മല്ല്യയോട് കാണിച്ച കരുണ എന്നോടും കാണിച്ചുകൂടെ; എസ്ബിഐയ്ക്ക് ശുചീകരണ തൊഴിലാളിയുടെ കത്ത്

വിജയ് മല്ല്യ

വിജയ് മല്ല്യ

മുംബൈ: വിജയ് മല്ല്യയുടേതടക്കമുള്ള 7000 കോടിയലധികം രൂപയുടെ കടം എസ്ബിഐ എഴുതി തള്ളിയെന്ന ആരോപണം ഉയരുന്ന സാഹചര്യത്തില്‍ എസ്ബിഐയ്ക്ക് നാഷികിലെ ശുചീകരണ തൊഴിലാളിയുടെ കത്ത്. മല്ല്യയുടെ കടം എഴുതിതള്ളിയതിന് സമാനമായ രീതിയില്‍ തന്റേയും കടം എഴുതി തള്ളണമെന്നായിരുന്നു കത്ത്.

മഹാരാഷ്ട്രയിലെ നാഷിക് ജില്ലയിലെ ത്രയംമ്പകേശ്വര്‍ മുന്‍സിപ്പാലിറ്റിയിലെ ശുചീകരണ തൊഴിലാളിയായ ഭുരാവോ സോനവാനെയാണ് കത്തയച്ചത്. മല്ല്യയുടെ കടം എഴുതി തള്ളിയത് നല്ല തീരുമാനമാണെന്നും അതുപോലെ തന്റെ ലോണും എഴുതി തള്ളണമെന്നുമാണ് കത്തിലുള്ളത്. ബാങ്കിന്റെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട് കത്തില്‍. തന്റെ മകന്റെ ചികിത്സയ്ക്കായാണ് ബാങ്കില്‍ നിന്നും ലോണെടുത്തതും ഇപ്പോള്‍ തിരികെ അടക്കാന്‍ നിര്‍വ്വാഹമില്ലെന്നും സോനവാനെ പറയുന്നു.

ഇയാളുടെ കത്തിന് ബാങ്ക് അധികൃതരുടെ മറുപടി ഇതുവരേയും ലഭിച്ചിട്ടില്ല. മല്ല്യയുടെ ഉടമസ്ഥതയിലുള്ള കിംഗ്ഫിഷറിന്റെ 7000 കോടിയില്‍ പരം രൂപയുടെ കടം എഴുതി തള്ളിയെന്ന് വ്യാപക ആരോപണമുണ്ടായിരുന്നു. എന്നാല്‍ മല്ല്യയുടെ കടം എഴുതി തള്ളിയിട്ടില്ലെന്നും ബാങ്ക് രേഖകളില്‍ നിന്നും മാറ്റുന്ന സാങ്കേതിക പ്രക്രിയ മാത്രമാണെന്നും കടം നിലനില്‍ക്കുന്നതായും ബാങ്ക് വെളിപ്പെടുത്തിയിരുന്നു.

DONT MISS
Top