രാജ്യത്തെ ജ്വല്ലറികളില്‍ കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് വകുപ്പുകളുടെ പരിശോധന

jwellery

ജ്വല്ലറികളില്‍ പരിശോധന നടത്തുന്നു

ദില്ലി: നോട്ട് അസാധുവാക്കിയതിനെ തുടര്‍ന്ന് രാജ്യത്തെ ജ്വല്ലറികളില്‍ വന്‍തോതില്‍ കച്ചവടം നടന്നെന്ന റിപ്പോര്‍ട്ടില്‍ കസ്റ്റംസ്, സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ്, ആദായനികുതി വകുപ്പുകള്‍ അന്വേഷണം ഊര്‍ജ്ജിതമാക്കി. നോട്ട് പിന്‍വലിക്കല്‍ നടപടി പ്രാബല്യത്തിലായ ദിവസത്തെ വ്യാപാരം സംബന്ധിച്ചാണ് പരിശോധന. ജ്വല്ലറികളിലെ സ്വര്‍ണത്തിന്റെ അളവും പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ട്. കള്ളപ്പണം സ്വര്‍ണത്തിലേക്ക് നിക്ഷേപിക്കുന്നു എന്ന റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലാണ് പരിശോധന.

ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ജ്വല്ലറികളിലെ വില്‍പ്പനയും കസ്റ്റംസ് പരിശോധിക്കുന്നുണ്ട്. കൊച്ചിയിലെ 15 ജ്വല്ലറികളില്‍ അനധികൃത വില്‍പ്പന നടന്നതായി കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടുണ്ടായിരുന്നു. നോട്ട് അസാധുവാക്കിയ എട്ടാം തീയതി രാത്രി വലിയ തോതില്‍ സ്വര്‍ണ വില്‍പ്പന നടന്നെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് കൂടുതല്‍ അന്വേഷണത്തിലേക്ക് കടന്നിട്ടുള്ളത്.

രാജ്യത്തെ 25 നഗരങ്ങളിലെ 600 ഓളം ജ്വല്ലറികള്‍ക്ക് നവംബര്‍ മൂന്നുമുതലുള്ള സ്വര്‍ണ്ണ ശേഖരം, വില്‍പ്പന തുടങ്ങിയ മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടിരുന്നു. കൂടാതെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സെന്‍ട്രല്‍ എക്‌സൈസ് ഇന്റലിജന്‍സ് അധികൃതര്‍ പ്രമുഖ ജ്വല്ലറി സ്റ്റോറുകളിലും നിര്‍മ്മാണ യൂണിറ്റുകളിലും പരിശോധന നടത്തുകയും ചെയ്തിരുന്നു. കസ്റ്റമേഴ്‌സിന്റെ പാന്‍ കാര്‍ഡ് വിവരങ്ങള്‍ ശേഖരിച്ച ശേഷം മാത്രമേ സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാവൂ എന്ന് കേന്ദ്രധനമന്ത്രാലയം ജ്വല്ലറികള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.

DONT MISS
Top