നോട്ട് പരിഷ്‌കരണത്തില്‍ അഞ്ചാം ദിനവും ജനം വലഞ്ഞു; ചൊവ്വാഴ്ച മുതല്‍ മല്‍സ്യബന്ധനത്തിന് പോകില്ലെന്ന് ബോട്ട് ഓണേഴ്‌സ് അസോസിയേഷന്‍

note-demo

നോട്ട് മാറാന്‍ ജനങ്ങളുടെ ക്യൂ

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ നോട്ട് പരിഷ്‌ക്കരണത്തില്‍ അഞ്ചാം ദിനവും ജനം വലഞ്ഞു. മിക്ക ബാങ്കുകളിലും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. പണ ദൌര്‍ലഭ്യത്തെ തുടര്‍ന്ന് വ്യാപാരമേഖലയിലും മല്‍സ്യബന്ധന മേഖലയിലുമെല്ലാം പ്രതിസന്ധി രൂക്ഷമായതായാണ് റിപ്പോര്‍ട്ട്. അതേസമയം ജനം ആശങ്കപ്പെടേണ്ടെന്നും, ചെറിയ മൂല്യത്തിലുള്ള പണം ആവശ്യത്തിന് ലഭ്യമാണെന്നും റിസര്‍വ് ബാങ്ക് തിരുവനന്തപുരം റീജിയണല്‍ മാനേജര്‍ പറഞ്ഞു. ജനങ്ങള്‍ പണം ശേഖരിച്ച് വെക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

അതിനിടെ പുതിയ 500 രൂപയുടെ 50 ലക്ഷം നോട്ടുകള്‍ റിസര്‍വ് ബാങ്കിലെത്തി. നാസിക്കിലെ കറന്‍സി നോട്ട് പ്രസ്സില്‍ അച്ചടിച്ച 50 ലക്ഷം നോട്ടുകളാണ് റിസര്‍വ് ബാങ്കിലെത്തിച്ചത്. നാസിക്കിനെ കൂടാതെ, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലെ പ്രസുകളിലും നോട്ടുകള്‍ അച്ചടിക്കുന്നുണ്ട്. ഇവ കൂടിയെത്തുന്നതോടെ പണദൗര്‍ലഭ്യം മാറുമെന്നാണ് ആര്‍ബിഐയുടെ വിലയിരുത്തല്‍.

നോട്ട് നിരോധനത്തിലെ അപാകതകള്‍ പരിഹരിക്കും വരെ സംസ്ഥാനത്ത് കടകള്‍ അടച്ചിടാന്‍ വ്യാപാരി വ്യവസായി ഏകോപന സമിതി തീരുമാനിച്ചിട്ടുണ്ട്. ചൊവ്വാഴ്ച്ച മുതല്‍ അനിശ്ചിത കാലത്തേക്ക് കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കാനാണ് തീരുമാനം. നോട്ട് നിരോധനം കച്ചവട മേഖലയെ വ്യാപകമായി ബാധിച്ചിരിക്കുന്നു, നോട്ട് നിരോധനത്തിന്റെ പേരില്‍ ഇന്‍കം ടാക്സ് ഓഫീസര്‍മാര്‍ അനാവശ്യമായി റെയ്ഡ് നടത്തുന്നതായുമാണ് വ്യാപാരി വ്യാവസായി ഏകോപന സമിതിയുടെ ആരോപണം.

നോട്ട് പരിഷ്‌കരണത്തെ തുടര്‍ന്നുണ്ടായ സ്ഥിതിഗതികള്‍ വിലയിരുത്താനായി നാളെ യുഡിഎഫ് യോഗം ചേരും.

DONT MISS
Top