‘ചിട്ടി’ ഞായറാഴ്ച്ച എത്തും, അതിന് മുമ്പേ വില്ലനെത്തി; രജനികാന്ത് ചിത്രം 2.0 ന്റെ കിടിലന്‍ പോസ്റ്റര്‍

2-0

ചെന്നൈ: കാത്തിരിപ്പിനൊടുവില്‍ രജനികാന്ത് ചിത്രം 2.0 ന്റെ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടു. ബോളിവുഡ് താരം അക്ഷയ് കുമാറിന്റെ പോസ്റ്ററാണ് പുറത്ത് വിട്ടത്. ചിത്രത്തിലെ അതിക്രൂരനായ വില്ലനാണ് അക്ഷയ് കുമാര്‍. സ്റ്റൈല്‍ മന്നന്‍ ചിട്ടി റോബോര്‍ട്ടായെത്തിയ യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ഞായറാഴ്ച്ച ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കാനിരിക്കെയാണ് അക്ഷയ്കുമാറിന്റെ പോസ്റ്റര്‍ പുറത്ത് വിട്ടത്.

സയന്റിഫിക്-ഫിക്ഷനായി ഒരുങ്ങുന്ന ചിത്രത്തിന്റെ സ്വഭാവത്തോട് നീതി പുലര്‍ത്തുന്നതാണ് പോസ്റ്റര്‍. ചിത്രത്തിന്റെ ഭീമാകാരമായ ടൈറ്റിലിനടിയില്‍ ഇരുകൈകളും വിരിച്ച് നില്‍ക്കുന്ന വില്ലനായാണ് പോസ്റ്ററില്‍ അക്ഷയ്കുമാര്‍ എത്തുന്നത്. വെളുത്ത മുടിയും വലിയ കണ്‍പിരികവുമുള്ള അക്ഷയ് കുമാറിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് നേരത്തെ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ശങ്കറിന്റെ സ്വപ്‌ന ചിത്രമായ 2.0 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കുന്ന ചടങ്ങ് ഗംഭീരമാക്കാന്‍ തയ്യാറെടുക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍. മുംബൈയിലെ യഷ് രാജ് സ്റ്റുഡിയോയില്‍ നടക്കുന്ന ചടങ്ങില്‍  ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറായിരിക്കും  അവതാരകന്‍. ചിത്രത്തിലെ താരങ്ങളും സിനിമയിലേയും മറ്റു രംഗങ്ങളിലേയും പ്രമുഖരും പങ്കെടുക്കുന്ന ചടങ്ങ് യൂട്യൂബില്‍ തത്സമയം സംപ്രേഷണം ചെയ്യും.

തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളില്‍ തയ്യാറാകുന്ന ചിത്രത്തിന്റെ മുതല്‍മുടക്ക് 350 കോടിയോളം വരുമെന്നാണ് അറിയാന്‍ കഴിയുന്നത്. അക്ഷയ് കുമാറിന്റെ തമിഴ് അരങ്ങേറ്റവേദിയായിരിക്കും 2.0.

DONT MISS
Top