നോട്ടുപരിഷ്‌കരണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി; അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുക ലക്ഷ്യം, ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടെന്നും മോദി

modi

പ്രധാനമന്ത്രി നരേന്ദ്രമോദി

പനാജി : നോട്ടുപരിഷ്‌കരണത്തെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരും. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെയ്ക്കാനില്ല. പ്രശ്‌നപരിഹാരത്തിന് 50 ദിവസം തരണം. ഡിസംബര്‍ 30 ന് അകം പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ ജനങ്ങള്‍ പറയുന്ന ശിക്ഷ ഏറ്റുവാങ്ങാന്‍ തയ്യാറാണ്. ആവശ്യത്തിനുള്ള ചെറിയ തുകയുടെ നോട്ടുകള്‍ ബാങ്കുകളില്‍ ലഭ്യമാണ്. ജനങ്ങള്‍ പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.


അഴിമതിക്കെതിരായ പോരാട്ടത്തിനായാണ് ജനങ്ങള്‍ ഈ സര്‍ക്കാരിനെ തെരഞ്ഞെടുത്തത്. അതുകൊണ്ട് തന്നെ അഴിമതിയും കള്ളപ്പണവും ഇല്ലാതാക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. എല്ലാ ബിനാമി ഇടപാടുകളും പരിശോധിക്കും. നവംബര്‍ എട്ടിന് നോട്ട് അസാധുവാക്കിയ പ്രഖ്യാപനത്തിന് ശേഷം രാജ്യത്ത് ചിലര്‍ക്ക് ഉറക്കം നഷ്ടപ്പെട്ടിരിക്കുകയാണ്. എന്നാല്‍ ചൊവ്വാഴ്ച രാത്രി സുഖമായി ഉറങ്ങിയെന്നാണ് ജനങ്ങള്‍ തന്നോട് പറഞ്ഞത്.


നോട്ട് മാറലുമായി ബന്ധപ്പെട്ട ജോലികളില്‍ ഏര്‍പ്പെടുന്ന ബാങ്ക് ജീവനക്കാരുടെ സേവനത്തെ താന്‍ അഭിവാദ്യം ചെയ്യുന്നു. കസേരയ്ക്ക് വേണ്ടി താന്‍ വിട്ടുവീഴ്ചയ്ക്കില്ല. മറ്റുള്ളവരെ പോലെ വന്നുപോകില്ല. കുടുബം,വീട് എല്ലാം രാജ്യത്തിനു വേണ്ടി ഉപേക്ഷിച്ചവനാണ് താനെന്നും വികാരധീനനായി മോദി പറഞ്ഞു.

ഗോവയില്‍ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളത്തിന് തറക്കല്ലിട്ട് സംസാരിക്കുമ്പോഴാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നോട്ട് പരിഷ്‌കരണത്തെ ശക്തിയുക്തം ന്യായീകരിച്ചത്. അതേസമയം നോട്ട് പരിഷ്‌കരണത്തില്‍ രാജ്യവ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി ഉന്നതതലയോഗം വിളിച്ചിട്ടുണ്ട്.

DONT MISS
Top