കശ്മീരില്‍ ഭീകരരുമായി സൈന്യം ഏറ്റുമുട്ടുന്നു; വെടിവെയ്പില്‍ പൊലീസുകാരന്‍ കൊല്ലപ്പെട്ടു

kashmir

സോപോര്‍: കശ്മീരില്‍ വീണ്ടും ഭീകരാക്രമണം. ജമ്മു-കശ്മീരിലെ സോപോര്‍ മേഖലയില്‍, സുരക്ഷാ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സ്‌പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിന്റെ ഒരു പൊലീസുകാരന്‍ കൊല്ലപ്പെട്ടു. ജമ്മു-കശ്മീരിലെ സലൂറ സോപോര്‍ മേഖലയിലുള്ള, മര്‍വാള്‍ വനാന്തരങ്ങളിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. ഭീകരര്‍ക്കെതിരെ സുരക്ഷാ സൈന്യം ശക്തമായി തിരിച്ചടിക്കുകയാണ്.

നേരത്തെ, കശ്മീരിലെ ഷോപിയാന്‍ മേഖലയില്‍ നവംബര്‍ 7 ന് ഭീകരര്‍ നടത്തിയ കനത്ത വെടിവെയ്പില്‍ സൈനിക ഉദ്യോഗസ്ഥന് പരുക്കേറ്റിരുന്നു. അതേസമയം ആക്രമണം നടത്തിയ ഭീകരരില്‍ ഒരാളെ സൈന്യം വധിച്ചിരുന്നു. നവംബര്‍ 6 ന് പൂഞ്ച് ജില്ലയിലുണ്ടായ പാക് വെടിവെയ്പിലും ഇന്ത്യന്‍ ജവാന്‍ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, അതിര്‍ത്തി ഭേദമില്ലാതെ ലോകത്തിന് മൊത്തം ഭീഷണി ഉയര്‍ത്തുന്നതാണ് ഭീകരവാദമെന്നും ഇന്ത്യയുടെ ഒരു അയല്‍രാജ്യമാണ് അവയുടെ പ്രഭവകേന്ദ്രമെന്നും പാകിസ്താനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി മോദി ഇന്നലെ പരാമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രസിഡന്റ് റുവല്‍ റിവിലുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളത്തിലാണ് ഭീകരവാദത്തിനെതിരെ മോദി നിലപാട് കടുപ്പിച്ചത്.

DONT MISS
Top