നോട്ടുകളുടെ നിരോധനത്തില്‍ ജനങ്ങള്‍ ഏറെ ദുരിതത്തിലെന്ന് മുഖ്യമന്ത്രി; കള്ളപ്പണ ലോബിയ്ക്ക് പണം മാറ്റാന്‍ അവസരം ഉണ്ടാക്കിയെന്നും പിണറായി

pinarayi-vijayan

പിണറായി വിജയന്‍ ( ഫയല്‍ ചിത്രം)

തിരുവനന്തപുരം : നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെത്തുടര്‍ന്ന് ജനങ്ങള്‍ ദുരിതത്തിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സാധാരണക്കാരാണ് ഏറെ ബുദ്ധിമുട്ടിലായത്. ചികില്‍സ ലഭിക്കാതെയും മരുന്ന് വാങ്ങാന്‍ കഴിയാതെയും ജനങ്ങള്‍ വലയുകയാണ്. ഇത്രദിവസമായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാത്തത് ഗുരുതരമായ വീഴ്ചയാണ്. മറ്റേതൊരു സര്‍ക്കാരായിരുന്നുവെങ്കിലും ഇത്തരത്തില്‍ നിസംഗത പാലിക്കുമായിരുന്നില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.

പുതിയ നോട്ടുകള്‍ എപ്പോള്‍ എത്തുമെന്ന കാര്യത്തില്‍ കൃത്യമായ ഉത്തരം നല്‍കാന്‍ സര്‍ക്കാരിന് കഴിയുന്നില്ല. ഈ സാഹചര്യത്തില്‍ പഴയ നോട്ടുകള്‍ ഡിസംബര്‍ 30 വരെ ഉപയോഗിക്കാന്‍ അനുവദിക്കണമെന്നും പിണറായി വിജയന്‍ ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് നേരത്തെ തന്നെ കേന്ദ്രത്തെ അറിയിച്ചിരുന്നു. ഇന്ന് ദില്ലിയിലെത്തുമ്പോള്‍ കേന്ദ്രധനമന്ത്രിയെ കണ്ട് ഇക്കാര്യം നേരിട്ട് അറിയിക്കും.

ഇപ്പോഴത്തെ നടപടി കള്ളപ്പണം തടയാന്‍ ഉദ്ദേശിച്ച് സ്വീകരിച്ചതല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിനകത്തെ കള്ളപ്പണ ലോബിക്ക് കള്ളപ്പണം സുരക്ഷിതമായി മാറ്റുന്നതിനുള്ള എല്ലാ സൗകര്യങ്ങളും നേരത്തെ തന്നെ ലഭ്യമായിട്ടുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്ന കാര്യം നേരത്തെതന്നെ പലര്‍ക്കും അറിയാമായിരുന്നുവെന്നും പിണറായി ആരോപിച്ചു.

കള്ളപ്പണം തടയുന്നതിന് ആരും എതിരല്ല. അത്തരം നടപടികള്‍ക്ക് എല്ലാവരും കൂടെ നില്‍ക്കും. ഇവിടെ, നാടകീയം എന്ന് തോന്നിച്ചു നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്ന വിവരം നേരത്തെ ചില കേന്ദ്രങ്ങള്‍ അറിഞ്ഞിരുന്നു. തീരുമാനം നടപ്പാക്കുന്നതിന് തൊട്ടു മുന്‍പ് ബിജെപി നിക്ഷേപിച്ച തുകയുടെ കണക്ക് പുറത്തുവന്നിട്ടുണ്ട്. ഇക്കാര്യം നേരത്തെ ചില മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു. കള്ളപ്പണക്കാര്‍ക്ക് ഈ നടപടി കൊണ്ട് ഒരു കുഴപ്പവും പറ്റിയിട്ടില്ല.

ഇത്രയും ദിവസമായി ജനങ്ങളുടെ പ്രയാസം ഒഴിവാക്കാന്‍ ഫലപ്രദമായി ഒരു നടപടിയും എടുക്കാന്‍ കേന്ദ്ര ഭരണാധികാരികള്‍ക്ക് പറ്റിയിട്ടില്ല. സാധാരണ ജീവിതത്തില്‍ 1000-500 രൂപ നോട്ടുകളുടെ പ്രാധാന്യം എന്താണെന്നു എല്ലാവര്‍ക്കും അറിയാം. അതു പിന്‍വലിക്കുമ്പോള്‍ ഒരുക്കേണ്ട സംവിധാനങ്ങള്‍ ഒന്നും ഒരുക്കിയില്ല.
ആര്‍ബിഐക്ക് പറ്റിയ കൈപ്പിഴ പരിഹരിക്കാന്‍ വേണ്ടിയാണ് ഇതെന്നു പ്രചരിക്കുന്നു. ഇത്തരം ഘട്ടം വന്നാല്‍ തീരുമാനം എടുക്കേണ്ടത് പ്രധാനമന്ത്രിയാണ്. അതിനു പ്രധാനമന്ത്രി നാട്ടില്‍ ഇല്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.

DONT MISS
Top