നോട്ട് അസാധുവാക്കിയതിനെ പിന്തുണച്ച് ഐശ്വര്യറായ്; രാജ്യത്തിന്റെ ഭാവിയെ മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണയ്ക്കണമെന്നും ഐശ്വര്യ

aiswarya-rai

ഐശ്വര്യ റായ് ( ഫയല്‍ ചിത്രം)

ദില്ലി : നോട്ട് അസാധുവാക്കിയ നടപടിയെ പിന്തുണച്ച് സിനിമാതാരം ഐശ്വര്യറായ്. കള്ളപ്പണത്തിനും അഴിമതിയ്ക്കുമെതിരായ നടപടിയില്‍ പൗരനെന്ന നിലയില്‍ താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ അഭിനന്ദിക്കുന്നതായി താരം പറഞ്ഞു. രാജ്യത്തെ അഴിമതി തുടച്ചുനീക്കുക എന്ന വലിയ ലക്ഷ്യത്തിനായി ശക്തമായ നടപടികളുമായി പ്രധാനമന്ത്രി മുന്നോട്ടുപോകുകയാണ്. പൊതുവായ കാഴ്ചപ്പാടില്‍ രാജ്യം ഇക്കാര്യം തിരിച്ചറിയേണ്ടതുണ്ട്. ഏതൊരു മാറ്റവും എല്ലായിപ്പോഴും സുഗമവും സുഖകരവുമായിരിക്കില്ല. രാജ്യത്തിന്റെ പൊതുതാല്‍പ്പര്യവും ഭാവിയും മുന്‍നിര്‍ത്തി കേന്ദ്രസര്‍ക്കാരിന്റെ നടപടിയെ പിന്തുണയ്ക്കണമെന്ന് ഐശ്വര്യ റായ് ആവശ്യപ്പെട്ടു.

എന്‍ഡി ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഐശ്വര്യ റായ്, കേന്ദ്രസര്‍ക്കാറിന്റെ 500, 1000 നോട്ടുകള്‍ അസാധുവാക്കിയ നടപടിയെ പ്രകീര്‍ത്തിച്ചത്. നേരത്തെ നോട്ടുകള്‍ നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍ രംഗത്തെത്തിയിരുന്നു. നോട്ടു നിരോധനത്തെ തുടര്‍ന്ന് ഉണ്ടായ കുറച്ച് കാലത്തെ ബുദ്ധിമുട്ട് ജനം സഹിക്കണമെന്നും പുതിയ തീരുമാനത്തില്‍ കേന്ദ്രത്തിനൊപ്പം നില്‍ക്കണമെന്നും ആമിര്‍ പറഞ്ഞു. കള്ളപ്പണം തന്റെ കയ്യില്‍ ഇല്ലെന്നും അതിനാല്‍ ഈ തീരുമാനം തന്നെ ബാധിക്കില്ലെന്നുമാണ് അമീര്‍ അഭിപ്രായപ്പെട്ടത്.

ഭാഗ്യവശാല്‍ ഇതുവരെ എല്ലാ നികുതിയും താന്‍ കൃത്യ സമയത്ത് അടച്ചിട്ടുണ്ടെന്നും അതിനാല്‍ നോട്ടു നിരോധനം തന്നെ ബാധിച്ചിട്ടില്ലെന്നും അമീര്‍ ഖാന്‍ കൂട്ടിച്ചേര്‍ത്തു. നോട്ടു നിരോധനം കാരണം തന്റെ പുതിയ ചിത്രത്തിനും നഷ്ടം സംഭവിച്ചേക്കാം. എന്നാല്‍ ഇത്ര വലിയൊരു ദൗത്യത്തിന് മുന്നില്‍ അത് ചെറിയ കാര്യമായി കാണണമെന്നും അദ്ദേഹം പറഞ്ഞു. കള്ളപ്പണം ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ 1000,500 നോട്ടുകള്‍ നിരോധിച്ച് കൊണ്ട് പ്രധാനമന്ത്രിയാണ് പ്രഖ്യാപനം നടത്തിയത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. അസഹിഷ്ണുതാ വിവാദത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വേട്ടയാടിയ ആമിര്‍ കേന്ദ്രത്തിന് പിന്തുണയുമായി എത്തിയത് ശ്രദ്ധേയമാണ്.

എന്‍ഡി ടിവിയിലെ ഐശ്വര്യ റായിയുടെ അഭിമുഖം കാണാം

DONT MISS
Top