങായി നിന്നത് കുടുംബമായിരുന്നു. പ്രത്യേകിച്ചും സഹോദരന്‍ അഭിജിത്. അവനാണ് എനിക്ക് പൂര്‍ണപിന്തും. അവനില്ലാതെ എനിക്ക് ജീവിക്കാനാകില്ല- അമല വ്യക്തമാക്കി.

amala 6

2011-ല്‍ പുറത്തിറങ്ങിയ ദൈവത്തിരുമകള്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോഴാണ് അമലാ പോള്‍ എഎല്‍ വിജയ്‌യുമായി പ്രണയത്തിലാകുന്നത്. പിന്നീട് 2014 ജൂണ്‍ 12നായിരുന്നു ഇരുവരുടേയും വിവാഹം. വിവാഹജീവിതത്തിലേക്ക് കടന്നെങ്കിലും അമലാ പോള്‍ അഭിനയരംഗത്ത് സജീവമായിരുന്നു.ജയറാം നായകനാകുന്ന അച്ചായന്‍സാണ് അമലയുടെ പുതിയ മലയാള ചിത്രം.

അമലാ പോളും എഎല്‍ വിജയ്‌യും വിവാഹമോചനത്തിനായി ചെന്നൈയിലെ കോടതിയില്‍ ഇപ്പോള്‍ സംയുക്ത ഹര്‍ജി നല്‍കിയിരിക്കുകയാണ്.

DONT MISS
Top