വ്യാജവാര്‍ത്തകള്‍ക്കെതിരെ പോരാടാനുള്ള ‘അല്‍ഗരിതം’ വിശദീകരിച്ച് ഫെയ്‌സ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ്

mark

മാര്‍ക്ക് സക്കര്‍ബര്‍ഗ്

വാഷിംഗ്ടണ്‍: വ്യാജവാര്‍ത്തകളുടെ പേരില്‍ മാധ്യമസ്ഥാപനങ്ങളേക്കാള്‍ കൂടുതല്‍ പഴി കേള്‍ക്കുന്ന സ്ഥാപനമാണ് ലോകത്തെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമായ ഫെയ്‌സ്ബുക്ക്. കഴിഞ്ഞ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞടുപ്പില്‍ ഹിലരി ക്ലിന്റണ്‍ തോല്‍ക്കാന്‍ കാരണം ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ച വ്യാജ വാര്‍ത്തകളാണെന്ന് വരെ ആരോപണമുണ്ടായി. ഇതുകൊണ്ട് തന്നെയാണ് വ്യാജവാര്‍ത്തകള്‍ക്കെതിരായ നടപടികള്‍ സ്വീകരിക്കാന്‍ ഫെയ്‌സ്ബുക്ക് നിര്‍ബന്ധിതരായത്. ഫെയ്‌സ്ബുക്കിന്റെ സ്ഥാപകനും സിഇഒയുമായ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം അറിയിച്ചത്.

തങ്ങള്‍ ടെക്‌നോളജി കമ്പനിയാണ്, അല്ലാതെ പബ്ലിഷിംഗ് കമ്പിനി അല്ല എന്ന് ഫെയ്‌സ്ബുക്ക് പലതവണ വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഫെയ്‌സ്ബുക്കില്‍ പ്രസിദ്ധീകരിക്കുന്ന പോസ്റ്റുകളുടെ ഉത്തരവാദിത്തം കമ്പനിയ്ക്ക് ഇല്ല. ഉപഭോക്താക്കള്‍ക്കാണ് പോസ്റ്റുകളുടെ ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തമെന്നും ഫെയ്‌സ്ബുക്ക് വാദിച്ചിരുന്നു.

ട്രംപിന്റെ വിജയത്തിന്റെ ഉത്തരവാദിത്തം ഫെയ്‌സ്ബുക്കിലൂടെ പ്രചരിച്ച തെറ്റിദ്ധാരണാജനകമായ വ്യാജ വാര്‍ത്തകളാണെന്ന വാദം സക്കര്‍ബര്‍ഗ് തള്ളിയിരുന്നു. ‘ഭ്രാന്തന്‍ ആശയം’ എന്നാണ് അദ്ദേഹം ഇതിനെ വിശേഷിപ്പിച്ചത്. മാത്രമല്ല ഫെയ്‌സ്ബുക്കിലുള്ള 99 ശതമാനം കാര്യങ്ങളും സത്യമാണെന്നും ‘വളരെ കുറച്ച്’ കാര്യങ്ങള്‍ മാത്രമേ തെറ്റായവ ഉള്ളു എന്നും സക്കര്‍ബര്‍ഗ് പറഞ്ഞിരുന്നു.

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ശബ്ദമാണ് വെള്ളിയാഴ്ച സക്കര്‍ബര്‍ഗില്‍ നിന്ന് ഉണ്ടായത്. തെറ്റായവിവരങ്ങള്‍ ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്നതിനെതിരായ പരിശ്രമങ്ങള്‍ ഫെയ്‌സ്ബുക്ക് നടത്തിക്കൊണ്ടിരിക്കുകയാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. ഇത് സാങ്കേതികമായും താത്വികമായും സങ്കീര്‍ണമായ പ്രശ്‌നമാണ് എന്നും മാര്‍ക്ക് പറയുന്നു. ഫെയ്‌സ്ബുക്കില്‍ പ്രചരിക്കുന്ന വിവരങ്ങളില്‍ തെറ്റായവ വളരെ കുറഞ്ഞ അളവിലാണ് എന്നതിനാല്‍ തന്നെ ഇതിനെതിരെയുള്ള തങ്ങളുടെ ജോലി കൂടും എന്നും അദ്ദേഹം പറയുന്നു.

വ്യജ വാര്‍ത്തകള്‍ തടയാനായി തങ്ങള്‍ സ്വീകരിച്ച മാര്‍ഗങ്ങളും സക്കര്‍ബര്‍ഗ് പറഞ്ഞു. തെറ്റാണ് എന്ന് ഉപഭോക്താക്കള്‍ കരുതുന്ന പോസ്റ്റുകള്‍ അവര്‍ക്കുമുന്‍പേ ഫെയ്‌സ്ബുക്ക് സ്വയം തിരിച്ചറിയുക എന്നതാണ് ഒരു രീതി.

തെറ്റായ വിവരങ്ങള്‍ ഫെയ്‌സ്ബുക്കിന് റിപ്പോര്‍ട്ട് ചെയ്യാനുള്ള ഉപാധി കൂടുതല്‍ എളുപ്പമുള്ളതാക്കും. മാത്രമല്ല, വിവരങ്ങളുടെ ആധികാരികത ഉറപ്പു വരുത്താനായി പുറത്തു നിന്നുള്ള കമ്പിനികളുടേയും മാധ്യമപ്രവര്‍ത്തകരുടേയും സഹായം ലഭ്യമാക്കും. തെറ്റായ വിവരങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ള പോസ്റ്റുകളില്‍ ‘ഇത് തെറ്റായ വിവരമാകാം’ എന്ന ലേബലുകള്‍ കൊണ്ടുവരും. വ്യാജവാര്‍ത്തകള്‍ ഫെയ്‌സ്ബുക്കിലൂടെ പ്രചരിക്കുന്നവരെ പരസ്യം ചെയ്യാന്‍ അനുവദിക്കില്ല എന്ന പുതിയ പരിഷ്‌കാരവും ഉണ്ട്.

വാര്‍ത്തകള്‍ ഷെയര്‍ ചെയ്യുന്നത് നിരുല്‍സാഹപ്പെടുത്തുകയല്ല, മറിച്ച് ഉള്ളടക്കത്തിന്റെ ആധികാരികത ഉറപ്പു വരുത്തുക എന്നതാണ് പമ്പിനിയുടെ നിലപാട് എന്ന് സക്കര്‍ബര്‍ഗ് പറയുന്നു. ‘കമ്യൂണിറ്റി സ്റ്റാന്‍ഡേഡ്‌സ്’ വിപുലീകരിച്ചാണ് വ്യാജവാര്‍ത്തകള്‍ക്കെതിരായ നീക്കം ഫെയ്‌സ്ബുക്ക് നടത്തുന്നത്. അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഫലത്തെ ഫെയ്‌സ്ബുക്ക് സ്വാധീനിച്ചു എന്ന ആരോപണം തന്നെയാണ് സക്കര്‍ബര്‍ഗിനെ പുതിയ നീക്കം നടത്തായനായി നിര്‍ബന്ധിതനാക്കിയത്.

DONT MISS
Top