പാകിസ്താന്‍ ഭീകരതയുടെ പ്രഭവ കേന്ദ്രം; പരോക്ഷ വിമര്‍ശനവുമായി പ്രധാനമന്ത്രി

isra
ദില്ലി: അതിര്‍ത്തി ഭേദമില്ലാതെ ലോകത്തിന് മൊത്തം ഭീഷണി ഉയര്‍ത്തുന്നതാണ് ഭീകരവാദമെന്ന്   പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഒരു അയല്‍രാജ്യമാണ് അവയുടെ പ്രഭവകേന്ദ്രമെന്നും പാകിസ്താനെ പേരെടുത്ത് പറയാതെ പ്രധാനമന്ത്രി മോദി പറഞ്ഞു.  ഇന്ത്യയില്‍ സന്ദര്‍ശനത്തിനെത്തിയ  ഇസ്രായേല്‍ പ്രസിഡന്റ് റുവല്‍ റിവിലുമായി ചേര്‍ന്ന് നടത്തിയ സംയുക്ത വാര്‍ത്താ സമ്മേളത്തിലാണ് ഭീകരവാദത്തിനെതിരെ മോദി നിലപാട് കടുപ്പിച്ചത്.


ഭീകരസംഘടനകള്‍ ഇന്ത്യയും ഇസ്രായേലും ലക്ഷ്യം വെക്കുന്നത് ഈ രാജ്യങ്ങള്‍ സ്വാതന്ത്രത്തിന് വില കല്‍പിക്കുന്നതിനാലാണെന്ന് ഇസ്രായേല്‍ പ്രസിഡന്റ്  റുവല്‍ റിവല്‍ പറഞ്ഞു. ഇന്ത്യക്കും ഇസ്രായേലിനും ഇടയില്‍ സഹകരിക്കാന്‍ പറ്റുന്ന ധാരാളം മേഖലകളുണ്ടെന്നും ഇസ്രായേല്‍ പ്രസിഡന്റ്  അഭിപ്രായപ്പെട്ടു.


ധാരാളം ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ പഠനത്തിനായി ഇസ്രായേലില്‍ പോകുന്നു, അവര്‍ ഇന്ത്യാ-ഇസ്രായേല്‍ ബന്ധത്തിന്റെ പ്രധാനപ്പെട്ട കണ്ണികളാണ്. കഴിഞ്ഞ 25 വര്‍ഷമായി ഇസ്രായേലുമായി നമുക്ക് ഉള്ളത് മികച്ച നയതന്ത്ര ബന്ധമാണ്. ഇനിയും അത് കൂടുതല്‍ മെച്ചപ്പെട്ടതാക്കാന്‍ കഴിയുമെന്നും മോദി പറഞ്ഞു. ഈ മികച്ച ബന്ധം ഇരുരാജ്യങ്ങളിലേയും സ്വകാര്യമേഖലയിലെ ബിസിനസുകാര്‍ക്ക് മികച്ച അവസരങ്ങള്‍ നല്‍കുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.


നേരത്തെ രാജ്ഘട്ടില്‍ ഗാന്ധിസമൃതിയില്‍ പുഷ്പാര്‍ച്ചന നടത്തിയതിന് ശേഷമാണ് റാവ്‌ലിന്‍ മാധ്യമങ്ങളെ കാണാന്‍ എത്തിയത്. 1997 ല്‍ ഇന്ത്യയിലെത്തിയ എസര്‍ വെയ്‌സ്മാന് ശേഷം 20 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു ഇസ്രായേല്‍ പ്രസിഡന്റ് ഇന്ത്യയില്‍ എത്തുന്നത്. ആഗ്ര, ചണ്ഡീഗഡ്, മുബൈ എന്നിവിടങ്ങള്‍   ഇസ്രായേല്‍ പ്രസിഡന്റ്  സന്ദര്‍ശിക്കും.  വാണിജ്യ വ്യവസായ സംഘവും ഇസ്രായേല്‍ പ്രസിഡന്റിനെ അനുഗമിക്കുന്നുണ്ട്. 2003 ല്‍ പ്രധാനമന്ത്രിയായിരുന്ന ഏരിയല്‍ ഷാരോണ്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു.

DONT MISS
Top