ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസ്: പിവി സിന്ധു സെമിയില്‍

പിവി സിന്ധു

പിവി സിന്ധു

ബീജിങ്: ഇന്ത്യന്‍ പ്രതീക്ഷകള്‍ക്ക് ചിറകേകി ഒളിംപിക് വെള്ളിമെഡല്‍ ജേത്രി പിവി സിന്ധു ചൈന ഓപ്പണ്‍ സൂപ്പര്‍ സീരീസിന്റെ സെമിയില്‍ കടന്നു. ക്വാര്‍ട്ടറില്‍ ആതിഥേയ താരത്തെ പരാജയപ്പെടുത്തിയാണ് സിന്ധു അവസാന നാലിലേക്ക് ഇടം നേടിയത്.

ചൈനയുടെ സീഡില്ലാ താരം ബിങ്ജിയോ ഹിയെ നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സിന്ധു തുരത്തിയത്. സ്‌കോര്‍ 22-20, 21-10. ആദ്യ ഗെയിമില്‍ ഇഞ്ചോടിഞ്ച് പോരാട്ടം കണ്ടെങ്കിലും രണ്ടാം ഗെയിമില്‍ എതിരാളിയെ നിഷ്പ്രഭമാക്കി സിന്ധു വിജയം കണ്ടെത്തുകയായിരുന്നു.

അതേസമയം പുരുഷ വിഭാഗത്തില്‍ ഇന്ത്യന്‍ താരം അജയ് ജയറാം ക്വാര്‍ട്ടറില്‍ പുറത്തായി. ഒളിംപിക് ചാമ്പ്യനും രണ്ട് തവണ ലോകചാമ്പ്യനുമായ ചൈനയുടെ ചെന്‍ ലോങിനോടാണ് അജയ് തോല്‍വി സമ്മതിച്ചത്. സ്‌കോര്‍ 15-21, 14-21. മത്സരം 40 മിനിട്ടില്‍ തീര്‍ന്നു.

മറ്റ് ഇന്ത്യന്‍ താരങ്ങളായ സൈന നെഹ്വാള്‍, എച്ച് എസ് പ്രണോയ് എന്നിവര്‍ നേരത്തെ തന്നെ പുറത്തായിരുന്നു.

DONT MISS
Top