തെരുവുനായ്ക്കളെ കൊല്ലാന്‍ സംഘടനകള്‍ രംഗത്തിറങ്ങേണ്ടെന്ന് സുപ്രീംകോടതി

stray-dog

തിരുവനന്തപുരം: കേരളത്തില്‍ തെരുവുനായ്ക്കളെ കൊല്ലുന്നതിനായി രൂപീകരിച്ച സംഘടനകള്‍ക്കെതിരെ സുപ്രീംകോടതി. ചട്ടങ്ങള്‍ പ്രകാരം അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അധികാരം സര്‍ക്കാരിനാണെന്നിരിക്കെ ദൗത്യവുമായിറങ്ങാന്‍ സംഘടനകള്‍ക്ക് എന്ത് അധികാരമാണുള്ളതെന്ന് സുപ്രീംകോടതി ആരാഞ്ഞു. ഇത്തരം സംഘടനകള്‍ക്കെതിരെ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റിയോട് നിര്‍ദേശിച്ചു.

തെരുവ് നായ്ക്കളെ കൊല്ലാന്‍ പരസ്യമായി ആഹ്വാനം നല്‍കുന്ന ജോസ് മാവേലിയോട് നേരിട്ട് ഹാജരാകാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. നായ്ക്കളെ കൊല്ലുന്നതിനായുള്ള സംഘടനകളുടെ പ്രവര്‍ത്തനം നിയമപരമല്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കേരളത്തിലെ വിവിധ സംഘടനകളും ക്ലബുകളും തെരുവുനായകളെ കൊല്ലാന്‍ രംഗത്തിറങ്ങുയിരിക്കുന്നത് നഗ്‌നമായ നിയമ ലംഘനമാണെന്ന് മൃഗസ്‌നേഹികളുടെ കൂട്ടായ്മയാണ് സുപ്രീംകോടതിയെ അറിയിച്ചത്.

വിവേചനരഹിതമായി നായ്ക്കളെ കൊല്ലരുതെന്ന ഒക്ടോബറിലെ സുപ്രീംകോടതി വിധി ലംഘിച്ചുകൊണ്ടുള്ള ഈ സംഘടനകളുടെ പ്രവര്‍ത്തനം നിരോധിക്കണമെന്നും മൃഗസ്‌നേഹികള്‍ ആവശ്യപ്പെട്ടു. പിഞ്ചു കുട്ടികള്‍ക്ക് നായ്കളെ കൊല്ലാന്‍ പരിശീലനം നല്‍കുന്നുവെന്നും എയര്‍ ഗണ്ണും സ്വര്‍ണ്ണനാണയങ്ങളും പാരിതോഷികമായി നല്‍കുന്നുവെന്നുമുള്ള റിപ്പോര്‍ട്ടുകളില്‍ കോടതി ആശങ്കയറിയിച്ചു. ചട്ടങ്ങള്‍ പ്രകാരം അക്രമകാരികളായ നായ്ക്കളെ കൊല്ലാനുള്ള അധികാരം സര്‍ക്കാരിനാണെന്നിരിക്കെ ദൗത്യവുമായിറങ്ങാന്‍ സംഘടനകള്‍ക്കെന്തധികാരമാണുള്ളത് എന്ന് ജസ്റ്റിസ് ദീപക് മിശ്രയുടെ അധ്യക്ഷതയില്‍ ഉള്ള ബെഞ്ച് ആരാഞ്ഞു.

നായകളെ കൊല്ലുന്ന സംഘടനകളുടെ നിലപാടും കൊല്ലുകയേ വേണ്ടെന്ന മൃഗ സ്‌നേഹികളുടെ നിലപാടും ഒരുപോലെ തെറ്റാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. സംഘടനകള്‍ക്കെതിരായ സര്‍ക്കാരിന്റെ കൂടി എതിര്‍പ്പ് പരിഗണിച്ചാണ് ഇവയുടെ പ്രവര്‍ത്തനത്തെ പറ്റി അന്വേഷിച്ച് ജസ്റ്റിസ് സിരിജഗന്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടത്. നായകളെ കൊന്ന് പ്രദര്‍ശിപ്പിച്ച 17 കേസുകളില്‍ പോലീസിന്റെ അന്വേഷണ റിപ്പോര്‍ട്ട് നേരിട്ട് സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്യണം. കേരളത്തില്‍ നായകളുടെ ആക്രമണം വര്‍ദ്ധിക്കുന്നതിനാല്‍ കേന്ദ്ര ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ സര്‍ക്കാരിന് നായകളെ കൊല്ലാം. സംസ്ഥാന ചട്ടപ്രകാരം തദ്ദേശ സ്വയംഭരണ സ്ഥാപങ്ങള്‍ക്ക് ഉചിതമായ നടപടിയെടുക്കാന്‍ അനുമതി നല്‍കണമെന്ന സര്‍ക്കാരിന്റെ ആവശ്യത്തില്‍ കോടതി അഭിപ്രായം പറഞ്ഞില്ല.

DONT MISS
Top