ബാങ്കുകളില്‍ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്ക് തുടരുന്നു; ബാങ്കുകളില്‍ അടിയന്തരമായി പണമെത്തിക്കാന്‍ റിസര്‍വ് ബാങ്കിന് ധനമന്ത്രാലയത്തിന്റെ നിര്‍ദേശം

ബാങ്കില്‍ നിന്നുള്ള ദൃശ്യം

ബാങ്കില്‍ നിന്നുള്ള ദൃശ്യം

ദില്ലി : അസാധുവാക്കിയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള തിരക്ക് രാജ്യത്തെ ബാങ്കുകളില്‍ തുടരുന്നു. പോസ്റ്റ് ഓഫീസുകളിലും ബാങ്കുകളിലുമെല്ലാം പുലര്‍ച്ചെ മുതല്‍ ക്യൂവാണ്. ഇതിനിടെ ബാങ്കുകളില്‍ അടിയന്തരമായി പണമെത്തിക്കാന്‍ റിസര്‍വ് ബാങ്കിന് ധനമന്ത്രാലയം നിര്‍ദേശം നല്‍കി. നോട്ട് മാറല്‍ സുഗമമാക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ റിസര്‍വ് ബാങ്ക് ഉദ്യോഗസ്ഥര്‍ ഇന്ന് യോഗം ചേരും. കേന്ദ്രധനമന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് യോഗം ചേരുന്നത്.

അതേസമയം അവശ്യസേവനങ്ങള്‍ക്ക് പഴയ നോട്ടുകള്‍ ഉപയോഗിക്കാനുള്ള ഇളവ് സര്‍ക്കാര്‍ മൂന്നുദിവസത്തേക്ക് കൂടി നീട്ടി. റെയില്‍വേ, കെ.എസ്.ആര്‍.ടി.സി, പെട്രോള്‍ പമ്പുകള്‍, പാല്‍ ബൂത്തുകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, സര്‍ക്കാര്‍ ഫാര്‍മസികള്‍, വിമാനത്താവളങ്ങള്‍, ശ്മശാനങ്ങള്‍ എന്നിവിടങ്ങളിലാണ് അസാധുവാക്കിയ നോട്ടുകള്‍ സ്വീകരിക്കുക. രാജ്യത്തുടനീളം ദേശീയപാതകളില്‍ ടോള്‍ പിരിവ് നിര്‍ത്തലാക്കി കൊണ്ടുള്ള തീരുമാനം നവംബര്‍ 14 വരെ നീട്ടിയിട്ടുണ്ട്. കേന്ദ്ര ഗതാഗതഷിപ്പിംഗ് മന്ത്രി നിതിന്‍ ഗഡ്കരിയാണ് ഇക്കാര്യം അറിയിച്ചത്.

അതേസമയം 500, 1000 രൂപയുടെ കറന്‍സികള്‍ സര്‍ക്കാര്‍ അസാധുവാക്കിയശേഷം ഒന്നരദിവസത്തിനിടെ 53,000 കോടി രൂപയുടെ നിക്ഷേപം നടന്നതായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അറിയിച്ചു. വ്യാഴാഴ്ച മാത്രം 31,000 കോടി രൂപ നിക്ഷേപിക്കപ്പെട്ടു. വെള്ളിയാഴ്ച ഉച്ചവരെ 22,000 കോടി രൂപ നിക്ഷേപിച്ചതായും എസ്ബിഐ വ്യക്തമാക്കി.

പിന്‍വലിച്ച 1000, 500 രൂപ നോട്ടുകള്‍ മാറ്റി നല്‍കുന്നതിനും പോസ്റ്റ് ഓഫിസ് സേവിങ്‌സ് ഇടപാടുകള്‍ക്കും ഞായറാഴ്ച കേരള തപാല്‍ സര്‍ക്കിളിന് കീഴിലെ എല്ലാ ഹെഡ് പോസ്റ്റ് ഓഫിസുകളും സബ് പോസ്റ്റ് ഓഫിസുകളും പ്രവര്‍ത്തിക്കുമെന്ന് ചീഫ് പോസ്റ്റ് മാസ്റ്റര്‍ ജനറല്‍ അറിയിച്ചു.

DONT MISS
Top