ഗൂഗിളിന്റെ മേഘത്തിലേറാനൊരുങ്ങി വോഡഫോണ്‍; ഗൂഗിള്‍ ക്ലൗഡുമായി വോഡഫോണ്‍ കൈകോര്‍ക്കുന്നു

voda-google

ജി സ്യൂട്ട് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായാണ് ഇരു കമ്പിനികളും തമ്മില്‍ കൈകോര്‍ക്കുന്നത്.

ആഗോള ഇന്റര്‍നെറ്റ് ഭീമനായ ഗൂഗിളിന്റെ ക്ലൗഡ് സേവനമായ ഗൂഗിള്‍ ക്ലൗഡുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തങ്ങള്‍ തീരുമാനിച്ചുവെന്ന് വോഡഫോണ്‍ ഇന്ത്യയുടെ എന്റര്‍പ്രൈസ് വിഭാഗമായ വോഡഫോണ്‍ ബിസിനസ് സര്‍വ്വീസ് (വിബിഎസ്) പ്രഖ്യാപിച്ചു. കമ്പനികളിലെ പ്രവര്‍ത്തനം സുഗമമാക്കാനും ജീവനക്കാരെ ഒരു കുടക്കീഴിലാക്കി സ്മാര്‍ട്ടാക്കാനും സഹായിക്കുന്ന ഗൂഗിളിന്റെ ജി സ്യൂട്ട് സേവനം ഇന്ത്യയില്‍ അവതരിപ്പിക്കുന്നതിനായാണ് ഇരു കമ്പനികളും തമ്മില്‍ കൈകോര്‍ക്കുന്നത്.

‘ഇന്റലിജന്റ് ആപ്ലിക്കേഷനു’കളുടെ ഒരു കൂട്ടമാണ് ജി സ്യൂട്ട്. ഗൂഗിളിന്റെ സേവനങ്ങളായ ജിമെയില്‍, ഡോക്‌സ്, കലണ്ടര്‍, ഹാംഗ്ഔട്ട്‌സ് എന്നിവയെല്ലാം ഇതിന് കീഴില്‍ ഉണ്ട്. ജി സ്യൂട്ടിലെ ആപ്ലിക്കേഷനുകള്‍ എല്ലാം ഓരോ നിമിഷവും പരസ്പരബന്ധിതമായാണ് പ്രവര്‍ത്തിക്കുക.

വോഡഫോണ്‍ എന്റര്‍പ്രൈസിന്റെ ഉപഭോക്താക്കള്‍ക്ക് സൗകര്യപ്രദമായും സുരക്ഷിതമായും ജി സ്യൂട്ട് ഉപയോഗിക്കാന്‍ കഴിയും. ഉപയോഗിക്കുന്നതിനനുസരിച്ച് പണം നല്‍കുന്ന തരം സേവനമായിരിക്കും (എസ്എഎഎസ്- സോഫ്റ്റ്‌വെയര്‍ അസ് എ സര്‍വീസ്) ഇതെന്ന് കമ്പനി പ്രസ്താവനയിലൂടെ അറിയിച്ചു.

ഇന്ത്യയിലെ സംരംഭകരെ സഹായിക്കാനായി ഗൂഗിളുമായി കൈകോര്‍ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് വോഡഫോണ്‍ ബിസിനസ് സര്‍വ്വീസിന്റെ ഡയറക്ടര്‍ നിക്ക് ഗ്ലിഡന്‍ പറഞ്ഞു. വോഡഫോണ്‍ മുഖേനെ ജി സ്യൂട്ട് ഉപയോഗിച്ച് ഗണ്യമായ ഉല്‍പ്പാദനക്ഷമത നേടാന്‍ സംരംഭകര്‍ക്ക് കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

ജി സ്യൂട്ട് എന്നത് ക്ലൗഡ് അധിഷ്ഠിത സേവനമാണ്. സംരംഭകര്‍ക്ക് ഇത് സുരക്ഷിതമായി ലഭ്യമാക്കാനും ആക്ടിവേഷന്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കും സംരംഭകരെ വോഡഫോണ്‍ സഹായിക്കും. സംരംഭകര്‍ക്കാവശ്യമായ സേവനങ്ങള്‍ ലഭ്യമാക്കാനായി ക്ലൗഡ് സപ്പോര്‍ട്ട് ടീമും ഉണ്ടാകും.

DONT MISS
Top