തേടി അലയേണ്ട, ഇനി കാശുള്ള എടിഎം വിരല്‍ത്തുമ്പില്‍ കണ്ടെത്താം; കൂടുതല്‍ വിവരങ്ങള്‍ ഇതാ

atm

കാശുള്ള എടിഎമ്മുകള്‍ തേടിയലഞ്ഞ് നിങ്ങള്‍ മടുത്തോ? 1000, 500 നോട്ടുകള്‍ പിന്‍വലിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് രാജ്യത്തെ എടിഎമ്മുകളില്‍ കാണപ്പെടുന്ന നീണ്ട ക്യൂ ഇന്ന് സ്ഥിരം കാഴ്ചയായി മാറിയിരിക്കുകയാണ്. എന്തായാലും നിങ്ങള്‍ ഇനി ആശങ്കപ്പെടേണ്ട, കാരണം നിങ്ങളുടെ ആശങ്കകള്‍ക്കുള്ള ഉത്തരം ടെക്നോളജിയുടെ പക്കല്‍ ഉണ്ട്.

നോട്ട് പ്രതിസന്ധി തുടരുന്ന സ്ഥിതിവിശേഷത്തില്‍ പോംവഴിയ്ക്കായി ഇതിനകം ഒട്ടനവധി കമ്പനികളും വ്യക്തികളും രംഗത്തിറങ്ങിയിട്ടുണ്ട്. എന്തായാലും പണം നിര്‍മ്മിക്കാന്‍ സാധിക്കാത്തത് കൊണ്ട്, പണം എവിടെയൊക്കെയുണ്ടെന്ന വിവരം നല്‍കാന്‍ പുതിയ പോംവഴികള്‍ക്ക് സാധിക്കും. കുറച്ചുകൂടി ‘സിമ്പിളായി’ പറഞ്ഞാല്‍ പണമുള്ള എടിഎം എവിടെയൊക്കെ ഉണ്ടെന്ന് പറഞ്ഞു തരാനും, ഇനി എടിഎമ്മുകളില്‍ എത്രത്തോളം ക്യൂവെണ്ടെന്ന് അറിയിക്കാനും ടെക്‌നോളജി വന്നെത്തിയെന്ന്.

കാഷ് നോ കാഷ് (Cash No Cash)-

cash

കാഷ് നോ കാഷ് അല്ലെങ്കില്‍ Cashnocash.com എന്ന വെബ്‌സൈറ്റിലൂടെ നിങ്ങളുടെ പരിസരത്തുള്ള എടിഎമ്മുകളില്‍ പണമുണ്ടോ എന്നറിയാന്‍ സാധിക്കും. നല്‍കുന്ന പിന്‍കോഡിന്റെ പശ്ചാത്തലത്തിലുള്ള എടിഎമ്മുകളുടെ വിവരങ്ങളാണ് കാഷ് നോ കാഷ് നല്‍കുക. ക്വിക്കര്‍ (Quikr), നാസ്‌കോം (NASSCOM) എന്നിവ സംയുക്തമായാണ് കാഷ് നോ കാഷ് വെബ്‌സൈറ്റിനെ രൂപകല്‍പന ചെയ്തിരിക്കുന്നത്.

സെര്‍ച്ച് റിസള്‍ട്ടില്‍, എടിഎമ്മുകളില്‍ പച്ച നിറത്തിലുള്ള പിനാണ് കുത്തിയതെങ്കില്‍ പണം ലഭ്യമാണെന്നും, ഓറഞ്ച് നിറത്തിലാണ് പിന്‍ ഉള്ളതെങ്കില്‍ നീണ്ട ക്യൂവാണ് നില്‍നില്‍ക്കുന്നതെന്നും, ഇനി ചുവപ്പ് നിറത്തിലാണ് പിന്‍ ഉള്ളതെങ്കില്‍ പണം ഇല്ലെന്നും കാഷ് നോ കാഷ് സൂചിപ്പിക്കും.

സിഎംഎസ് എടിഎം ഫൈന്‍ഡര്‍ (CMS ATM Finder)-

cms

രാജ്യത്ത് 55000 എടിഎമ്മുകള്‍ കൈകാര്യം ചെയ്യുന്ന സിഎംഎസ് ഇന്‍ഫോ സിസ്റ്റം (CMS Info System) എന്ന കമ്പനിയാണ് സിഎംഎസ് എടിഎം ഫൈന്‍ഡറിന്റെ നിര്‍മ്മാതാക്കള്‍. സിഎംഎസ് എടിഎം ഫൈന്‍ഡറിലൂടെ, പ്രവര്‍ത്തിക്കുന്ന എടിഎമ്മുകളുടെ വിവരങ്ങള്‍ ഉപയോക്താവിന് ലഭിക്കും. സംസ്ഥാനം, നഗരം എന്നിവ തെരഞ്ഞെടുക്കുന്ന പക്ഷം, പണം ലഭിക്കുന്ന എടിഎമ്മുകളുടെ വിവരങ്ങള്‍ ഉപയോക്താവിന് ലഭിക്കും. എന്നാല്‍ നേരത്തെ, സൂചിപ്പിച്ചത് പോലെ, രാജ്യത്തെ 55000 എടിഎമ്മുകളുടെ വിവരങ്ങള്‍ മാത്രമാണ് സിഎംഎസ് എടിഎം ഫൈന്‍ഡറില്‍ നിന്നും അറിയാന്‍ സാധിക്കുക. എന്നാല്‍ ലഭിക്കുന്ന വിവരങ്ങള്‍ കമ്പനിയില്‍ നിന്നും നേരിട്ടുള്ളതായതിനാല്‍ കാര്യങ്ങള്‍ കിറുകൃത്യമായിരിക്കും.

വാള്‍നട്ട് (Walnut)-

walnut

വ്യക്തിഗത ഫിനാന്‍സ് മാനേജ്‌മെന്റ് ആപ്പായ (Finance Management App) വാള്‍നട്ടിലൂടെയും ഉപയോക്താക്കള്‍ക്ക് എടിഎമ്മുകളെ കുറിച്ച് അറിയാന്‍ സാധിക്കും. ഏകദേശം രണ്ട് മില്ല്യണ്‍ ഉപയോക്താക്കളാണ് വാള്‍നട്ട് ആപ്പ് ഉപയോഗിക്കുന്നത്. ഉപയോക്താക്കളുടെ വിവരങ്ങളുടെ പശ്ചാത്തലത്തില്‍ പണം ലഭിക്കുന്ന എടിഎമ്മുകളെ പറ്റി വാള്‍നട്ടിന് സൂചനകള്‍ ലഭിക്കും. ഈ വിവരങ്ങളാണ് വാള്‍നട്ട് ഉപയോക്താക്കളുമായി പങ്ക് വെയ്ക്കുക. അതേസമയം, വാള്‍നട്ടുമായി ഉപയോക്താക്കള്‍ക്കും അതത് എടിഎമ്മുകളിലുള്ള സ്ഥിതിഗതികള്‍ പങ്കുവെയ്ക്കാം.

അടുത്ത അപ്‌ഡേറ്റിലൂടെ എടിഎമ്മുകളില്‍ നിന്നും ലഭിച്ച് വരുന്ന നോട്ടുകളെ പറ്റിയും വിവരങ്ങള്‍ നല്‍കാന്‍ സാധിക്കുമെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.

പ്രവര്‍ത്തനരഹിതമായ എടിഎമ്മുകള്‍ ഗ്രെയ് നിറത്തിലായിരിക്കും ആപ്പില്‍ രേഖപ്പെടുത്തുക. അതേസമയം, എടിഎമ്മുകള്‍ ഓറഞ്ച് നിറത്തിലാണ് രേഖപ്പെടുത്തിയതെങ്കില്‍ പണമിടപാട് അടുത്തിടെ നടന്നതായാണ് സൂചിപ്പിക്കുന്നത്.

എടിഎം സെര്‍ച്ച് (ATM Search)-

atm

നിങ്ങളുടെ പരിസരത്തുള്ള എടിഎമ്മുകളുടെ വിവരമാണ് ATMsearch.in എന്ന വെബ്‌സൈറ്റിലൂടെ ലഭിക്കുക. നിങ്ങളുടെ പരിസര പ്രദേശങ്ങളുടെ പേര് എടിഎം സെര്‍ച്ചില്‍ നല്‍കിയാല്‍ പരിസരത്തെ എടിഎമ്മുകളെ പറ്റിയുള്ള വിവരങ്ങള്‍ ലഭിക്കും. കൂടാതെ, എടിഎമ്മുകളിലേക്ക് എത്തപ്പെടാനുള്ള ലാന്‍ഡ് മാര്‍ക്കുകളും, എടിഎമ്മില്‍ പണം ലഭിക്കുമോ എന്ന വിവരങ്ങളും എടിഎം സെര്‍ച്ചിലൂടെ ഉപയോക്താക്കള്‍ക്ക് ലഭിക്കും.

എടിഎം കണ്ടുപിടിക്കാനുള്ള മറ്റ് വഴികള്‍-

ഗൂഗിള്‍ മാപ്പ്‌സ് (Google Maps), നിയര്‍ബൈ (Nearby) ആപ്പ് മുതലായ സേവനങ്ങളും എടിഎമ്മുകളെ തപ്പിയെടുക്കാന്‍ നമ്മളെ സഹായിക്കും.

എന്തായാലും ഏറെ കഷ്ടപ്പെട്ട് എടിഎം കണ്ടെത്തി, വെയിലും മഴയും വകവയ്ക്കാതെ നീണ്ട ക്യൂവില്‍ നിന്ന്, ഒടുവില്‍ എടിഎമ്മില്‍ നിന്നും പണം എടുക്കുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതി ഇന്ന് രാജ്യത്തെ ഭുരിപക്ഷം ജനതയും അനുഭവിച്ച് വരികയാണ്.

DONT MISS
Top