നോട്ടുകള്‍ അസാധുവാക്കുന്നു എന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് തൊട്ടുമുമ്പ് ബിജെപി അക്കൗണ്ടില്‍ 1 കോടി രൂപ നിക്ഷേപിച്ചു: സിപിഐഎം

money

കൊല്‍ക്കത്ത: നോട്ട് അസാധുവാക്കല്‍ നടപടികള്‍ക്ക് തൊട്ട് മുമ്പ് ബിജെപി സംസ്ഥാന യൂണിറ്റിന്റെ ബാങ്ക് അക്കൗണ്ടില്‍ വന്‍ തുക നിക്ഷേപിച്ചതായി സിപിഐഎം പശ്ചിമ ബംഗാള്‍ ഘടകത്തിന്‍റെ ആരോപണം. 500, 1000 നോട്ടുകള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിക്കുന്നതിന് തൊട്ട് മുമ്പ്, ബിജെപി അക്കൗണ്ടില്‍ അടിയന്തരമായി പണം നിക്ഷേപിക്കുകയായിരുന്നുവെന്നാണ് ആരോപണം.

സിപിഐഎം ബംഗാള്‍ ഘടകത്തിന്റെ മുഖപത്രമായ ഗണാശക്തിയില്‍ വന്ന ലേഖനത്തിലാണ്, ഇന്ത്യന്‍ ബാങ്കിന്റെ ചിത്തരജ്ഞന്‍ അവന്യൂ ബ്രാഞ്ചില്‍ ഒരു കോടി രൂപ നിക്ഷേപിച്ചതായി പരാമര്‍ശിക്കുന്നത്. ഭാരതീയ ജനതാ പാര്‍ട്ടി ബംഗാള്‍ യൂണിറ്റിന്റെ 554510034 എന്ന അക്കൗണ്ട് നമ്പറിലാണ് പണം നിക്ഷേപിച്ചതെന്ന് ലേഖനം അറിയിക്കുന്നു. 60 ലക്ഷം രൂപയുടെ 1000 രൂപാ നോട്ടുകളും, 40 ലക്ഷം രൂപയുടെ 500 രൂപാ നോട്ടുകളുമാണ് ബിജെപിയുടെ അക്കൗണ്ടില്‍ വന്നിട്ടുള്ളതെന്ന് ഗണാശക്തിയില്‍ പറയുന്നു.

അതേസമയം, സിപിഐഎമ്മിന്റെ ആരോപണങ്ങളെ തള്ളി ബിജെപിയുടെ പശ്ചിമബംഗാള്‍ യൂണിറ്റ് പ്രസിഡന്റ് ദിലീപ് ഘോഷ് രംഗത്തെത്തി. പണമിടപാടുകളില്‍ കൃത്രിമത്വം നടന്നിട്ടില്ലെന്ന് ദിലീപ് ഘോഷ് വ്യക്തമാക്കി. ബംഗാളില്‍ നടക്കാനിരിക്കുന്ന ഉപ തെരഞ്ഞെടുപ്പുകള്‍ക്ക് വേണ്ടി പണം വ്യക്തമായ രേഖകളോടെ വകയിരുത്തപ്പെട്ടതാണെന്നും ആവശ്യമെങ്കില്‍ ഇടപാടുകളുടെ രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കാന്‍ തങ്ങള്‍ തയ്യാറാണെന്നും ദിലീപ് ഘോഷ് മാധ്യമങ്ങളോട് വ്യക്തമാക്കി.

വന്‍ തുകയുടെ ഇടപാടുമായി ബന്ധപ്പെട്ട മാധ്യമങ്ങളുടെ ചോദ്യത്തിന്, നിക്ഷേപിക്കപ്പട്ടെ പണത്തില്‍ ഭൂരിഭാഗവും വിവിധ ഘട്ടങ്ങളിലായി പാര്‍ട്ടിയ്ക്ക് ലഭിച്ച സംഭാവനയാണെന്ന് ദിലീപ് ഘോഷ് സൂചിപ്പിച്ചു.

DONT MISS
Top