‘നോട്ട് നിരോധിച്ചതിനെ പ്രശംസിക്കാന്‍ എന്ത് യോഗ്യതയാണ് താങ്കള്‍ക്കുള്ളത്?’; രജനികാന്തിനെതിരെ ആഞ്ഞടിച്ച് സംവിധായകന്‍ അമീർ സുല്‍ത്താന്‍

kabali

രജനീകാന്ത്, അമീർ സുല്‍ത്താന്‍

ചെന്നൈ: നോട്ട് നിരോധിക്കല്‍ തീരുമാനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച സൂപ്പര്‍ സ്റ്റാര്‍ രജനികാന്തിനെതിരെ സംവിധായകനും നടനുമായ അമീര്‍ സുല്‍ത്താന്‍ രംഗത്ത്. നോട്ട് നിരോധിക്കലിനെ പ്രശംസിക്കാനുള്ള യോഗ്യത സ്‌റ്റൈല്‍ മന്നനുണ്ടോ എന്ന് ചോദിച്ച അമീര്‍ രജനികാന്തിന്റെ ബ്ലോക്ബസ്റ്റര്‍ ഹിറ്റായ കബാലിയുടെ യഥാര്‍ത്ഥ കളക്ഷനും താരത്തിന്റെ പ്രതിഫലവും വെളിപ്പെടുത്താന്‍ സാധിക്കുമോ എന്ന് വെല്ലുവിളിക്കുകയും ചെയ്തു. ഒരു പൊതുപരിപാടിയില്‍ സംസാരിക്കവെയായിരുന്നു രജനികാന്തിനെതിരെ അമീര്‍ ആഞ്ഞടിച്ചത്. പരുത്തിവീരന്‍, യോഗി തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അമീര്‍ സുല്‍ത്താന്‍.

നോട്ട് നിരോധിച്ച തീരുമാനത്തെ പ്രശംസിച്ചുകൊണ്ട് രജനികാന്ത് ട്വീറ്റ് ചെയ്തിരുന്നു. ‘ഹാറ്റ്‌സ് ഓഫ് നരേന്ദ്രമോദി ജീ, പുതിയ ഇന്ത്യ പിറന്നിരിക്കുകയാണ്’ എന്നായിരുന്നു സൂപ്പര്‍ സ്റ്റാറിന്റെ ട്വീറ്റ്. രാജ്യത്തെ പിടിച്ചുലച്ച പല സംഭവങ്ങളും മുന്‍പ് ഉണ്ടായിരുന്നു, അന്നൊന്നും പ്രതികരിക്കാതിരുന്ന രജനി ഇപ്പോള്‍ മാത്രം പ്രതികരിച്ചത് എന്തുകൊണ്ടാണെന്നായിരുന്നു അമീറിന്റെ ചോദ്യം. മോദിയുമായുള്ള ദീര്‍ഘകാലത്തെ സൗഹൃദമാണ് രജനിയുടെ പ്രശംസയ്ക്ക് പിന്നിലെന്ന് ആരോപിച്ച അമീര്‍, പുതിയ ഇന്ത്യ ജനിച്ച് കഴിഞ്ഞു എന്ന താരത്തിന്റെ പരാമര്‍ശത്തെയും വിമര്‍ശിച്ചു. പഴയ ഇന്ത്യയിലാണ് താങ്കളുടെ ചിത്രമായ കബാലി റിലീസ് ചെയ്തത്. ചിത്രത്തിന്റെ യഥാര്‍ത്ഥ കളക്ഷന്‍ എത്രയായിരുന്നുവെന്നും ചിത്രത്തിനായി വാങ്ങിയ പ്രതിഫലം എത്രയായിരുന്നുവെന്നും വെളിപ്പെടുത്താന്‍ സാധിക്കുമോ എന്നായിരുന്നു സംവിധായകന്റെ വെല്ലുവിളി.

നരേന്ദ്രമോദി പ്രധാനമന്ത്രിയായത് രജനികാന്തിന്റേയും തെലുങ്ക് സൂപ്പര്‍ താരം പവന്‍ കല്ല്യാണിന്റേയും പിന്തുണ മൂലമാണെന്നും  അമീര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി. രജനികാന്തിന് പുറമെ കമലഹാസന്‍,സൂര്യ,ധനൂഷ് തുടങ്ങിയ താരങ്ങളും നോട്ട് നിരോധിക്കലിനെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു. അതേസമയം പ്രമുഖ നടനായ മന്‍സൂര്‍ ഖാര്‍ മോദിയെ രൂക്ഷമായ ഭാഷയിലായിരുന്നു വിമര്‍ശിച്ചത്. പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളെ പിച്ചക്കാരാക്കി എന്നായിരുന്നു മന്‍സൂര്‍ അലി ഖാന്റെ പ്രതികരണം. കേന്ദ്രത്തിന്റെ തീരുമാനത്തെ പ്രശംസിച്ചെങ്കിലും ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടുകള്‍ മുന്‍കൂട്ടി കണ്ട് വേണ്ട നടപടികള്‍ എടുക്കണമെന്നായിരുന്നു വിജയ് പറഞ്ഞത്.

DONT MISS
Top