വേദിയിലും സദസ്സിലും ഒരേസമയം രജനികാന്ത്; അമ്പരപ്പിച്ച് 2.0 ഫസ്റ്റ് ലുക്ക് ലോഞ്ച് (വീഡിയോ)

2-0

മുംബെെ: ആരാധകരെ വീണ്ടും ഞെട്ടിച്ച് രജനികാന്ത് ചിത്രം 2.0. വേദിയിലും സദസ്സിലും ഒരേസമയം രജനികാന്ത് എത്തിയതോടെ 2.0 യുടെ ഫസ്റ്റ്‌ലുക്ക് അവതരണ വേദി അക്ഷരാര്‍ത്ഥത്തില്‍ അത്ഭുതക്കാഴ്ച്ചയായി മാറി. ചിത്രത്തിന്റെ ആദ്യഭാഗമായ യന്തിരനില്‍ ഡോക്ടര്‍ വസിഗരനും അദ്ദേഹത്തിന്റെ റോബോര്‍ട്ട് ചിട്ടിയും വലിയ സദസ്സിനുമുന്നില്‍ ഒരേസമയം വരുന്ന സീനുണ്ട്, ലോകത്തിന് മുന്നില്‍ ചിട്ടിയെ പരിചയപ്പെടുത്തുന്ന രംഗമായിരുന്നു അത്. ആ രംഗത്തോട് സമാനമായ രംഗമാണ് കഴിഞ്ഞ ദിവസം അരങ്ങേറിയ മെഗാ ഇവന്റിലും നടന്നത്.

ഇവന്റിന്റെ അവതാരകനായ കരണ്‍ ജോഹര്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകരേയും താരങ്ങളേയും പരിചയപ്പെടുത്തവെയാണ് ഞെട്ടിച്ചു കൊണ്ട് ചിട്ടി സദസില്‍ പ്രത്യക്ഷപ്പെട്ടത്. ചിത്രത്തിലെ നായകനായ രജനികാന്തിനെ വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു കരണ്‍ അപ്പോഴാണ് അപ്രതീക്ഷിതമായ ചിട്ടി രംഗപ്രവേശനം ചെയ്യുന്നത്. തുടര്‍ന്ന് കരണിന്റെ ചോദ്യങ്ങള്‍ക്ക് രസകരമായ മറുപടിയൊക്കെ ചിട്ടി നല്‍കുന്നുണ്ട്. ഇതിനിടെയാണ് നായകനായ രജനികാന്ത് വേദിയിലേക്ക് കടന്ന് വരുന്നത്. വസിയേയും ചിട്ടിയേയും ഒരുമിച്ച് കണ്ടതിന്റെ അമ്പരപ്പ് മാറാതെ കാണികള്‍ നില്‍ക്കവെ ചിത്രത്തെക്കുറിച്ച് വസിയും ചിട്ടിയും വാചാലരാകുന്നു. രജനികാന്തിനോട് അവിശ്വസനീയമാം വിധം സാദൃശ്യം തോന്നുന്നയാളാണ് ചിട്ടിയായി സദസ്സിലെത്തിയത്.

ബ്ലോക്ബസ്റ്ററായ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയില്‍ നടന്ന പരിപാടിയില്‍ ബോളിവുഡ് സംവിധയകനായ കരണ്‍ ജോഹറാണ് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടത്. ചിത്രത്തിലെ അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഗെറ്റപ്പാണ് ഫസ്റ്റ് ലുക്കിന്റെ മുഖ്യാകര്‍ഷണം. 2017 ദിപാവലിയ്ക്കായിരിക്കും ചിത്രം തീയറ്ററുകളിലെത്തുക.

DONT MISS
Top