നോട്ട് അസാധുവാക്കല്‍: ഊര്‍ജിത് പട്ടേല്‍ രാജി വെയ്ക്കണമെന്ന് ബാങ്ക് ഉദ്യോഗസ്ഥരുടെ സംഘടന

urjit-bank

ഊര്‍ജിത് പട്ടേല്‍, ഡി തോമസ് ഫ്രാങ്കോ

ചെന്നൈ: ആയിരത്തിന്റെയും അഞ്ഞൂറിന്റേയും നോട്ടുകള്‍ അസാധുവാക്കിയതിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധിയുടേയും അതേ തുടര്‍ന്നുണ്ടായ 11 ബാങ്ക് ഉദ്യോഗസ്ഥരുടേതടക്കം 50-ലേറെ മരണങ്ങളുടേയും ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ രാജി വെയ്ക്കണമെന്ന് ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ ആവശ്യപ്പെട്ടു.

‘ആസൂത്രണമില്ലാതെ കടുത്ത സാമ്പത്തിക തീരുമാനങ്ങള്‍ എടുത്ത നിലവിലെ ഗവര്‍ണര്‍ ഒരു പരാജയമാണ്. ഇദ്ദേഹത്തിന്റെ തീരുമാനങ്ങള്‍ രാജ്യത്തെ സമ്പദ് വ്യവസ്ഥയെ താറുമാറാക്കി.’- കോണ്‍ഫെഡറേഷന്റെ സീനിയര്‍ വൈസ് പ്രസിഡന്റ് ഡി തോമസ് ഫ്രാങ്കോ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിയോ, ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോ സാമ്പത്തിക വിദഗ്ധര്‍ അല്ല. ജനങ്ങളുടെ ജീവിതത്തെ ബാധിക്കാതെ ശരിയായ തീരുമാനങ്ങള്‍ എടുക്കാന്‍ കഴിവുള്ള സാമ്പത്തിക വിദഗ്ധര്‍ റിസര്‍വ്വ് ബാങ്കില്‍ ഉണ്ട്. 1978-ല്‍ ജനതാ സര്‍ക്കാര്‍ നോട്ടുകള്‍ പിന്‍വലിക്കാന്‍ തീരുമാനിച്ചപ്പോള്‍ അന്നത്തെ റിസര്‍വ്വ് ബാങ്ക് ഗവര്‍ണറായിരുന്ന ഐജി പട്ടേല്‍ എതിര്‍ത്തിരുന്നു എന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

‘ഒഴിവാക്കിയ മുഷിഞ്ഞ നൂറ് രൂപ നോട്ടുകളാണ് നമുക്ക് ലഭിക്കുന്നത്. റിസര്‍വ്വ് ബാങ്ക് ഇവ വീണ്ടും അവതരിപ്പിച്ചതു കൊണ്ടാണ് ഇങ്ങനെ.’- ഫ്രാങ്കോ പറയുന്നു. എടിഎമ്മുകള്‍ക്കും സിഡിഎമ്മുകള്‍ക്കും ഈ നോട്ടുകള്‍ എടുക്കാന്‍ കഴിയില്ല. 2000-ത്തിന്റെ നോട്ട് അവതരിപ്പിക്കുന്നതിന് പകരം 100-ന്റേയും 500-ന്റേയും നോട്ടുകള്‍ കൂടുതലായി പ്രിന്റ് ചെയ്യുകയായിരുന്നു വേണ്ടത്. 500-ന്റെ നോട്ടുകള്‍ പ്രിന്റ് ചെയ്യുന്നതിന് എന്തായിരുന്നു തടസം എന്നും അദ്ദേഹം ചോദിച്ചു.

10 ലക്ഷം കോടി രൂപയുടെ നിക്ഷേപമുള്ള സഹകരണ ബാങ്കുകളെ നോട്ടുകള്‍ മാറ്റി നല്‍കാന്‍ റിസര്‍വ്വ് ബാങ്ക് അനുവദിക്കുന്നില്ല. രാജ്യത്തെ വിദൂര പ്രദേശങ്ങളില്‍ മാത്രം ഒരു ലക്ഷത്തിലേറെ ശാഖകള്‍ സഹകരണ ബാങ്കുകള്‍ക്ക് ഉണ്ട്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഇതിന്റെ പ്രത്യാഘാതങ്ങള്‍ 12 മുതല്‍ 15 മാസം വരെ ഉണ്ടാകുമെന്നും തോമസ് ഫ്രാങ്കോ പറഞ്ഞു.

DONT MISS
Top