മുഴുവന്‍ നിര്‍ദ്ദേശങ്ങളും പാലിച്ചില്ല,തള്ളാനും കൊള്ളാനും കഴിയാത്ത അവസ്ഥ: നോട്ട് പ്രതിസന്ധിയില്‍ പ്രധാനമന്ത്രിയ്ക്കെതിരെ നോട്ട് നിരോധിക്കലിന്റെ ബുദ്ധികേന്ദ്രം അനില്‍ ബോകില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി,അനില്‍ ബോകില്‍

പ്രധാനമന്ത്രി നരേന്ദ്രമോദി,അനില്‍ ബോകില്‍

ദില്ലി: നോട്ട് നിരോധിക്കല്‍ തീരുമാനത്തിന് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതപ്പെടുന്ന അനില്‍ ബോകില്‍ പ്രധാനമന്ത്രിയ്‌ക്കെതിരെ രംഗത്ത്. നോട്ട് നിരോധിക്കല്‍ നടപ്പിലാക്കലിന് കേന്ദ്രത്തിന് വീഴ്ച്ച പറ്റിയെന്നാണ് ബോകിലിന്റെ വിമര്‍ശനം. തന്റെ നിര്‍ദ്ദേശം സ്വീകരിച്ച സര്‍ക്കാര്‍ അത് നടപ്പിലാക്കുന്നതില്‍ വീഴ്ച വരുത്തിയതായി പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ബോകില്‍  പറഞ്ഞു. നോട്ട് നിരോധിക്കാന്‍ സര്‍ക്കാരിന് നിര്‍ദ്ദേശങ്ങള്‍ നല്‍കിയ അര്‍ധക്രാന്തി സംഘടനയ്ക്ക് രൂപം നല്‍കിയ ആളാണ് അനില്‍ ബോകില്‍.

ജൂലൈയില്‍ പ്രധാനമന്ത്രിയ്ക്ക് മുന്‍പാകെ സമര്‍പ്പിച്ച മാര്‍ഗ്ഗ രേഖകളില്‍ നോട്ട് നിരോധനത്തെക്കുറിച്ചും അതിന്റെ നടത്തിപ്പിനെക്കുറിച്ചും വളരെ വ്യക്തമായി പറഞ്ഞിരുന്നു. പദ്ധതി സുഗമമായി നടപ്പിലാക്കാന്‍ അഞ്ച് മാര്‍ഗ്ഗങ്ങായിരുന്നു നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ അതില്‍ വെറും രണ്ടെണ്ണം മാത്രം കണക്കിലെടുത്താണ് സര്‍ക്കാര്‍ നോട്ട് നിരോധിക്കല്‍ നടപ്പിലാക്കിയത്.  അതിനാല്‍ ഒരേസമയം പിന്‍വലിയ്ക്കാനും പൂര്‍ണ്ണമായി സ്വീകരിക്കാനും കഴിയാത്ത സ്ഥിതിയാണ് വന്നിരിക്കുന്നതെന്നും ബോകില്‍ പറഞ്ഞു.

ആഘാതങ്ങളില്ലാതെ എങ്ങനെയാണ് തീരുമാനം നടപ്പിലാക്കേണ്ടതെന്ന് അര്‍ധക്രാന്തി സംഘടന സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നതായി അനില്‍ ബോകില്‍ പറഞ്ഞു. പ്രത്യക്ഷ നികുതി പൂര്‍ണ്ണമായും എടുത്തുകളയാനും ബാങ്ക് ട്രാന്‍സാക്ഷന്‍ നികുതി ഏര്‍പ്പെടുത്താനുമായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നത്. കൂടാതെ പണം പിന്‍വലിക്കുന്നതിന് നികുതി ഏര്‍പ്പെടുത്താതിരിക്കുക എന്നും അര്‍ധക്രാന്തി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ മാര്‍ഗ്ഗ നിര്‍ദേശം ഉണ്ടായിരുന്നു.

കഴിഞ്ഞ 16 വര്‍ഷമായി കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യവുമായി പദ്ധതികള്‍ തയ്യാറാക്കുകയായിരുന്നുവെന്ന് അനില്‍ ബോകില്‍ പറയുന്നു. 2000 ല്‍ രൂപീകരിച്ച സംഘടനയുടെ പ്രധാന ലക്ഷ്യം സാധാരണക്കാരെ ബാധിക്കാതെ എങ്ങനെയാണ് കള്ളപ്പണം ഇല്ലാതാക്കുക എന്നതായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയാകുന്നതിന് മുന്‍പായിരുന്നു നരേന്ദ്രമോദിയുമായി ബോകില്‍ കൂടിക്കാഴ്ച്ച നടത്തുന്നതും നോട്ട് നിരോധിക്കല്‍ അടക്കമുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നതും.

നോട്ട് പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കാനായി പ്രധാനമന്ത്രിയുമായി ഉടന്‍ തന്നെ കൂടിക്കാഴ്ച്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ കൂടിക്കാഴ്ച്ച പ്രധാനമന്ത്രിയുടെ ഓഫീസ് ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല.

DONT MISS
Top