നോട്ടുമാറലില്‍ പ്രതിസന്ധി രൂക്ഷമാക്കി കേന്ദ്രം; നോട്ടുകള്‍ മാറ്റുന്നതിന് കടുത്ത നിയന്ത്രണം; നോട്ടുമാറാന്‍ എത്തുന്നവരുടെ വിരലില്‍ മഷി പുരട്ടും

ink

പ്രതീകാത്മക ചിത്രം

ദില്ലി : നോട്ടുമാറുന്നതിനുള്ള ജനങ്ങളുടെ ദുരിതം തുടരുന്നതിനിടെ പ്രതിസന്ധി രൂക്ഷമാക്കുന്ന തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍. അസാധുവാക്കിയ നോട്ടുകള്‍ മാറുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി. നോട്ട് മാറ്റുന്നവരുടെ വിരലില്‍ മഷി പുരട്ടാന്‍ ബാങ്ക് അധികൃതര്‍ക്ക് നിര്‍ദേശം നല്‍കി. ഒരേ ആളുകള്‍ പിന്നെയും പണം മാറ്റി വാങ്ങാന്‍ വരുന്നത് തടയാനാണ് ഈ നീക്കം. കേന്ദ്ര സാമ്പത്തികകാര്യ സെക്രട്ടറി ശക്തികാന്ത ദാസ് അറിയിച്ചതാണ് ഇക്കാര്യം.

നോട്ട് പിന്‍വലിക്കലിന് ശേഷം കള്ളപ്പണം കൈയില്‍ സൂക്ഷിക്കുന്നവര്‍ ബിനാമികള്‍ വഴിയും പല ബാങ്കുകളിലൂടെയും പണം മാറ്റിവാങ്ങുന്ന കാര്യം ശ്രദ്ധയില്‍പെട്ടതോടെയാണ് കര്‍ശന നടപടിയെടുക്കാന്‍ തീരുമാനിച്ചതെന്ന് ശക്തികാന്ത ദാസ് അറിയിച്ചു. ഇക്കാര്യം രഹസ്യാന്വേഷണ ഏജന്‍സികള്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയതായാണ് റിപ്പോര്‍ട്ട്. അടിയന്തരമായി തന്നെ മഷിടയാളം രേഖപ്പെടുത്തുന്നത് തുടങ്ങുമെന്ന് ധനകാര്യ സെക്രട്ടറി അറിയിച്ചു.


ആരാധനാലയങ്ങള്‍ നേര്‍ച്ചപണം ബാങ്കില്‍ നിക്ഷേപിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ജന്‍ധന്‍ നിക്ഷേപങ്ങള്‍ കര്‍ശനമായി നിരീക്ഷിക്കാനും കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജന്‍ ധന്‍ അക്കൗണ്ടില്‍ 50,000 രൂപയില്‍ അധികം നിക്ഷേപിച്ചാല്‍ പരിശോധിക്കാനാണ് തീരുമാനം. സ്വന്തം അക്കൗണ്ടുകളില്‍ പണം നിക്ഷേപിക്കാന്‍ മറ്റുള്ളവരെ അനുവദിക്കരുതെന്നും കേന്ദ്ര സര്‍ക്കാര്‍ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാജ്യത്ത് പണത്തിനും, അവശ്യ സാധനങ്ങള്‍ക്കും ദൗര്‍ലഭ്യം ഇല്ലെന്നും സാമ്പത്തിക കാര്യ സെക്കട്ടറി ശക്തികാന്ത ദാസ് അറിയിച്ചു. ഇതിനിടയില്‍ എ ടി എമ്മുകളില്‍ നിന്ന് 50, 20 രൂപകള്‍ വിതരണം ചെയ്യും എന്ന് സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു.

DONT MISS
Top