നോട്ട് നിരോധനത്തിന് ഭീകരവാദത്തെ തൊടാനാകില്ല; കൊല്ലപ്പെട്ട തീവ്രവാദികളില്‍ നിന്നും കണ്ടെടുത്തത് പുതിയ 2000 രൂപാ നോട്ടുകള്‍

200-note

ഭീകരരുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയ നോട്ടുകള്‍

കശ്മീര്‍: അതിര്‍ത്തിയില്‍ ഇന്ത്യന്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട ഭീകരുടെ കൈയ്യില്‍ നിന്നും പുതിയ 2000ന്റെ നോട്ടുകള്‍ കണ്ടെത്തി. കശ്മീരിലെ ബന്ദിപോര ജില്ലയിലുണ്ടായ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട രണ്ട് ഭീകരരുടെ കൈയ്യില്‍ നിന്നുമാണ് പുതിയ നോട്ട് കണ്ടെത്തിയത്.

ബന്ദിപോര ജില്ലയില്‍ നിലയുറപ്പിച്ചിരുന്ന സുരക്ഷാ സേനയ്ക്ക് നേരെ തീവ്രവാദികള്‍ നിറയൊഴിക്കുകയായിരുന്നു. തുടര്‍ന്ന് ഇന്ത്യന്‍ സൈന്യം തിരിച്ച് നടത്തിയ പ്രത്യാക്രമണത്തിലാണ് രണ്ട് ഭീകരര്‍ കൊല്ലപ്പെട്ടത്. ശേഷം നടത്തിയ പരിശോധനയിലാണ് ഭീകരരുടെ കൈയ്യില്‍ നിന്നും 2000ന്റെ പുതിയ നോട്ടുകള്‍ കണ്ടെത്തിയത്.

15000 രൂപയാണ് ഭീകരരുടെ കൈവശം ഉണ്ടായിരുന്നത്. ഇതില്‍ രണ്ട് 2000ന്റെ നോട്ടുകളും, 160 നൂറിന്റെ നോട്ടുകളും ഉണ്ടായിരുന്നു. കൊല്ലപ്പെട്ട രണ്ടു പേരും പാകിസ്താന്‍ ഭീകര സംഘടനയായ ലഷ്‌കര്‍ ഇ ത്വയ്ബയുടെ അംഗങ്ങളാണെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ കൈയ്യില്‍ നിന്നും എകെ 47 തോക്കുകളും കണ്ടെടുത്തിട്ടുണ്ട്.

പാകിസ്താന്‍ തീവ്രവാദികള്‍ ഇന്ത്യന്‍ കറന്‍സികള്‍ ഉപയോഗിക്കുന്നത് തടയാനും, കള്ളപ്പണം വെളിച്ചത്ത് കൊണ്ടു വരാനുമെന്ന ഉദ്ധേശത്തോടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 500ന്റെയും 1000ന്റെയും നോട്ടുകള്‍ നിരോധിച്ചത്. എന്നാല്‍ മോദിയുടെ തീരുമാനത്തിന് തിരിച്ചടിയാവുന്നതാണ് പുതിയ സംഭവം. ഭീകരരുടെ കൈയ്യില്‍ നിന്നും കണ്ടെത്തിയ 2000 ന്റെ നോട്ടുകള്‍ പ്രതിപക്ഷം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള ആയുധമാക്കുമെന്നുറപ്പ്.

ഇന്നലെ കശ്മീരില്‍ മുഖംമൂടി ധരിച്ചെത്തിയ നാലു പേര്‍ ബാങ്ക് കൊള്ളയടിച്ചിരുന്നു. നിരോധിച്ച് 500, 1000 നോട്ടുകള്‍ ഇവര്‍ ഉപേക്ഷിക്കുകയും ചെയ്തിരുന്നു. ശ്രീനഗറില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ബാങ്കിലാണ് മോഷണം നടന്നത്.

DONT MISS
Top