‘വിമര്‍ശകര്‍ നിങ്ങളുടെ എംഎല്‍എ ആയ മുകേഷ് വാഹനം എവിടെ രജിസ്റ്റര്‍ ചെയ്തുവെന്ന് അന്വേഷിക്കണം’; നികുതിവെട്ടിപ്പ് ആരോപണത്തില്‍ സുരേഷ്‌ഗോപി

mukesh
തിരുവനന്തപുരം: സംസ്ഥാന വാഹനനികുതി നല്‍കാതിരിക്കാനാണ് കേന്ദ്രഭരണപ്രദേശമായ പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയതതെന്ന ആരോപണത്തിന് മറുപടിയുമായി ബിജെപി എംപിയും നടനുമായ സുരേഷ്‌ഗോപി രംഗത്ത്. വാഹനനികുതി ഒഴിവാക്കാനല്ല താന്‍ പിവൈ രജിസ്‌ട്രേഷന്‍ എടുത്തതെന്നും വിവാദങ്ങള്‍ ഉണ്ടാക്കുന്നവര്‍ക്ക് പരിഭ്രാന്തിയാണെന്നും സുരേഷ്‌ഗോപി റിപ്പോര്‍ട്ടറോട് പ്രതികരിച്ചു.

സഹകരണമേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ പരിഭ്രാന്തരായവരാണ് ഇത്തരത്തിലുള്ള ആരോപണങ്ങളുമായി രംഗത്ത് വരുന്നത്. കൃത്യമായ തവണകള്‍ അടച്ചുകൊണ്ടാണ് ഞാന്‍ മുന്നോട്ട് പോകുന്നത്. അത് ആര്‍ക്കും പരിശോധിക്കാമെന്നും സുരേഷ്‌ഗോപി പറഞ്ഞു. വിമര്‍ശകര്‍ അവരുടെ എംഎല്‍എ ആയ മുകേഷിന്റെ വാഹനരജിസ്‌ട്രേഷനും നമ്പറും പരിശോധിക്കണം. എവിടുന്ന് എടുത്തു, എത്ര നികുതി മുക്കി എന്നൊക്കെ അന്വേഷിക്കണം. അല്ലാതെ വിവാദങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ള പഴുതായി മറ്റൊരു വിവാദം ഉണ്ടാക്കരുതെന്നും അദ്ദേഹം പറഞ്ഞു. അഞ്ച് വര്‍ഷം മുമ്പ് മറ്റൊരു ഓഡി ക്യു 7 പോണ്ടിച്ചേരിയില്‍ തന്നെയാണ് രജിസ്റ്റര്‍ ചെയ്തത്. അവിടെ തനിക്ക് മേല്‍വിലാസം ഉണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.

സുരേഷ്‌ഗോപി പോണ്ടിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തത് നികുതി വെട്ടിക്കാനാണെന്ന് നവമാധ്യമങ്ങളിലാണ് ചര്‍ച്ചയായത്. കേരളത്തില്‍ നിന്ന് ബിജെപിയ്ക്ക് ആകെയുള്ള എംപിയായ സുരേഷ് ഗോപിയും നികുതി വെട്ടിച്ചിട്ടുണ്ടോ എന്നാണ് ഫെയ്‌സ്ബുക്ക് ഉപയോക്താക്കളുടെ ചോദ്യം. ദീപക് ശങ്കരനാരായണന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ആണ് ഇത്തരം ഒരു ചര്‍ച്ചയ്ക്ക് വഴിമരുന്നിട്ടത്.

കേന്ദ്ര ഭരണപ്രദേശമായതിനാല്‍ പോണ്ടിച്ചേരിയില്‍ വാഹനങ്ങള്‍ രജിസ്ട്രര്‍ ചെയ്താല്‍ സംസ്ഥാനനികുതിയില്‍ നിന്ന് ഒഴിവായി കിട്ടും. അതായത് കോടികള്‍ വിലമതിക്കുന്ന വാഹനം വാങ്ങുന്നയാള്‍ സംസ്ഥാന ഖജനാവിലേയ്ക്ക്, പവപ്പെട്ടവന് മരുന്നും പെന്‍ഷനുമാകേണ്ട നികുതി അടക്കാന്‍ തയ്യാറല്ലെന്നു തന്നെ. പോണ്ടിച്ചേരിയില്‍ ഇരുപത് ലക്ഷം രൂപക്ക് മുകളിലുള്ള ഏത് കാറിനും 55,000 രൂപ ഫഌറ്റ് ടാക്‌സാണ് അതിന് താഴെയുള്ളവക്ക് വെറും പതിനയ്യായിരം രൂപയും. ഏറ്റവും റോഡ് ടാക്‌സ് കുറവുള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം. വലിയ കാറുകള്‍ക്ക് 8%. 75 ലക്ഷത്തോളം വിലയുള്ള ഓഡി ക്യു 7 കാറിന് കേരളത്തില്‍ പോണ്ടിച്ചേരിയില്‍ നിന്ന് വാങ്ങിയാല്‍ ഏതാണ്ടൊരു അഞ്ചര ലക്ഷം രൂപ ടാക്‌സ് മുക്കാം. പോണ്ടിച്ചേരിയില്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ തല്‍ക്കാലത്തേക്ക് ഒരു അഡ്രസ് വേണം. അത് പൊതുവെ ഡീലര്‍മാര്‍ തന്നെ കൊടുത്തോളും. ഓഡി ക്യു 7 ന് ഇരുപതുശതമാനം വരെ നികുതി വരുമെന്ന് അറിയുന്നു. അത് ശരിയാണെങ്കില്‍ ഇതിലും വളരെ വലുതായിരിക്കും ടാക്‌സ് വെട്ടിപ്പെന്നും ശങ്കരനാരായണന്‍ പറയുന്നു.

നിയപ്രകാരം വാഹനം ഒരു മാസത്തില്‍ കൂടുതല്‍ മറ്റൊരു സംസ്ഥാനത്ത് ഓടിക്കാന്‍ പാടില്ല. ഒരു മാസത്തിനുള്ളില്‍ ആര്‍ ടി ഓ ഓഫീസില്‍ അറിയിക്കണം, ആറുമാസത്തിനുള്ളിലോ മറ്റോ മാറിയ സ്റ്റേയ്റ്റിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റണം. പഴയ സ്റ്റേയ്റ്റില്‍ നിന്നും ടാക്‌സ് പിന്നീട് റീഫണ്ട് കിട്ടും. പക്ഷേ മാറുന്നത് ഏത് സ്റ്റേയ്റ്റിലേക്കാണോ ആ സ്റ്റേയ്റ്റിലെ ടാക്‌സ് വാഹനത്തിന്റെ പഴക്കത്തിനനുസരിച്ച് മുഴുവനായും അടക്കണം.

നിയമപരമായും ധാര്‍മ്മികമായും ഒരു വാഹനം ഉപയോഗിക്കുന്ന സംസ്ഥാനത്താണ് അതിന്റെ നികുതി അടക്കേണ്ടത്. ജോലിയോ താമസമോ മാറുമ്പോള്‍ ആളുകള്‍ സ്വകാര്യവാഹങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറ്റാറുണ്ട്, കേരളം പൊതുവേ അത്തരം മാറ്റങ്ങളോട് സൗഹാര്‍ദ്ദപൂര്‍ണ്ണമായ സമീപനമാണ് എടുക്കാറുള്ളതെന്നും ശങ്കരനാരായണന്‍ കുറിക്കുന്നു.

ഒരു ചാനല്‍ പരിപാടിയില്‍ യാദൃശ്ചികമായാണ് സുരേഷ്‌ഗോപിയുടെ വാഹന നമ്പറില്‍ കണ്ണുടക്കിയതെന്ന് ശങ്കരനാരായണന്‍ പറയുന്നു. പിവൈ 01 ബിഎ 0999 എന്ന നമ്പറുള്ള എംപി ബോര്‍ഡ് വെച്ചതാണ് സുരേഷ്‌ഗോപിയുടെ ക്യു 7 വാഹനം. വാഹന നമ്പറുകള്‍ വച്ച് ഉടമയെ കണ്ടുപിടിക്കാനുള്ള സര്‍ക്കാര്‍ സംവിധാനത്തിലേക്ക് സന്ദേശം അയച്ച് ഇതിന്റെ ഉടമസ്ഥന്‍ സുരേഷ്‌ഗോപിയാണെന്ന് ഉറപ്പുവരുത്തിയതായും ശങ്കരനാരായണന്‍ പറയുന്നു.

നികുതിവെട്ടിപ്പിനെതിരെ പൊരുതി മരിക്കുന്ന കേരളത്തിലെ ബി ജെപിയുടെ ആകപ്പാടെയുള്ള ഒരു എംപിയായ സുരേഷ് ഗോപിക്ക് പോണ്ടിച്ചേരിയില്‍ വീടുണ്ടോ, സ്ഥിരതാമസക്കാരനാണോ, വണ്ടി വല്ലപ്പോഴും കേരളത്തില്‍ കൊണ്ടുവന്നതാണോ, ഇനി വണ്ടി ഡെല്‍ഹിയിലാണോ ഓടുന്നത്, എന്നൊന്നും തനിക്കറിയില്ലെന്നും ശങ്കരനാരായണന്‍ പറയുന്നുണ്ട്.

എന്നാല്‍ വേറൊരിടത്ത് ഓടുന്ന വണ്ടി പോണ്ടിച്ചേരിയിലെ റോഡല്ല ഉപയോഗിക്കുന്നത് എന്നും റോഡ് ടാക്‌സ് റോഡ് ഉപയോഗിക്കുന്നതിനാണെന്നും തനിക്ക് അറിയാമെന്നും അദ്ദേഹം പറയുന്നു. എന്തായാലും ആഢംഭര കാറു വാങ്ങി സുരേഷ്‌ഗോപി നികുതിവെട്ടിച്ചെന്ന പ്രചരണത്തെ ചര്‍ച്ചകളാക്കി നവമാധ്യമങ്ങള്‍ ഏറ്റെടുത്തിട്ടുണ്ട്. ഇതിന് മറുപടിയുമായാണ് ഇപ്പോള്‍ സുരേഷ്‌ഗോപി രംഗത്തെത്തിയിരിക്കുന്നത്.

DONT MISS
Top