നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രം; ഏഴാം ദിനവും വലഞ്ഞ് ജനം

bank

പഴയ നോട്ടുകള്‍ മാറാനുള്ള ക്യൂ

ദില്ലി : 500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കിയ നടപടി പിന്‍വലിക്കില്ലെന്ന് കേന്ദ്രം. കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരെയുള്ള നടപടിയുടെ ഭാഗമായി നോട്ടുകള്‍ പിന്‍വലിച്ചത് യുക്തിപൂര്‍വമായ തീരുമാനമാണെന്നും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി എം വെങ്കയ്യ നായിഡു വ്യക്തമാക്കി.

നോട്ടുകള്‍ പിന്‍വലിച്ച നടപടിയില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് കേന്ദ്രധനകാര്യ സഹമന്ത്രി അര്‍ജുന്‍ രാം മേഘ്‌വാളും അറിയിച്ചു. നോട്ട് പിന്‍വലിച്ചതിനെക്കുറിച്ച് പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം പുതിയ നോട്ടുകള്‍ ലഭ്യമാകുന്നതിനുള്ള കാലതാമസവും ജനങ്ങളുടെ ദുരിതവും പരിഗണിച്ച്, പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള സമയം ഡിസംബര്‍ 30 വരെ നീട്ടണമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേന്ദ്രധനമന്ത്രിയ്ക്ക് കത്തയച്ചു.

നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷമുള്ള ഏഴാം ദിവസവും നോട്ട് മാറുന്നതിനായി രാജ്യത്ത് വിവിധ ബാങ്കുകളിലും എടിഎമ്മുകളിലും വന്‍ തിരക്ക് തുടരുകയാണ്. സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും പ്രത്യേകം ക്യൂ ഏര്‍പ്പെടുത്തണമെന്ന് ആവശ്യമുയര്‍ന്നു.

അതേസമയം നോട്ട് പിന്‍വലിച്ചതിന് ശേഷമുള്ള സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ഇന്ന് ചേരും. മുതിര്‍ന്ന കേന്ദ്രമന്ത്രിമാരും റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥരും യോഗത്തില്‍ സംബന്ധിക്കുമെന്നാണ് റിപ്പോര്‍ട്ട്.

DONT MISS
Top